എന്താകും ഉമ്മന്‍ ചാണ്ടിയില്ലാത്ത എ ഗ്രൂപ്പ്


ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ ഇനി എ ഗ്രൂപ്പിന്റെ ഭാവി എന്താകും? കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് ഇനി ആര് നയിക്കും?

സത്യത്തില്‍ എ. കെ. ആന്റണിയില്‍ നിന്നാണ് എ ഗ്രൂപ്പ് ജനിക്കുന്നതെങ്കിലും ഗ്രൂപ്പിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ ചാണ്ടിയുടെ കയ്യിലായിരുന്നു. അവസാന കാലം വരെ എ ഗ്രൂപ്പിനെ ശക്തമായി മുന്നോട്ടു നയിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ എ ഗ്രൂപ്പ് തന്നെ ഇല്ലാതാകാനുള്ള സാധ്യതകളാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

സീനിയോറിറ്റി പ്രകാരം ഇനി എ ഗ്രൂപ്പിന് നേതൃത്വം നല്‍കേണ്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്. പക്ഷെ, അദ്ദേഹത്തിന് ഉമ്മന്‍ ചാണ്ടിയെ പോലെ സംസ്ഥാനമൊട്ടാകെയുള്ള അണികളെ സ്വാധീനിക്കാന്‍ തക്ക ശേഷിയില്ല. കൂടാതെ പ്രായാധിക്യവും വിഷയമാകും.

കെ. ബാബു, ബെന്നി ബഹനാന്‍ തുടങ്ങിയ നേതാക്കള്‍ ഗ്രൂപ്പിനെ മുന്നോട്ടു കൊണ്ടു പോകാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ഷാഫി പറമ്പില്‍ പോലുള്ള യുവ നേതാക്കള്‍ക്ക്‌ ഗ്രൂപ്പ് നേതാക്കളായി എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്ന് കണ്ടറിയണം.

എന്നാല്‍ കോണ്‍ഗ്രസിനെ കയ്യടക്കാന്‍ നിലവിലെ എ ഗ്രൂപ്പ് നേതാക്കള്‍ ഐ ഗ്രൂപ്പിനെ സമ്മതിക്കുമെന്ന് കരുതാനാകില്ല. ഉമ്മന്‍ ചാണ്ടിയുടെ അവസാന കാലത്ത് ശശി തരൂരിന് എ ഗ്രൂപ്പില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ മറ്റൊരു സാധ്യതയിലേക്കാണ് വിരള്‍ ചൂണ്ടുന്നത്. പലപ്പോഴും അടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി ശശി തരൂരിന്റെ പേര് ചര്‍ച്ച ചെയ്യപ്പെടുന്നത് എ ഗ്രൂപ്പിന്റെ പിന്തുണയോടു കൂടിയാണ്. ശശി തരൂരിനെ ഉയര്‍ത്തിക്കാട്ടി ഐ ഗ്രൂപ്പിനെ പ്രതിരോധിക്കാനാകും ഇനി എ ഗ്രൂപ്പിന്റെ ശ്രമമെന്ന് വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം.


Leave a Reply

Your email address will not be published. Required fields are marked *