പൊലീസ് ജീവിതത്തിലെ ആത്മസംഘര്‍ഷങ്ങളും രസക്കാഴ്ചകളും പ്രേഷകരിലേക്ക് എത്തിച്ച എബ്രിഡ് ഷൈന്‍ ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിലേക്ക് ‘കേഡി’കളെയും ‘റൗഡി’കളെയും ക്ഷണിച്ച് നിവിന്‍ പോളി. ചിത്രത്തിന്റെ വ്യത്യസ്തമായ കാസ്റ്റിങ് കോളാണ് നിവിന്‍ പോളി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
‘വെള്ളി വെളിച്ചത്തില്‍ വരാതെ ഒളിച്ചു കഴിയുന്ന അഭിനയ കേഡികളെയും റൗഡികളെയും ഡീസികളെയും തിരയുന്നു. സ്വയം കണ്ടെത്തുന്നവര്‍ ചിത്രങ്ങള്‍ സഹിതം ബന്ധപ്പെടുക.” എന്നീ രസകരമായ വരികളോടെയാണ് കാസ്റ്റിങ് കോള്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 25നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും 20നും 55നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരേയുമാണ് അണിയറക്കാര്‍ തേടുന്നത്. ബന്ധപ്പെടേണ്ട ഇമെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്.
ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ജൂലൈയില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ഈ വര്‍ഷം ഏപ്രിലില്‍ ആദ്യ കാസ്റ്റിങ് കോള്‍ വന്നിരുന്നു.
നിവിന്‍ പോളി ആദ്യമായി നിര്‍മിച്ച ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. 2016 ഫെബ്രുവരി നാലിന് ചിത്രം റിലീസ് ചെയ്തു. ബിജു പൗലോസ് എന്ന പൊലീസുകാരനായി നിവിന്‍ ആരാധക ഹൃദയം കീഴടക്കി. 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജെറി അമല്‍ദേവ് ഒരുക്കിയ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അരിസ്റ്റോ സുരേഷിന്റെ മുത്തേ പൊന്നേ പിണങ്ങലേ എന്ന ഗാനവും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു.