അന്ധവിശ്വാസങ്ങള്‍ വിട്ടുപോകില്ല


60 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോമിനോയിഡുകള്‍ രൂപംകൊള്ളുന്നത്. മനുഷ്യന്റെയും കുരങ്ങിന്റെയും പ്രത്യേകതകള്‍ ചേര്‍ന്ന ജീവിവര്‍ഗ്ഗമായിരുന്നു ഹോമിനോയിഡുകള്‍. അത് കാലഘട്ടങ്ങളിലൂടെ സഞ്ചരിച്ചാണ് ആധുനിക മനുഷ്യനായത്. ഏതാണ്ട് ആറായിരത്തോളം വര്‍ഷങ്ങളുടെ പഴക്കം മാത്രമേ ആധുനിക മനുഷ്യനുള്ളു. അതിനുമുമ്പ് ഭക്ഷ്യശൃംഖലയിലെ ഒരു സാധാരണ കണ്ണി മാത്രമായിരുന്നു മനുഷ്യന്‍. പരിണാമത്തിന്റെ ദശകളിലെന്നോ അന്ധവിശ്വാസങ്ങളെ മനുഷ്യര്‍ ഒപ്പം കൂട്ടി.

മറ്റു ജീവിവര്‍ഗ്ഗങ്ങളില്‍ നിന്ന് മനുഷ്യനെ വേര്‍തിരിക്കുന്നത് തലച്ചോറിന്റെ ന്യൂറോപ്ലാസ്റ്റിസിറ്റി എന്ന കഴിവാണ്. പ്രതിസന്ധികളെയും വെല്ലുവിളികളെയും തരണം ചെയ്യാനും അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള തലച്ചോറിന്റെ കഴിവിനെയാണ് ന്യൂറോ പ്ലാസ്റ്റിസിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ കഴിവ് മറ്റു ജീവിവര്‍ഗ്ഗങ്ങള്‍ക്ക് ഉണ്ടെങ്കിലും അതിന്റെ പൂര്‍ണ്ണത ലഭിച്ചിരിക്കുന്നത് മനുഷ്യനാണെന്നുമാത്രം. ഭക്ഷ്യശൃംഖലയിലെ ഇരയാകാതെ രക്ഷപ്പെടുകയെന്നതായിരുന്നു മനുഷ്യന്റെ ആദ്യ വെല്ലുവിളി. തങ്ങളെ ഭക്ഷിക്കുന്ന മൃഗങ്ങളെക്കാള്‍ ശക്തി ആര്‍ജിക്കാന്‍ മനുഷ്യര്‍ ശ്രമം തുടങ്ങി. കായികമായി അതിന് കഴിയാതെ വന്നതോടെ അന്ധവിശ്വാസങ്ങള്‍ രൂപംകൊണ്ടു. പ്രകൃതിയേയും ശക്തരായ മൃഗങ്ങളെയും പ്രതിഭാസങ്ങളെയും ആരാധിച്ച് അതില്‍ നിന്ന് ശക്തിയാര്‍ജിക്കാമെന്ന ചിന്തയുടെ പരിണാമങ്ങളാണ് അന്ധവിശ്വാസങ്ങളായി ആധുനിക മനുഷ്യനിലും എത്തി നില്‍ക്കുന്നത്.

യഥാര്‍ത്ഥത്തില്‍ മനുഷ്യപരിണാമ ചരിത്രത്തിലെ ഒരേടാണ് അന്ധവിശ്വാസങ്ങള്‍. അത്തരം വിശ്വാസങ്ങള്‍ നല്‍കിയ ഊര്‍ജമാണ് കാലഘട്ടങ്ങളിലൂടെ കടന്ന് വേട്ടയാടാനും കൃഷിയിറക്കാനും സമൂഹ ജീവിതം നയിക്കാനും മനുഷ്യനെ പ്രാപ്തനാക്കിയ ഘടകങ്ങളിലൊന്ന്. അന്ധവിശ്വാസങ്ങളുടെ കൈമാറ്റംകൊണ്ട് മറ്റൊന്നുകൂടി സംഭവിച്ചു. പ്രകൃതിയേയും ആരാധിക്കപ്പെടുന്ന ജീവി വര്‍ഗ്ഗത്തെയും ബഹുമാനിക്കാനും അവയുടെ സംരക്ഷണം ഉറപ്പാക്കാനും മനുഷ്യര്‍ പരിശ്രമിച്ചു. പുരാതന മനുഷ്യരില്‍ ഒരേ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ ഐക്യപ്പെടുകയും അവര്‍ ഒരു സമൂഹമാകുകയും ഒന്നിച്ചു നിന്നുകൊണ്ട് അവര്‍ നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യുകയും ചെയ്തു.

അത്യന്താധുനിക മനുഷ്യര്‍ എന്ന് നാം വിശേഷിപ്പിക്കാറുള്ള പാശ്ചാത്യരില്‍ പോലും പലവിധത്തിലുള്ള അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യൂറോപ്പിലും റഷ്യയിലും അമേരിക്കയിലുമൊക്കെ വെള്ളിമൂങ്ങകള്‍ക്ക് വലിയ ഡിമാന്റാണ്. മന്ത്രവാദം ചെയ്യുമ്പോള്‍ വെള്ളിമൂങ്ങയുടെ സാന്നിധ്യമുണ്ടെങ്കില്‍ അത് കൂടുതല്‍ ഫലപ്രദമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇംഗ്ലണ്ടിലും അയര്‍ലണ്ടിലുമുള്ള ഗ്രാമവാസികളില്‍ പലരും ഉറങ്ങുന്നതിന് മുമ്പ് മരംകൊണ്ട് നിര്‍മ്മിച്ച വസ്തുക്കളിലോ മരത്തിലോ അഞ്ചാറ് തവണ അടിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതുകൊണ്ട് ദുരാത്മാക്കള്‍ തങ്ങളുടെ വീട്ടില്‍ പ്രവേശിക്കുകയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. കണ്ണാടി പൊട്ടിയാല്‍ ദോഷമാണെന്ന് വിശ്വസിക്കുന്നവരാണ് ഗ്രീക്കുകാര്‍. തുര്‍ക്കികള്‍ രാത്രി മത്സ്യം ഭക്ഷിക്കാറില്ല. കൈ ചൊറിഞ്ഞാല്‍ ധനനഷ്ടം സംഭവിക്കുമെന്ന് ആഫ്രിക്കക്കാര്‍ വിശ്വസിക്കുന്നു. 13 അശുഭ സംഖ്യയായി കാണുന്നവര്‍ ധാരാളം. ഇത്തരത്തിലുള്ള ചെറുതും വലുതുമായ അന്ധവിശ്വാസങ്ങള്‍ ഈ ഭൂഗോളത്തിലെ എല്ലാ സമൂഹത്തിലുമുണ്ട്.

ഉത്തരേന്ത്യയിലെ ക്ഷത്രിയ വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരു ദുരാചാരമായിരുന്നു സതി. ഭര്‍ത്താവ് മരിച്ചു കഴിഞ്ഞാല്‍ ഭാര്യയുടെ ജീവിതം അപൂര്‍ണ്ണമാണെന്ന് അവര്‍ കരുതിപ്പോന്നു. അതിന്റെ ബാക്കിപത്രമായി വിധവകള്‍ സതി അനുഷ്ടിച്ചു. ഇതിനോട് സമാനമായ ആചാരങ്ങള്‍ ഗ്രീക്ക് സംസ്‌ക്കാരത്തിലും കാണപ്പെട്ടിരുന്നതായി ചരിത്രം പറയുന്നു.

എല്ലാ ഭൂഖണ്ഡങ്ങളിലും നിലനിന്നിരുന്ന അനാചാരമായിരുന്നു നരബലി. മനുഷ്യനെ കുരുതികൊടുത്തുകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തി ദുരിതത്തില്‍ നിന്ന് കരകയറാമെന്നും ഐശ്വര്യം നേടാമെന്നും ഒരു കൂട്ടര്‍ വിശ്വസിച്ചു. അത് അന്ധവിശ്വാസമായി തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ലാറ്റിനമേരിക്കയിലെ മായ, ഇന്‍ക, ആസ്‌ടെക് സംസ്‌ക്കാരങ്ങളില്‍ നരബലി സര്‍വസാധാരണമായ സംഭവമായിരുന്നു. നോര്‍വെയിലെ വൈക്കിങ് സമൂഹത്തിലും നരബലി പതിവ് അചാരമായിരുന്നു. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലുമൊക്കെയുള്ള സംസ്‌ക്കാരങ്ങളിലും നരബലി നടന്നിരുന്നെന്ന് ചരിത്ര ഗവേഷകര്‍ പറയുന്നു.

”അന്ധവിശ്വാസങ്ങള്‍ക്കെതിരായുള്ള പോരാട്ടങ്ങളെ മതങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായി കാണരുത്. മതങ്ങളുടെ മൂല്യങ്ങള്‍ മറ്റൊന്നാണ്. ഇവ രണ്ടു കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുമ്പോള്‍ മാത്രമേ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കൂ”. അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ മഹാരാഷ്ട്രയിലെ നരേന്ദ്ര ധബോല്‍ക്കറുടെ വാക്കുകളാണിത്. വെടിയേറ്റ് മരിക്കേണ്ടി വന്നെങ്കിലും അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി മഹാരാഷ്ട്ര സര്‍ക്കാര്‍ ആന്റി സൂപ്പര്‍സ്ട്രീഷ്യല്‍ ആന്റ് ബ്ലാക്ക് മാജിക് ഓഡിനന്‍സ് ഇറക്കി. അത് പാസായില്ലെങ്കിലും അത്തരമൊരു നിയമനടപടി രാജ്യത്ത് ആദ്യമായിരുന്നു.

എല്ലാ ജീവികളുടെയും അടിസ്ഥാന വികാരമാണ് ഭയം. മറ്റു വികാരങ്ങളെയെല്ലാം ഡോമിനേറ്റ് ചെയ്യാന്‍ ഭയത്തിന് സാധിക്കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍കൊണ്ട് അകാരണമായി ഭയമുള്ളവര്‍ അന്ധവിശ്വാസങ്ങള്‍ക്ക് പെട്ടെന്ന് അടിമപ്പെടും. അവര്‍ അന്ധവിശ്വാസങ്ങളെ കൂട്ട്പിടിച്ച് എന്ത് ക്രൂരതയും കാണിക്കാന്‍ മടികാട്ടില്ല. മാനസികാരോഗ്യ പരിപോഷണവും ബോധവല്‍ക്കരണവുമാണ് അന്ധവിശ്വാസങ്ങളെ അന്ധമാകാതെ കാക്കാനുള്ള ഏകവഴി. പരിണാമത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതായതുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങളെ ചുവടോടെ പിഴുതെറിയുക സാധ്യമല്ല. വിശ്വാസങ്ങള്‍ വന്യതയിലേക്ക് പോകാതെ കാക്കാന്‍ അതത് മതങ്ങളും സമൂഹവും ജാഗരൂകരായിരിക്കണം.


Leave a Reply

Your email address will not be published. Required fields are marked *