ഗവര്‍ണ്ണര്‍ – മുഖ്യമന്ത്രിഏറ്റുമുട്ടല്‍ തുടര്‍ക്കഥ


ഫെഡറല്‍ സംവിധാനം ശക്തമാക്കുന്നതിനാണ് ഗവര്‍ണര്‍ എന്ന പദവി രൂപീകരിച്ചിരിക്കുന്നത്. സംസ്ഥാന കാര്യനിര്‍വഹണത്തിന്റെ തലവനാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും നിയമിക്കുന്നത് ഗവര്‍ണറാണ്. സംസ്ഥാനങ്ങളിലെ മിക്ക ഭരണഘടനാ തസ്തികളിലും നിയമനം നടത്തുന്നതും നിയമസഭ വിളിച്ചു ചേര്‍ക്കുന്നതും പിരിച്ചുവിടുന്നതും ഗവര്‍ണറാണ്. രാഷ്ട്രീയം നോക്കാതെ സംസ്ഥാനത്തിന്റെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയെന്നതാണ് ഗവര്‍ണര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പക്ഷെ, രാഷ്ട്രീയത്തില്‍ സജീവമായിരുന്നവരാണ് ഗവര്‍ണര്‍മാരായി പലപ്പോഴും നിയമിതരാകുന്നത്. അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം സംസ്ഥാന സര്‍ക്കാരിന്റേതിന് വിഭിന്നമാകുമ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകങ്ങളായി ഗവര്‍ണ്ണര്‍മാര്‍ മാറിയ നിരവധി സംഭവങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ കാണാന്‍ കഴിയും.

1967 മുതലാണ് ഗവര്‍ണര്‍ ഒരു സംഘര്‍ഷഭരിതമായ പദവിയായി മാറുന്നത്. ആ വര്‍ഷം മുതലാണ് പല സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരും സര്‍ക്കാരുകളും പരസ്പരം കൊമ്പുകോര്‍ത്തു തുടങ്ങുന്നത്. ഇതിന് പ്രധാനമായും രണ്ടു കാരണങ്ങളാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. 1967ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയാകുകയും കോണ്‍ഗ്രസ് ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ക്യാബിനറ്റിന്റെ ഒരു ഏജന്റായി ഗവര്‍ണര്‍മാരെ ഇന്ദിരാഗാന്ധി ഉപയോഗിക്കാന്‍ തുടങ്ങി. ഇതോടെ പല സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ അനാവശ്യ ഇടപെടലുകള്‍ നടത്തി. മന്ത്രിസഭയെ നിസാര കാരണങ്ങള്‍ പറഞ്ഞ് പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്യുക, നിയമനങ്ങളിലും മറ്റും ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെ സംസ്ഥാനങ്ങളിലെ ഭരണകക്ഷിക്ക് തലവേദനയായി ഗവര്‍ണര്‍ പദവി മാറി. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ട്ടിയോ കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ഘടക കക്ഷികളോ ആണ് ഭരിക്കുന്നതെങ്കില്‍ അവിടെ ഗവര്‍ണറും മന്ത്രിസഭയും പരസ്പരം സഹകരിച്ച് മുന്നോട്ടു പോകും എന്ന അവസ്ഥയും നിലനിന്നു.

ഗവര്‍ണര്‍ – മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ സുപ്രീംകോടതി കയറിയ സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. സംസ്ഥാന മന്ത്രിസഭയെ പിരിച്ചു വിടാനുള്ള കേന്ദ്രത്തിന്റെ അധികാരം പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍ 356 സുപ്രീംകോടതി വിശദമായി ചര്‍ച്ച ചെയ്തത് ഇത്തരമൊരു ഗവര്‍ണര്‍ – മുഖ്യമന്ത്രി പോരിനൊടുവിലാണ്. 1989 ഏപ്രില്‍ 21ന് കര്‍ണാടകയില്‍ എസ്. ആര്‍. ബൊമ്മൈ മന്ത്രിസഭയെ പിരിച്ച് വിട്ടുകൊണ്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ബൊമ്മൈയ്ക്ക് ഒപ്പം നിന്നിരുന്ന 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ അന്നത്തെ ഗവര്‍ണറായിരുന്ന പി. വെങ്കിട്ട സുബ്ബയ്യ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ രാഷ്ട്രപതി ഭരണത്തിനുള്ള ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് തന്നെ 19 എംഎല്‍എമാരില്‍ 12 പേരേയും ഒപ്പം കൂട്ടി നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ ബൊമ്മൈയ്ക്ക് കഴിഞ്ഞു. പക്ഷെ, ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നല്‍കാതെ തിടുക്കപ്പെട്ട് കേന്ദ്രത്തില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസ് രാഷ്ട്രപതി ഭരണം നടപ്പിലാക്കുകയായിരുന്നു. ഗവര്‍ണറുടെ നിലപാടിനെ ചോദ്യം ചെയ്ത് ബൊമ്മൈ കര്‍ണാടക ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീംകോടതിയിലും കേസ് നല്‍കി. സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച് കേസ് പരിശോധിച്ചു. തുടര്‍ന്ന് സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നു. സംസ്ഥാന സര്‍ക്കാരിനെ പിരിച്ചു വിടാനുള്ള രാഷ്ട്രപതിയുടെ അധികാരം പരിപൂര്‍ണ്ണമല്ലെന്ന് സുപ്രീംകോടതി വിധിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചാല്‍ മാത്രമേ ഈ അധികാരം രാഷ്ട്രപതിക്ക് ഉപയോഗിക്കാനാകൂ. അതുവരെ സംസ്ഥാന സര്‍ക്കാരിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാത്രമേ പ്രസിഡന്റിന് അധികാരമുള്ളു. ആര്‍ട്ടിക്കിള്‍ 356 ജുഡീഷ്യല്‍ റിവ്യൂവിന് വിധേയമാണെന്നും സുപ്രീംകോടതി വിധിച്ചു.

1998ല്‍ ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിങ്ങിന് ഭൂപക്ഷം തെളിയിക്കാന്‍ അവസരം നല്‍കാതെ ജഗദംബികാ പാലിനെ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണറായ രമേഷ് ബണ്ഡാരി ക്ഷണിച്ചു. ആ തീരുമാനം സുപ്രീംകോടതി പിന്നീട് റദ്ദാക്കി. 1980ല്‍ പഞ്ചാബില്‍ ഇന്ദിരാഗാന്ധിയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ച ഗവര്‍ണര്‍ മഹേന്ദ്ര മോഹന്‍ ചൗധരി, പ്രകാശ് സിങ് ബാദല്‍ സര്‍ക്കാരിനെ നടപടിക്രമങ്ങള്‍ പാലിക്കാതെ പിരിച്ചു വിട്ടു. അവിടെയും ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം ചെയ്യപ്പെടുകയാണുണ്ടായത്.

അടുത്തകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ പോരായിരുന്നു പശ്ചിമ ബംഗാളിലേത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണര്‍ ജഗദീപ് ധന്‍കറും വിവിധ വിഷയങ്ങളില്‍ കൊമ്പുകോര്‍ത്തു. പിന്നീട് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ഗവര്‍ണ്ണറായ ബി. എസ്. കൊഷ്യാരി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ഗവര്‍ണ്ണര്‍ ആര്‍. എന്‍. രവിയും നല്ലൊരു ബന്ധത്തിലല്ല മുന്നോട്ടു പോകുന്നത്. കേരളത്തിലും സമാനമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പല വിഷയങ്ങളിലും നേരിട്ട് കൊമ്പുകോര്‍ക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതു മുന്നണി കോപ്പുകൂട്ടുന്നതിനിടെയാണ് 9 വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ രംഗത്തുവന്നത്. ഈ സംഘര്‍ഷം എത്രത്തോളം പോകുമെന്ന് കാത്തിരുന്ന് കാണാം.


Leave a Reply

Your email address will not be published. Required fields are marked *