അപകടത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പഠന യാത്രകള്‍ക്ക് പുതുക്കിയ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പുതുക്കിയ നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
സ്‌കൂള്‍ പാര്‍ലമെന്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി കണ്‍വീനറും രണ്ട് അധ്യാപക പ്രതിനിധികളും ഒരു പിടിഎ പ്രതിനിധിയും ഉള്‍പ്പെട്ട ടൂര്‍ കമ്മറ്റി രൂപീകരിക്കണം. പഠനയാത്രകള്‍ സ്‌കൂള്‍ മേലധികാരിയുടെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ ഒരു അധ്യാപക കണ്‍വീനറുടെ ചുമതലയിലായിരിക്കണം സംഘടിപ്പിക്കേണ്ടത്.
ടൂര്‍ പോകുന്ന സ്ഥലം, യാത്രാ പരിപാടികള്‍, താമസം, ചെലവ് സംബന്ധിച്ച വിശദമായ രൂപരേഖ ടൂര്‍കമ്മറ്റി തയ്യാറാക്കണം. സ്‌കൂള്‍ പിടിഎ ഇത് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. ഓരോ ദിവസവും സന്ദര്‍ശിക്കുന്ന സ്ഥലം, താമസസ്ഥലത്തു നിന്നും പുറപ്പെടുന്നതും തിരിച്ചെത്തുന്നതുമായ സമയം എന്നിവ യാത്രാ സമയത്ത് അധ്യാപകര്‍ സൂക്ഷിക്കണം. ഇതിന്റെ പകര്‍പ്പ് സ്‌കൂളുകളിലും ബന്ധപ്പെട്ട ഉപജില്ലാ / വിദ്യാഭ്യാസജില്ല / ഡിഡിഇ / ആര്‍ഡിഡി / എഡി എന്നിവര്‍ക്ക് സമര്‍പ്പിക്കണം. ടൂര്‍ കഴിഞ്ഞയുടനെ കുട്ടികളുടെ അഭിപ്രായങ്ങളോടുകൂടിയ റിപ്പോര്‍ട്ട് ടൂര്‍ കണ്‍വീനര്‍ പ്രഥാനാധ്യാപകന് സമര്‍പ്പിക്കണം.
യാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം ചേര്‍ന്ന് യാത്രാ വിവരങ്ങളും തയ്യാറെടുപ്പുകളും വിശദീകരിക്കണം.
ഒരധ്യായന വര്‍ഷം പരമാവധി മൂന്ന് ദിവസങ്ങള്‍ മാത്രമേ പഠന യാത്രയ്ക്കായി ഉപയോഗിക്കാവു. പഠന യാത്രയ്ക്കായി കുട്ടികളില്‍ നിന്ന് അമിത തുക ഈടാക്കാന്‍ പാടില്ല. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ള സ്ഥലങ്ങളാണ് പഠനയാത്രകള്‍ക്കായി തെരഞ്ഞെടുക്കേണ്ട്.
പഠനയാത്രയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം യാത്രയ്ക്ക് മുമ്പായി വാങ്ങി സൂക്ഷിക്കണം.
ഗതാഗത വകുപ്പ് നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങളില്‍ മാത്രമേ യാത്ര പാടുള്ളു. രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകള്‍ ഘടിപ്പിച്ചതും അരോചകവും ഉച്ചത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ശബ്ദ സംവിധാനങ്ങള്‍ ഉള്ളതുമായ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിയമപ്രകാരം അനുവദനീയമായ എണ്ണം ആളുകള്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ പാടുള്ളു.
പഠനയാത്ര പുറപ്പെടുന്നതിനു മുമ്പ് സ്‌കൂള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ പോലീസ് സ്‌റ്റേഷനില്‍ യാത്ര സംബന്ധിച്ചും വാഹനത്തെ സംബന്ധിച്ചും സമഗ്ര റിപ്പോര്‍ട്ട് നല്‍കണം.
യാത്ര പുറപ്പെടുന്നതിന് മുമ്പ് വാഹനങ്ങളുടെ ഫിറ്റ്‌നസ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ് എന്നീ രേഖകള്‍ സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം.
പഠനയാത്രയ്ക്ക് പുറപ്പെടുന്ന കുട്ടികളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് മുന്‍കൂട്ടി ഉറപ്പാക്കണം. ഫസ്റ്റ് ഏയ്ഡ്, അത്യാവശ്യ മരുന്നുകള്‍ എന്നിവ കരുതണം.
പഠനയാത്രാ സംഘത്തിലെ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:15 ആയിരിക്കണം. 15 വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു അധ്യാപിക അനുപാതവും പാലിക്കണം.
രാത്രി 10 മണിക്ക് ശേഷവും രാവിലെ 5 മണിക്ക് മുമ്പുമുള്ള യാത്രകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.
പഠന യാത്രകളില്‍ സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മാരെ മാത്രം നിയോഗിക്കണം.
സുരക്ഷിതവും നിലവാരമുള്ളതുമായ താമസസൗകര്യം ക്രമീകരിക്കുന്നതിനും ശുചിത്വവും ആരോഗ്യപരവുമായ ഭക്ഷണ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം.
യാത്രാവേളയില്‍ അധ്യാപകരോ, വിദ്യാര്‍ത്ഥികളോ, വാഹന ജീവനക്കാരോ പുകവലിക്കുന്നതും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ഗുരുതരമായ കൃത്യവിലോപമാണ്. അവര്‍ക്കെതിരെ കര്‍ശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും.
കുട്ടികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തില്‍ ചിത്രങ്ങളോ വീഡിയോയോ ചിത്രീകരിക്കാന്‍ പാടില്ല.
ഇവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഈ നിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.