വി. എസിന്റെ ചാട്ടുളി പ്രയോഗങ്ങള്‍


ഉപമയും ഉല്‍പ്രേഷയും അലങ്കാരങ്ങളുമൊക്കെയായി നീട്ടിയും കുറുക്കിയും നര്‍മ്മം കലര്‍ത്തിയും കൊള്ളേണ്ടിടത്ത് കൊള്ളുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരനാണ് വി. എസ്. അച്യുതാനന്ദന്‍. സോഷ്യല്‍ മീഡിയ ശക്തമല്ലാതിരുന്ന കാലത്ത് വി. എസിന്റെ പല പ്രയോഗങ്ങളും ശൈലികളും ദിനപത്രങ്ങളുടെ ഒന്നാം പേജില്‍ ഇടംപിടിച്ചു.

ഒരു തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറത്ത് പ്രചാരണത്തിനെത്തിയ വി. എസ്. കുഞ്ഞാലിക്കുട്ടിക്കെതിരെ എയ്ത ഒളിയമ്പ് ഇങ്ങനെയായിരുന്നു: ”എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. സ്ത്രീകളുടെ സുരക്ഷയും തുല്യതയും ആരുടെ കയ്യിലാണ് ഭദ്രമാകുകയെന്ന് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി.”

ബാര്‍ കോഴക്കേസിന്റെ കാലത്ത് ധനമന്ത്രി കെ. എം. മാണിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വി. എസ് നടത്തിയ അഭിപ്രായ പ്രകടനം അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ”കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിലാണ് മാണി വീണു പോകുന്നത്.”

2011 നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് വി. എസിന്റെ പ്രായത്തെ പരിഹസിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ അഭിപ്രായപ്രകടനത്തിന് കടുത്ത ഭാഷയിലാണ് വി. എസ്. മറുപടി കൊടുത്തത്. രാഹുലിനെ അമൂല്‍ ബേബി എന്ന് വിളിച്ച വി. എസ്. ”തല നരയ്ക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും…” എന്നു തുടങ്ങുന്ന തിരുമുമ്പിന്റെ കാവ്യശകലങ്ങളാണ് എടുത്തു പ്രയോഗിച്ചത്.

വട്ടിയൂര്‍ക്കാവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കെ. സുധാകരന്‍ വി. എസിനെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം നടത്തി. ”വറ്റി വരണ്ട തലയോട്ടിയില്‍ നിന്ന് എന്തു ഭരണ പരിഷ്‌ക്കാരമാണ് ഈ രാജ്യത്ത് വരേണ്ടത്?” അതേ നാണയത്തില്‍ വി. എസും തിരിച്ചടിച്ചു: ”കറുത്ത ഛായത്തിന്റെ മണമല്ലാതെ വറ്റിവരണ്ട തലമണ്ടയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.”

ആര്‍എസ്എസ്സും വി. എസിന്റെ നാവിന്റെ മൂര്‍ച്ഛയറിഞ്ഞു. ”പശു മാതാവാണത്രേ… അപ്പോള്‍ പശുവിന്റെ ഇണയായിട്ടുള്ള കാളയോ? കാള ഇവരുടെ അച്ചനാണോ?” എന്നിങ്ങനെ നീണ്ടൂ ആ പരിഹാസം.

മുന്നാര്‍ ഒഴിപ്പിക്കല്‍ കാലത്ത് പ്രസിദ്ധമായ ‘മൂന്ന് പൂച്ച’, ‘കോട്ടിട്ടയാള്‍’, ‘താടി വച്ചയാള്‍’ എല്ലാം വി. എസിന്റെ നാവില്‍ വിരിഞ്ഞതാണ്.

ഒരിക്കല്‍ എ. കെ. ആന്റണിയെ വി. എസ്. വിശേഷിപ്പിച്ചത് ഇങ്ങനെ: ‘അഴിമതി ആറാട്ടിന്റെ മുമ്പില്‍ വിളക്കും തെളിച്ചുകൊണ്ടു പോകുന്ന ആറാട്ടുമുണ്ടനായി മിസ്റ്റര്‍ ആന്റണി അധഃപതിച്ചിരിക്കുകയാണ്.’

പാര്‍ട്ടി വിഭാഗീതയുടെ കാലത്ത് വി. എസ്സിനെതിരെ പിണറായി നടത്തിയ ‘ബക്കറ്റിലെ വെള്ളം’ പരാമര്‍ശത്തെ വി. എസ് നേരിട്ടത് ഇങ്ങനെ: ”ഗോര്‍ബച്ചേവുമാരുടെ ഉദയത്തോടെ ആ മഹാസമുദ്രം വറ്റിവരളാന്‍ ഇടയായി. പിന്നീട് അതില്‍ നിന്ന് കോരുന്ന ബക്കറ്റ് വെള്ളത്തിന് മറ്റൊരു കഥയേ പറയാന്‍ കഴിയൂ. ഇത്തരം ഗോര്‍ബച്ചേവുമാരുടെ ദുഷ് ചെയ്തികള്‍ കാരണം നമ്മുടെ സമുദ്രങ്ങളും വറ്റി വരളാതിരിക്കാനുള്ള ജാഗ്രതയാണ് കേരളത്തിലെയും ഇന്ത്യയിലെയും പുരോഗമന പ്രസ്ഥാനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്.” അക്കാലത്തെ ഡാങ്കെ പ്രയോഗവും ഏറെ ശ്രദ്ധേയമായിരുന്നു.

42-ാം വയസിലായിരുന്നു വി. എസ്. വിവാഹിതനായത്. വിവാഹം വൈകിയതിനെക്കുറിച്ച് നര്‍മ്മം കലര്‍ത്തി വി. എസ് തന്നെ പറഞ്ഞത് ഇങ്ങനെ: ”വിവാഹം കഴിക്കേണ്ട എന്ന് ചിന്തിച്ചിരുന്നയാളാണ്. എന്നാല്‍ എം. എന്‍. ഗോവിന്ദന്‍ നായരുടെ നാമദേയത്തിലുള്ള സിപിഐയുടെ ഓഫീസിന്റെ ഒരു മുറിയില്‍ അസുഖമായി കിടന്ന സുഗതന്‍ സാറിനെ (ആര്‍. സുഗതന്‍) കാണാന്‍ ചെന്നപ്പോള്‍ മൂത്രമൊഴിക്കാന്‍ പോലും പരസഹായം വേണ്ട അവസ്ഥയില്‍ സഖാക്കള്‍ അതിന് സഹായിക്കുന്നതു കണ്ടു. അത് നേരിട്ട് കാണാന്‍ കഴിഞ്ഞ ഞാന്‍ പിന്നീട് തീരുമാനിച്ചു ഒരു വിവാഹം കഴിക്കുക തന്നെയാണ് വേണ്ടത്. മൂത്രമൊഴിക്കുന്നതിന് സഖാക്കളോട് സഹായം തേടേണ്ട അവസ്ഥ വരരുത് എന്ന് തീരുമാനിച്ച് 42-ാമത്തെ വയസില്‍ ഞാന്‍ വിവാഹിതനായി.”


Leave a Reply

Your email address will not be published. Required fields are marked *