വീട്ടിലൊരുക്കാം മുല്ലത്തോട്ടം
മുല്ലപ്പൂ ഇഷ്ടമല്ലാത്ത മലയാളികള്‍ ഉണ്ടോ? ഇല്ലെന്നു തന്നെ പറയാം. ‘വരുത്തന്മാര്‍’ നമ്മുടെ പൂന്തോട്ടങ്ങളില്‍ പൂവിട്ടു തുടങ്ങിയതോടെ മുല്ലയും മുല്ലപ്പൂവും ഔട്ടായി. ഓണത്തിനും മറ്റ് വിശേഷ അവസരങ്ങളിലും വിലകൊടുത്തു വാങ്ങേണ്ട വിഐപിയായി മുല്ലപ്പൂ മാറി.
പൂന്തോട്ടങ്ങളില്‍ വലിയ പരിചരണമില്ലാതെ വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന ചെടിയാണ് മുല്ല. പലതരം മുല്ലയുണ്ടെങ്കിലും കുടമുല്ല എന്ന് അറിയപ്പെടുന്ന കുറ്റി മുല്ലയാണ് നാട്ടില്‍ സാധാരണയായി കാണപ്പെടുന്നത്. സിഒ1, സിഒ2, പാരിമല്ലി എന്നിവയാണ് കുറ്റിമുല്ലയിലെ നല്ല ഇനങ്ങള്‍. നല്ല വെയിലും നീര്‍വാര്‍ച്ചയുമുള്ളയിടങ്ങളില്‍ മുല്ല നടാം.
60 ചതുരശ്ര സെന്റി മീറ്റര്‍ വിസ്തീര്‍ണവും 45 സെന്റി മീറ്റര്‍ ആഴവുമുള്ള കുഴിയിലാണ് കുറ്റിമുല്ല നടേണ്ടത്. ചെടികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലം ഉണ്ടായിരിക്കണം. കുഴിയില്‍ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ഇട്ട് പകുതിയോളം നിറയ്ക്കണം. ഒരു പിടി എല്ലുപൊടിയും ചേര്‍ക്കാം. വേരു പിടിച്ച തൈ ഈ കുഴികളില്‍ നട്ട് നനച്ച് തുടങ്ങാം. നാലു മാസം കഴിഞ്ഞാല്‍ മൊട്ടിട്ടു തുടങ്ങും. പൂക്കള്‍ നന്നായി ഉണ്ടാകുവാന്‍ പത്തു മാസം കഴിയണം. രണ്ടാം വര്‍ഷത്തോടെ കൂടുതല്‍ പൂക്കള്‍ വിരിയും. എല്ലാ വര്‍ഷവും ചെടിയുടെ കൊമ്പു മുറിച്ച് നിര്‍ത്തണം. ഇല്ലെങ്കില്‍ പുഷ്പിക്കില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ വീതം മൂന്ന് കൊട്ട ചാണകപ്പൊടി വളമായി നല്‍കാം. പത്തു മുതല്‍ 15 വര്‍ഷം വരെയാണ് മുല്ലച്ചെടിയുടെ ആയുസ്.
വിപണി ഉറപ്പാക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ മുല്ലച്ചെടികള്‍ നട്ട് വരുമാനം നേടുകയും ചെയ്യാം.