ഒരു പക്ഷേ, ഋഷിക്കു മുന്നേ ഒരു മലയാളി ബ്രിട്ടീഷ് പ്രധാനമന്ത്രിയായേനെ


ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റ വാര്‍ത്ത ആഹ്ലാദാരവത്തോടെയാണ് ഭാരതീയര്‍ സ്വീകരിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ യുവനേതാവായി വളരുകയും ഒരു പക്ഷെ, പ്രധാനമന്ത്രി വരെ ആകുമായിരുന്ന ഒരു കോഴിക്കോട്ടുകാരനുണ്ട്. ഇന്ത്യയുടെ റാസ്പുടിന്‍ എന്ന് പാശ്ചാത്യ ലോകം വിശേഷിപ്പിച്ച വി. കെ. കൃഷ്ണ മേനോന്‍.

ഹോം റൂള്‍ ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ആനി ബസന്റിന്റെ നിര്‍ദ്ദേശപ്രകരാം 1924ല്‍ വി. കെ. കൃഷ്ണമേനോന്‍ ഇംഗ്ലണ്ടിലേക്ക് കപ്പല്‍
കയറി. 1932 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായി. 1934 മുതല്‍ 1939 വരെ ലണ്ടന്‍ മുന്‍സിപ്പല്‍ കൗണ്‍സിലില്‍ സെന്റ് പാന്‍ക്രാസിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായി.

ലേബര്‍ പാര്‍ട്ടിയുടെ ആചാര്യന്മാരായിരുന്ന ബര്‍ട്ടണ്‍ റസ്സല്‍, ഹെറോഡ്‌ലാസ്‌കി, അന്നത്തെ പ്രധാന നേതാവായ സ്റ്റാഫോര്‍ഡ് ക്രിപ്‌സ് എന്നിവരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ച മേനോന്‍ ബ്രിട്ടണിലെ ശ്രദ്ധേയനായ രാഷ്ട്രീയ നേതാവായി വളരുകയായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും അന്ന് അദ്ദേഹം സജീവമായിരുന്നു. ഇന്ത്യാ ലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു മേനോന് 1939ല്‍ സ്‌കോട്‌ലന്റിലെ ഡണ്ടന്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ ലേബര്‍ പാര്‍ട്ടി അവസരം നല്‍കി. പക്ഷെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇന്ത്യാ ലീഗില്‍ നിന്നും വിട്ടു നില്‍ക്കണമെന്നതായിരുന്നു ലേബര്‍ പാര്‍ട്ടി മുന്നോട്ടു വച്ച ഏക നിബന്ധന. ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ മികച്ച അവസരമാണ് കൈവന്നതെങ്കിലും വി. കെ. കൃഷ്ണമേനോന്‍ ആ ഓഫര്‍ നിരാകരിക്കുകയാണ് ചെയ്തത്. ഒരു പക്ഷെ, മേനോന്‍ ലേബര്‍ പാര്‍ട്ടിയുടെ നിബന്ധന അംഗീകരിച്ച് അവിടെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരുന്നെങ്കില്‍ പാര്‍ലമെന്റ് അംഗവും പ്രധാന വകുപ്പിന്റെ മന്ത്രിയും വിദൂര ഭാവിയില്‍ പ്രധാനമന്ത്രിയും ആകുമായിരുന്നൂവെന്ന് ചരിത്ര നിരീക്ഷകര്‍ പറയുന്നു.

നെഹ്‌റുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന വി. കെ. കൃഷ്ണമേനോനെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നെഹ്‌റു നിയമിച്ചു. തുടര്‍ന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ അംബാസിഡറായി. 1951ല്‍ രാജ്യസഭാംഗമായി നെഹ്‌റു മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായി.

പലകാര്യങ്ങളിലും മേനോന്റെ അഭിപ്രായം നെഹ്‌റു തേടിയിരുന്നു. നെഹ്‌റുവിന്റെ ചേരി ചേരാ നയത്തിന് മേനോന്‍ സ്വാധീന ശക്തിയായി. നെഹ്‌റുവിന് ‘മേനോന്‍ഞ്ചൈറ്റിസ്’ പിടിപെട്ടു എന്നാണ് നെഹ്‌റു – വി. കെ. മേനോന്‍ സൗഹൃദത്തെ അക്കാലത്ത് പലരും വിശേഷിപ്പിച്ചിരുന്നത്.

കൃഷ്ണ മേനോനെ നെഹ്‌റു മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍. എഫ്. കെന്നഡിയും സിഐഎയും പ്രവര്‍ത്തിച്ചിരുന്നെന്ന് പറയപ്പെടുന്നു. കമ്മ്യൂണിസ്റ്റ് അനുഭാവം പുലര്‍ത്തിയിരുന്നതിനാല്‍ ഇന്ത്യയെ റഷ്യന്‍ ചേരിയിലേക്ക് മേനോന്‍ അടുപ്പിക്കുമോ എന്ന ഭയം ജോണ്‍ എഫ്. കെന്നഡിക്ക് ഉണ്ടായിരുന്നു.

നോര്‍ത്ത് ബോംബെ, മിഡ്‌നാപ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ലോക്‌സഭാംഗമായി മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൈനിക സ്‌കൂളുകള്‍ ആരംഭിക്കുന്നത് വി. കെ. കൃഷ്ണ മേനോന്‍ പ്രതിരോധ മന്ത്രിയായിരുന്ന കാലത്താണ്. സൈന്യത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്തു. 1963ലെ ഇന്തോ-ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടതോടെ അദ്ദേഹം മന്ത്രി സ്ഥാനം രാജി വച്ചു.

ബുദ്ധികൂര്‍മ്മതിയിലും വ്യക്തിത്വത്തിനും പേരുകേട്ടയാളായിരുന്നു വി. കെ. കൃഷ്ണ മേനോന്‍. ഒരിക്കല്‍ ഒരു ഇംഗ്ലീഷ് വനിത അദ്ദേഹത്തോടു ചോദിച്ചു: ‘നിങ്ങള്‍ എങ്ങനെയാണ് ഇത്ര നന്നായി ഇംഗ്ലീഷ് സംസാരിക്കുന്നത്? മേനോന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘നിങ്ങള്‍ ഭാഷ തെരുവുകളില്‍ നിന്നാണ് പഠിച്ചത്. ഞാന്‍ പഠിച്ചത് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്. അതാണ് വ്യത്യാസം.”

ഒരിക്കല്‍ അമേരിക്ക പാക്കിസ്ഥാന് ആയുധങ്ങള്‍ വില്‍ക്കാന്‍ ധാരണയായി. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്നു മേനോന്‍ അപ്പോള്‍. ആയുധ ഇടപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. പാക്കിസ്ഥാന് ആയുധം വില്‍ക്കാന്‍
ധാരണയായി എന്നത് സമ്മതിച്ച അമേരിക്ക അത് ഇന്ത്യയ്‌ക്കെതിരല്ല എന്ന് വാദിച്ചു. അതിന് മേനോന്റെ മറുപടി: ”സസ്യഭുക്കായ കടുവയെ ഞാന്‍ എന്നു കാണുന്നുവോ അന്ന് ഞാനിത് വിശ്വസിക്കാം.”

കാശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് മേനോന്‍ ഐക്യരാഷ്ട്ര സഭയില്‍ തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ പ്രസംഗിച്ചത് റെക്കോര്‍ഡായിരുന്നു. പുസ്തക പ്രസാധകരംഗത്തെ അതികായരായ പെന്‍ഗ്വിന്‍ ബുക്കിന്റെ സ്ഥാപകനായ വി. കെ. കൃഷ്ണമേനോനാണ് ടൈം മാഗസിന്റെ കവര്‍ ചിത്രമായ ഏക മലയാളി.

മറ്റു രാജ്യങ്ങളുടെ ഭരണതലപ്പത്തേക്ക് ഉയര്‍ന്ന മലയാളികള്‍ വെറെയുമുണ്ട്. തലശ്ശേരിക്കാരന്‍ ദേവന്‍ നായര്‍ 1980ല്‍ സിംഗപ്പൂരിന്റെ പ്രധാനമന്ത്രിയായിരുന്നു. ഇപ്പോഴത്തെ ന്യൂസിലാന്റ് മന്ത്രിസഭയില്‍ പ്രിയങ്ക രാധാകൃഷ്ണന്‍ എന്ന മലയാളി മന്ത്രിയുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ അംഗമായ പ്രമീള ജയപാലന്‍ മലയാളിയാണ്.


Leave a Reply

Your email address will not be published. Required fields are marked *