പകയും പ്രതികാരവും പ്രണയവുമെല്ലാം ചേരേണ്ട വിധം ചേര്‍ത്ത് നാടോടിക്കഥയില്‍ പൊതിഞ്ഞ് സാങ്കേതിക മികവോടെ എത്തിയ കന്നഡ സിനിമ കാന്താര പ്രേക്ഷക പ്രശംസ നേടി കുതിക്കുകയാണ്. കേരളത്തിലെ തിയറ്ററുകളിലെല്ലാം ഹൗസ് ഫുള്ളായി കാന്താര ഓടുന്നു. പലയിടങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയുമുണ്ട്. 16 കോടി മുടക്കി നിര്‍മ്മിച്ച ചിത്രം ആദ്യ ആഴ്ച തന്നെ 35 കോടിയിലധികം നേടി. പടം ഇറങ്ങി ആറാഴ്ച പിന്നിട്ടപ്പോള്‍ ആകെ കളക്ഷന്‍ 314.45 കോടിയാണ്. ഈ നില തുടര്‍ന്നാല്‍ കെജിഎഫ് 2ന് പിന്നാലെ ആയിരം കോടി ക്ലബില്‍ കാന്താരയും അംഗമാകും.
കുറച്ചു കാലം മുമ്പു വരെ കന്നഡ സിനിമാ മേഖല ഇങ്ങനെ ആയിരുന്നില്ല. മറ്റു ഭാഷാ ചിത്രങ്ങളോട് മത്സരിക്കാനുള്ള ത്രാണിയില്ലാതെ കിതച്ചു നില്‍ക്കുകയായിരുന്നു കന്നഡ ചിത്രങ്ങള്‍. അതിന് ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍കൂടിയുണ്ട്. ഉത്തര കര്‍ണാടകയില്‍ തെലുങ്ക് സിനിമയ്ക്കും ദക്ഷിണ കര്‍ണാടകയില്‍ ഹിന്ദി, തമിഴ് സിനിമകള്‍ക്കും ആരാധകര്‍ ഏറെയായിരുന്നു. അത്തരം സിനിമകള്‍ കണ്ട് പരിചയിച്ചവരെ പിടിച്ചിരുത്താന്‍ തക്ക മികവുള്ള സിനിമകള്‍ കന്നഡയില്‍ നിന്ന് പിറന്നില്ല. കന്നഡ സാഹിത്യമേഖല അതിസമ്പന്നമാണ്. ഹിന്ദി കഴിഞ്ഞാല്‍ ഏറ്റവും അധികം ജ്ഞാനപീഠം പുരസ്‌ക്കാരം നേടിയിട്ടുള്ളത് കന്നഡ സാഹിത്യമാണ്. എങ്കിലും അതിന്റെ സ്വാധീനമൊന്നും സാന്‍ഡല്‍വുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമാ മേഖലകളില്‍ പ്രതിഫലിച്ചില്ല.
കന്നഡ സിനിമാ ചരിത്രം തുടങ്ങുന്നത് 1934 മുതലാണ്. വൈ. വി. റാവു സംവിധാനം ചെയ്ത സതിസുലോചന ആ വര്‍ഷം റിലീസ് ചെയ്തു. പിന്നീട് പല ചിത്രങ്ങളും ഇറങ്ങി. അറുപതുകളില്‍ രാജ് കുമാര്‍ കന്നഡയിലെ പ്രധാന നടനായി. ശങ്കര്‍ നാഗ്, അംബരീഷ് എന്നിവരും അതേ കാലയളവില്‍ തിളങ്ങി. തൊണ്ണൂറുകളോടെ രാജ് കുമാറിന്റെ മക്കളായ ശിവരാജ് കുമാര്‍, പുനീത് രാജ്കുമാര്‍, രാഘവേന്ദ്ര രാജ് കുമാര്‍ എന്നിവരും വിഷ്ണുവര്‍ധനുമായിരുന്നു കന്നഡ സിനിമയെ നിയന്ത്രിച്ചത്. രാജ് കുമാറിന് ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കന്നഡയിലെ ശ്രദ്ധേയനായ സംവിധായകനാണ് ഗിരീഷ് കാസറവള്ളി. നാലു തവണ മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.
രണ്ടായിരത്തോടെ കന്നഡ സിനിമയില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങി. ശ്രദ്ധേയമായ ചില ചിത്രങ്ങള്‍ പുറത്തിറങ്ങി. 2006ല്‍ റിലീസ് ചെയ്ത മുന്‍ഗാരു മലൈ വ്യത്യസ്തതകള്‍കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. യോഗ്രാജ് ഭട്ടാണ് ചിത്രം സംവിധാനം ചെയ്തത്. 50 കോടിയിലധികം കലക്ഷന്‍ നേടിയ ആദ്യ കന്നഡ സിനിമയാണ് മുന്‍ഗാരു മലൈ. 2017ല്‍ പുനിത് രാജ്മുമാര്‍ നായകനായ രാജകുമാര പ്രേക്ഷക ശ്രദ്ധനേടി. 76 കോടി രൂപയോളം ചിത്രം കലക്ഷന്‍ നേടി. ആന്ധ്രയിലും തമിഴ്‌നാട്ടിലും കേരളത്തിലുമെല്ലാം കലക്ഷന്‍ നേടാന്‍ രാജകുമാരയ്ക്ക് സാധിച്ചു.
കന്നഡ സിനിമാ ചരിത്രത്തിലെ നാഴികകല്ലാണ് 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് 1. 250 കോടിയില്‍ അധികം രൂപയാണ് സിനിമ നേടിയത്. സ്വദേശത്തും വിദേശത്തുമെല്ലാം ചിത്രം നിറഞ്ഞാടി. തമിഴിനും തെലുങ്കിനും മലയാളത്തിനും ബഹുദൂരം പിന്നിലായിരുന്ന കന്നഡ സിനിമയുടെ കുതിപ്പിനാണ് 2022 സാക്ഷ്യം വഹിച്ചത്. ഏപ്രിലില്‍ ഇറങ്ങിയ കെജിഎഫ് 2 ആയിരം കോടിക്ക് മുകളില്‍ കലക്ഷന്‍ നേടി. വിക്രാന്ത് റോണ, ജെയിംസ്, 777 ചാര്‍ലി തുടങ്ങിയ ചിത്രങ്ങളും നൂറു കോടിക്ക് മുകളില്‍ കലക്ഷന്‍ നേടി. കോവിഡിനു ശേഷം ക്ഷീണിച്ചു നില്‍ക്കുന്ന മറ്റ് സിനിമാ മേഖലകളെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് അഞ്ച് സിനിമകളെ നൂറുകോടി ക്ലബില്‍ കയറ്റാന്‍ സാന്‍ഡല്‍വുഡിന് സാധിച്ചത്. വരും വര്‍ഷങ്ങളിലും കന്നഡ സിനിമകളുടെ തേരോട്ടം തുടരുമെന്ന് കരുതാം.