തങ്ങള്‍ ആഗ്രഹിച്ചതോ സ്വപ്‌നം കണ്ടതോ ആയ കാര്യങ്ങള്‍ മക്കളിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളുണ്ട്. ഐഎഎസ് സ്വപ്‌നം നേടാന്‍ ആകാതെ പോയ രക്ഷിതാവ് തന്റെ മകനെ ഐഎഎസുകാരനാക്കാന്‍ പരിശ്രമിക്കുന്നു. എത്ര എഴുതിയിട്ടും സിഎ നേടാന്‍ സാധിക്കാതെ പോയ പിതാവ് തന്റെ മകളെ സിഎക്കാരിയാക്കാന്‍ പെടാപ്പാട് പെടുന്നു. ഡോക്ടറാകുന്നത് സ്വപനം കണ്ട് നടന്ന മാതാവ് അത് ആകാന്‍ സാധിക്കാതെ വീട്ടമ്മയായി ഒതുങ്ങേണ്ടി വന്നപ്പോള്‍ മൂന്നു മക്കളെയും ഡോക്ടറാക്കണമെന്ന വാശിയോടെ അവരെ മുന്തിയ സ്‌കൂളില്‍ പഠിപ്പിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്ക് കൊടുക്കുന്നത് എന്തുമാത്രം സമ്മര്‍ദ്ദങ്ങളാണെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
സാങ്കേതിക വിദ്യകള്‍ വികാസം പ്രാപിക്കുകയും ജീവിത സൗകര്യങ്ങള്‍ വര്‍ധിക്കുകയും ചെയ്‌തെങ്കിലും മനുഷ്യരുടെ മാനസിക സമ്മര്‍ദ്ദം കൂടി വരുന്നതയാണ് പഠനങ്ങള്‍ പറയുന്നത്. മുതിര്‍ന്നവരെപ്പോലെ കുട്ടികളിലും മാനസിക സമ്മര്‍ദ്ദം കൂടി വരികയാണ്. കഴിഞ്ഞ തലമുറയിലെ കുട്ടികളെ അപേക്ഷിച്ച് ഇപ്പോഴത്തെ കുട്ടികള്‍ (ആല്‍ഫാ ജെനറേഷന്‍) അനുഭവിക്കുന്ന സമ്മര്‍ദ്ദ തോത് ഉയര്‍ന്നതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു.
വീട്ടിലെ സമാധാന രഹിതമായ സാഹചര്യങ്ങള്‍, പഠന സംബന്ധമായ പേടികള്‍ തുടങ്ങിയ നെഗറ്റീവ് സാഹചര്യങ്ങളും പുതിയ സ്‌കൂളിലേക്കുള്ള മാറ്റം, പുതിയ വീട്ടിലേക്കുള്ള താമസം മാറല്‍ തുടങ്ങിയ പോസിറ്റീവ് സാഹചര്യങ്ങളും കുട്ടികളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാം.
പെരുമാറ്റത്തിലെ മാറ്റങ്ങള്‍ സസൂഷ്മം ശ്രദ്ധിച്ചാല്‍ കുട്ടികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദ തോത് മനസിലാക്കാം. അത്തരം സാഹചര്യങ്ങളെ എങ്ങനെ മാനേജ് ചെയ്യാമെന്ന് പറഞ്ഞുകൊടുക്കുവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കണം.
മാനസിക സമ്മര്‍ദ്ദം സര്‍വസാധാരണമായ വികാരമാണ്. ചെറിയ തോതിലുള്ള സമ്മര്‍ദ്ദങ്ങള്‍ നമ്മുടെ ലക്ഷ്യങ്ങള്‍ എത്തിപ്പിടിക്കാന്‍ സഹായിക്കുമെങ്കിലും നമ്മുടെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ സാധിക്കാത്ത സമ്മര്‍ദ്ദം നമ്മളെ തകര്‍ക്കുകയും ചെയ്യും.
മുതിര്‍ന്നവരുടെ പോലെയല്ല കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം. പേടിപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ സാഹചര്യങ്ങളാണ് കുട്ടികളെ സമര്‍ദ്ദത്തിലേക്ക് തള്ളി വിടുന്നത്.
അവ എന്തെല്ലാമെന്നു നോക്കാം:
- അവനവനെപ്പറ്റിയുള്ള നെഗറ്റീവ് ചിന്തകള്‍
- മുതിരും തോറും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍
- മാതാപിതാക്കളുടെ അമിത പ്രതീക്ഷയും പഠനഭാരവും
- സുഹൃത്തുക്കളുമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
- പുതിയ സ്‌കൂള്‍, പുതിയ വീട്, പുതിയ നാട് എന്നിങ്ങനെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍
- മാതാപിതാക്കളെ പിരിഞ്ഞ് നില്‍ക്കേണ്ടി വരുന്ന അവസ്ഥ.
- കുടുംബാംഗങ്ങളില്‍ ആരുടെയെങ്കിലും രോഗാവസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍
- ഉറ്റവരുടെ മരണങ്ങള്‍
- വീട്ടിലെയോ അയല്‍പക്കത്തേയോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍
മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന കുട്ടിള്‍ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തെല്ലാമെന്നു നോക്കാം.
- ദുര്‍ബലമായ ശ്വാസോച്ഛാസം
- അമിത വിയര്‍പ്പ്
- ഹൃദയമിടിപ്പ് വേഗത്തിലാകുക
- തലവേദനയും ഉറക്കക്കുറവും
- തലകറക്കം
- ദഹന പ്രശ്‌നങ്ങളും ഛര്‍ദ്ദിയും
- അമിത വണ്ണം അല്ലെങ്കില്‍ ശരീരഭാരം പെട്ടെന്ന് കുറയുക
- ശരീര വേദനകള്‍.
- രോഗപ്രതിരോധ ശേഷിയിലെ കുറവ്
- അസ്വസ്തതയും ദേഷ്യവും പ്രകടിപ്പിക്കല്‍
- ഉത്തരവാദിത്വങ്ങളെ അവഗണിക്കല്‍
- ഉത്സാഹക്കുറവ്
- ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥ
- എപ്പോഴും ദുഃഖിച്ചിരിക്കുക
മാനസിക സമ്മര്‍ദ്ദം കൂടുന്നത് കുട്ടികളെ വിഷാദത്തലേക്ക് തള്ളിവിടാം. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടുതുടങ്ങിയാല്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകാതെ അവരെ രക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും.
രക്ഷിതാക്കള്‍ എന്തെല്ലാം ചെയ്യണമെന്നു നോക്കാം:
- സമ്മര്‍ദ്ദത്തിന്റെ കാരണം കണ്ടെത്തുക. അത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കുട്ടിക്ക് പറഞ്ഞു കൊടുക്കുക. ഒറ്റയ്ക്കല്ല എല്ലാവരും ഒപ്പമുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തണം.
- കുട്ടിയോട് കുറച്ചുകൂടി സ്‌നേഹം കാണിക്കണം. അവരോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തണം.
- കുട്ടിക്കാലത്തെ സമ്മര്‍ദ്ദ സമയങ്ങളെ നിങ്ങള്‍ എങ്ങനെ നേരിട്ടെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം.
എന്നെ ഒന്നിനും കൊള്ളില്ല എന്നു പറയുന്ന കുട്ടികളെ പ്രത്യേകം പരിഗണിക്കണം. എന്തുകൊണ്ട് അത്തരം ചിന്ത വന്നു എന്നത് ചോദിച്ച് മനസിലാക്കണം. കുഞ്ഞുന്നാളില്‍ അവര്‍ ചെയ്ത അല്ലെങ്കില്‍ നേടിയ നല്ല കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി വിജയിക്കാന്‍ സാധിക്കും എന്ന് പറഞ്ഞു കൊടുക്കണം. ഒരു പോസിറ്റീവ് എനര്‍ജി അവര്‍ക്ക് പകര്‍ന്നുകൊടുക്കുവാന്‍ സാധിക്കണം.
ആരോഗ്യകരമാല്ലാത്ത ഭക്ഷണശീലവും കൃത്യമല്ലാത്ത ഉറക്കവും മാനസിക സമ്മര്‍ദ്ദവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു.
6-12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെ ഉറങ്ങണം. ടീനേജുകാര്‍ 8 മുതല്‍ 12 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. രാത്രിയിലെ മൊബൈല്‍ ഉപയോഗം കുറയ്ക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പുറത്തുപോയി കളിക്കാനും സമപ്രായക്കാരായ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും കുട്ടികളെ പ്രേരിപ്പിക്കുക.
ഇങ്ങനെയൊക്കെ പരിശ്രമിച്ചിട്ടും മാറ്റം കാണുന്നില്ലെങ്കില്‍ കൗണ്‍സിലിങ് പ്രൊഫഷണലിന്റെ സഹായം തേടാന്‍ മടിക്കരുത്.