കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ മലയാളികള്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആരാകുമെന്നറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരുന്നാല്‍ മതി. ഏറെ കാലങ്ങള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മലയാളികളുടെ അഭിമാനമായ ശശി തരൂര്‍ ഏറെ ആത്മവിശ്വാസത്തോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തകര്‍ന്നുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കിട്ടിയ അവസാന പിടിവള്ളിയാണ് തരൂര്‍ എന്ന രീതിയില്‍ പ്രചരണം നടന്നു. 80 കഴിഞ്ഞ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പാര്‍ട്ടിയില്‍ യുവത്വം കൊണ്ടുവരാന്‍ കഴിയില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും സംഘടാ പാടവവും കോണ്‍ഗ്രസിനെ തുണയ്ക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തിരിച്ചടിക്കുന്നു. വിധി എന്താണെങ്കിലും തരൂരിനെ തുണയ്ക്കാന്‍ കേരള പിസിസിയും മുതിര്‍ന്ന നേതാക്കളും ശ്രമിച്ചില്ല എന്നതും ചരിത്രമാകും.
കോണ്‍ഗ്രസിന്റെ ദേശീയ മുഖമായ മലയാളികള്‍ വിരലില്‍ എണ്ണാവുന്നവരാണ്. അതില്‍ പ്രഥമ സ്ഥാനീയനാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. 1897ലെ അമരാവതി സമ്മേളനത്തിലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ അധ്യക്ഷപദമേറ്റത്. ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കിയ അദ്ദേഹം അഭിഭാഷകനും മദ്രാസ് സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറലുമായിരുന്നു. മദ്രാസ് നിയമസഭാംഗവും മദ്രാസ് ഹൈക്കോടതി ജഡ്ജിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അധ്യക്ഷനായിരുന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയാണ് സി. എം. സ്റ്റീഫന്‍. ആലപ്പുഴ മാവേലിക്കരക്കാരനായ സി. എം. സ്റ്റീഫന്‍ 1978ല്‍ ലോകസഭ പ്രതിപക്ഷ നേതാവായിരുന്നു. ഇന്ദിരാ ഗാന്ധിയായിരുന്നു അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്. കേരളത്തിന് പുറത്തുനിന്നു തെരഞ്ഞെടുപ്പിൽ മത്സരിച്ച അപൂർവം മലയാളികളിൽ ഒരാളാണ് സ്റ്റീഫൻ. വാജ്‌പെയ്‌ക്കെതിരെ ഡല്‍ഹിയില്‍ മത്സരിച്ചു തോറ്റെങ്കിലും മത്സരം ശ്രദ്ധേയമായിരുന്നു. കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്ന് മത്സരിച്ച് ജയിച്ചു. ഐഎന്‍ടിയുസിയുടെ സ്ഥാപക നേതാവ് കൂടിയാണ് സി. എം. സ്റ്റീഫന്‍.
തൊഴിലാളി നേതാവായി വന്ന് ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ന്ന മറ്റൊരു മലയാളിയാണ് കെ. കരുണാകരന്‍. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗമായിരുന്നു. രാജീവ് ഗാന്ധിയുടെ മരണശേഷം 1991ല്‍ നരസിംഹറാവുവിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് കെ. കരുണാകരന്‍. നാലു തവണ കേരള മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്രമന്ത്രിയായും പ്രവര്‍ത്തിച്ചു.
ഈ ശ്രേണിയിലെ അടുത്ത പേരാണ് എ. കെ. ആന്റണി. അദ്ദേഹം ഇപ്പോഴും വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. എട്ടു വര്‍ഷം പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തിച്ചു. 3 തവണ കേരള മുഖ്യമന്ത്രിയായിരുന്നു.
ചുരുങ്ങിയ കലാംകൊണ്ടു വര്‍ക്കിങ് കമ്മറ്റി അംഗമായ വ്യക്തിയാണ് കെ. സി. വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പം ശ്രദ്ധേയമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമീപകാലത്തെടുത്ത പല തീരുമാനങ്ങളിലും നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കെ. സി. വേണുഗോപാലിന് കഴിഞ്ഞു.
ഇപ്പോള്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗമായ മറ്റൊരു മലയാളിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തില്‍ നിന്നു കേന്ദ്രമന്ത്രിയായ ഏക വനിതാ കോൺഗ്രസ് നേതാവാണ് ലക്ഷ്മി മേനോന്‍.