സംശുദ്ധ രാഷ്ട്രീയത്തിന്റെ അംബാസിഡര്‍മാര്‍


അഴിമതിയും സ്വജനപക്ഷപാതവും പെണ്ണുകേസുകളുമെല്ലാം അരങ്ങുവാഴുന്ന രാഷ്ട്രീയ ലോകത്ത് സംശുദ്ധതയോടെ നിലനില്‍ക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തെ മുറുകെ പിടിച്ച് കറപുരളാത്ത രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ നേതാക്കന്മാരുമുണ്ട്. രാഷ്ട്രീയം തരുന്ന പവറുകൊണ്ട് സ്വന്തം കീശ നിറയ്ക്കാന്‍ ശ്രമിക്കാത്ത, നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്ന രാഷ്ട്രീയക്കാരനായിരുന്നു ഈയിടെ അന്തരിച്ച സതീശന്‍ പാച്ചേനി. കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവേശനം. 1996ല്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്കുള്ള കന്നി അങ്കത്തില്‍ എതിരാളി ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. പരാജയത്തിന്റെ കൈപ്പു നുണഞ്ഞ പാച്ചേനി 2001ലും 2006ലും മലമ്പുഴയില്‍ നിന്ന് വി. എസിന് എതിരെ മത്സരിച്ച് തോറ്റു. 2016ലും 2021ലും കണ്ണൂരില്‍ നിന്ന് മത്സരിക്കാന്‍ അവസരം ലഭിച്ചു. പക്ഷെ, ജയിക്കാനായില്ല. പാര്‍ലമെന്ററി പദവികള്‍ വഹിച്ചിട്ടില്ലെങ്കിലും ജീവിത ലാളിത്യവും സൗമ്യ മനോഭാവവും അഴിമതി രാഹിത്യവുംകൊണ്ട് ജനമനസുകളില്‍ പ്രതിഷ്ഠനേടാന്‍ പാച്ചേനിക്ക് സാധിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കു വേണ്ട സംശുദ്ധതയെക്കുറിച്ച് ജനം ചര്‍ച്ച ചെയ്തത് പാച്ചേനിയുടെ അകാലവിയോഗത്തെ തുടര്‍ന്നാണ്.

ലാളിത്യവും സത്യസന്ധതയുംകൊണ്ട് കേരള രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ ഏടുകള്‍ തുന്നിച്ചേര്‍ത്ത വ്യക്തിയാണ് മുന്‍ മുഖ്യമന്ത്രിയായ സി. അച്യുത മേനോന്‍. ആറു പതിറ്റാണ്ട് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന അച്യുത മേനോനാണ് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി. സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. മുഖ്യമന്ത്രി പദം ഒഴിഞ്ഞതിനു ശേഷം മിക്കപ്പോഴും യാത്ര ചെയ്തിരുന്നത് കെഎസ്ആര്‍ടിസി ബസിലായിരുന്നു. വീട് സ്ഥിതി ചെയ്യുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറി തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഇറങ്ങി, തൈക്കാട്ടുള്ള സിപിഐ ഓഫീസിലേക്ക് ഒന്നര കിലോമീറ്ററോളം നടന്നാണ് പേയിരുന്നത്. തിരിച്ച് വീട്ടിലേക്കുള്ള യാത്രയും ഇതേ പോലെതന്നെ. ബസ് കാത്ത് നിന്ന് കയറി യാത്ര ചെയ്യുന്ന ഒരു മുന്‍ മുഖ്യമന്ത്രി അതിന് മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നത് അച്യുത മേനോനെ വ്യത്യസ്തനാക്കുന്നു. മേനോന്റെ മകനായ ഡോ. രാമന്‍കുട്ടിക്ക് വിദേശ പഠനത്തിന് സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇടത് ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന മേനോന്‍ മകന്റെ വിദേശ പഠനത്തെ എതിര്‍ക്കുകയാണുണ്ടാത്. പിന്നീട് ഡോ. രാമന്‍കുട്ടി ഇന്ത്യയില്‍ നിന്നു തന്നെ ഉന്നത വിദ്യാഭ്യാസം നേടി.

കേരള ക്രൂഷ്‌ചേവ് എന്ന് അറിയപ്പെട്ടിരുന്ന നേതാവാണ് എം. എന്‍. ഗോവിന്ദന്‍ നായര്‍. സിപിഐയുടെ അനിഷേധ്യ നേതാവായിരുന്നു അദ്ദേഹം. ഗാന്ധിയനാകാനായി നാടുവിട്ട അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായാണ് തിരിച്ചെത്തിയത്. സമൂഹത്തില്‍ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി ഏറെ യത്‌നിച്ച നേതാവായിരുന്നു. 1972ല്‍ ലക്ഷംവീട് ഭവന പദ്ധതിയു ആരംഭിച്ചത് എം. എന്‍. ഗോവിന്ദന്‍ നായരാണ്. ജാതി വ്യവസ്ഥയ്‌ക്കെതിരെ ശക്തമായ പോരാട്ടം നയിച്ചു. രാഷ്ട്രീയ എതിരാളികള്‍ പോലും എംഎന്‍ എന്നു കേള്‍ക്കുമ്പോള്‍ ബഹുമാനിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാരനായിരിക്കെത്തന്നെ തികഞ്ഞ ഗാന്ധിയനുമായിരുന്നു എം.എന്‍. അതാകാം അദ്ദേഹത്തെ ലാളിത്യത്തില്‍ അടിയുറച്ചു നിര്‍ത്തിയത്.

പത്തനംതിട്ട ജില്ലയുടെ പിതാവായാണ് കെ. കെ. നായര്‍ അറിയപ്പെടുന്നത്. 34 വര്‍ഷം നിയമസഭയില്‍ പത്തനംതിട്ടയെ പ്രതിനിധീകരിച്ച കെ. കെ. നായര്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്. ഇടത് അനുഭാവിയായി രാഷ്ട്രീയ പ്രവേശനം. 1960ല്‍ ഇടത് സ്വതന്ത്രനായി പത്തനംതിട്ടയില്‍ കന്നിയങ്കം. അതില്‍ പരാജയപ്പെട്ടു. 1965ല്‍ വീണ്ടും മത്സരിച്ചു തോറ്റു. 1967ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. പത്തനംതിട്ടയുടെ വികസനത്തിനായി കളം നിറഞ്ഞു നിന്ന് പ്രവര്‍ത്തിച്ച ജനകീയ എംഎല്‍എ ആയിരുന്നു കെ. കെ. നായര്‍. 1980ല്‍ ഇടതിനോട് പിണങ്ങി റിബലായി മത്സരിച്ചു വിജയിച്ചു. പത്തനംതിട്ടയെ ജില്ലയായി പ്രഖ്യാപിക്കാനുള്ള പരിശ്രമങ്ങളില്‍ വ്യാപൃതനായിരുന്നു കെ. കെ. നായര്‍. ഇ. കെ. നായനാര്‍ മന്ത്രിസഭ വീണതിനെത്തുടര്‍ന്ന് കെ. കരുണാകരന്‍ മന്ത്രിസഭയുണ്ടാക്കാന്‍ ശ്രമങ്ങള്‍ നടത്തി. നിയമസഭയില്‍ വിശ്വാസ വോട്ട് നേടാന്‍ കെ. കെ. നായരുടെ സഹായം ആവശ്യമായി വന്നു. പ്രത്യുപകാരമായി മന്ത്രി സ്ഥാനം അടക്കം വാഗ്ദാനം ചെയ്തിട്ടും കെ. കെ. നായര്‍ വീണില്ല. അദ്ദേഹം ഉന്നയിച്ചത് ഒരേയൊരു ആവശ്യം മാത്രമായിരുന്നു. പത്തനംതിട്ടയെ ജില്ലയായി പ്രഖ്യാപിക്കുക. അത് ഉറപ്പുകൊടുത്ത കരുണാകരന്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് ഭരണത്തിലേറി. ഭരണം ഏറെ നീണ്ടില്ലെങ്കിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായ കെ. കരുണാകരന്‍ പത്തനംതിട്ടയെ ജില്ലയാക്കി വാക്ക് പാലിച്ചു. കൈക്കൂലി വാങ്ങാതെ നാട്ടുകാരുടെ ഏതാവശ്യത്തിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച രാഷ്ട്രീയക്കാരനാണ് കെ. കെ. നായര്‍.

ജീവിച്ചിരിക്കുന്ന നേതാക്കളില്‍ അഴിമതിയുടെ കറ പുരളാത്ത നേതാക്കളില്‍ ഒരാളാണ് എം. എം. ലോറന്‍സ്. ട്രേഡ് യൂണിയന്‍ നേതാവായി വളര്‍ന്ന് സിപിഎമ്മിന്റെ ശബ്ദമായി മാറിയ വ്യക്തിത്വം. 12 വര്‍ഷത്തോളം എല്‍ഡിഎഫ് കണ്‍വീനറായിരുന്നു. 1980ല്‍ ഇടുക്കിയില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എറണാകുളത്ത് തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പിന്നീട് സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി കീഴ് കമ്മറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. എങ്കിലും അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടര്‍ന്നു. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്.

ലാളിത്യവും സൗമ്യതയുംകൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ കോണ്‍ഗ്രസ് നേതാവാണ് തെന്നല ബാലകൃഷ്ണ പിള്ള. മുന്‍ രാജ്യസഭാംഗവും കെപിസിസി പ്രസിഡന്റുമായിരുന്നു. അടൂരില്‍ നിന്ന് മൂന്ന് തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടു. രണ്ടു തവണ വിജയിച്ചു. സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തില്‍ ജനിച്ച തെന്നല രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി പാരമ്പര്യമായി കിട്ടിയ വസ്തുവകകള്‍ പലതും വിറ്റിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറയുന്നു. കൈക്കൂലിയുടെ കറയോ അഴിമതിയുടെ കരിയോ പുരളാത്ത ഖദര്‍ധാരിയാണ് തെന്നല ബാലകൃഷ്ണ പിള്ള.

ഹൈസ്‌ക്കൂള്‍ പഠനത്തിന് ശേഷം ഹൈദ്രബാദ് നൈസാമിന്റെ പട്ടാളത്തില്‍ ചേരുകയും പിന്നീട് നാട്ടില്‍ തിരിച്ചെത്തി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗമാകുകയും ചെയ്ത നേതാവാണ് പാലോളി മുഹമ്മദ് കുട്ടി. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കറ പുരളാത്ത നേതാവാണ് അദ്ദേഹം. ഇ. കെ. നായനാര്‍ മന്ത്രിസഭയിലും വി. എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിലും വിവിധ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചു.


Leave a Reply

Your email address will not be published. Required fields are marked *