വരുന്നൂ മാലാഖ നികുതി


മാലാഖ നികുതി (ഏയ്ഞ്ചല്‍ ടാക്‌സ്) പിരിവ് ശക്തമായി നടപ്പിലാക്കുമെന്നും വിദേശ നിക്ഷേപകരും മാലാഖ നികുതി അടയ്ക്കണമെന്നും കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം വന്നതോടെ അത് സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ ബാധിക്കുമെന്ന ചര്‍ച്ചയിലാണ് ബിസിനസ് ലോകം. 2021-ല്‍ 77 ബില്ല്യന്‍ ഡോളറും 2022-ല്‍ 52 ബില്ല്യന്‍ ഡോളറുമായിരുന്നു ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച വിദേശ നിക്ഷേപം. ആ ഒരു പശ്ചാത്തലത്തിലാണ് കേന്ദ്രം മാലാഖ നികുതി ഊര്‍ജിതമാക്കുന്നത്. ഇതുവഴി നല്ലൊരു വരുമാനം സര്‍ക്കാരിന് കണ്ടെത്താനാകും. 2012 മുതല്‍ മാലാഖ നികുതി നിലവിലുണ്ടെങ്കിലും ശക്തമായി നടപ്പിലാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഈ ബജറ്റിലാണ് പ്രഖ്യാപിച്ചത്.

സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് നിക്ഷേപങ്ങള്‍ അനിവാര്യമാണ്. ഇത്തരത്തില്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നവരെ മാലാഖ നിക്ഷേപകര്‍ (ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്) എന്നാണ് ബിസിനസ് ലോകം വിളിക്കുന്നത്. അവരെ ലക്ഷ്യമിട്ടാണ് മാലാഖ നികുതിയുടെ രംഗപ്രവേശം.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ മോശം പ്രവണതകളെ മറികടക്കാനും നിക്ഷേപകരുടെ സുരക്ഷ ഉറപ്പാക്കാനും മാലാഖ നികുതിയിലൂടെ സാധിക്കുമെന്ന് ഒരുപറ്റം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെയര്‍ മാര്‍ക്കറ്റ് വാല്യു (ന്യായമായ വിപണി മൂല്യം)വിനെക്കാള്‍ കൂടുതല്‍ നിക്ഷേപം വരികയാണെങ്കില്‍ അതിനാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പില്‍ വരുന്ന വിദേശ നിക്ഷേപം ആ സ്റ്റാര്‍ട്ടപ്പിന്റെ ഫെയര്‍ മാര്‍ക്കറ്റ് വാല്യുവിനെക്കാളും വലിയ അനുപാതത്തിലാണെങ്കില്‍ ആ അധിക നിക്ഷേപത്തെ കമ്പനിയുടെ വരുമാനമായി കണക്കാക്കി ടാക്‌സ് ഈടാക്കും.

ഫെയര്‍ മാര്‍ക്കറ്റ് വാല്യു പെരുപ്പിച്ച് കാട്ടി നിക്ഷേപകരെ ആകര്‍ഷിക്കുന്ന പ്രവണത സ്റ്റാര്‍ട്ടപ് ലോകത്ത് വ്യാപകമായി നിലവിലുണ്ട്. കമ്പനിയുടെ ബിസിനസ് മോഡല്‍, അതില്‍ നിന്നുണ്ടാകുന്ന വരുമാനം, ഉപഭോക്തൃ അടിത്തറ, മാനേജ്‌മെന്റ് ടീം, ഉല്‍പന്നത്തിന്റെ വ്യത്യസ്തത, ഭാവി വളര്‍ച്ച പാറ്റേണ്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയാണ് ഫെയര്‍ മാര്‍ക്കറ്റ് വാല്യു കണക്കാക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫെയര്‍ മാര്‍ക്ക് വാല്യു കണക്കാക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ ഇന്ത്യയില്‍ ബാങ്കുകളോ, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരോ ആണ് ഫെയര്‍ മാര്‍ക്കറ്റ് വാല്യു കണക്കാക്കുന്നത്. അത് പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിട്ടുമുണ്ട്.

പലപ്പോഴും യഥാര്‍ത്ഥ ഫെയര്‍ മാര്‍ക്കറ്റ് വാല്യുവിനെക്കാളും വളരെ കൂടുതലായ വാല്യുവേഷനാണ് പല ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളും അവകാശപ്പെടുന്നത്. അതോടെ യഥാര്‍ത്ഥ വാല്യുവിനെക്കാളും പത്തോ പന്ത്രണ്ടോ ഇരട്ടി നിക്ഷേപം സ്റ്റാര്‍ട്ടപ്പില്‍ എത്തുന്നു. ഇങ്ങനെ ഭീമമായ നിക്ഷേപം എത്തുന്നത് സാമ്പത്തിക തട്ടിപ്പിനും വഴിയൊരുക്കിയേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലാഖ നികുതി ശക്തമാകുന്നതോടെ നിക്ഷേപകര്‍ കൂടുതല്‍ ജാഗ്രതയുള്ളവരാകുമെന്നും അതുവഴി സാമ്പത്തിക തട്ടിപ്പുകള്‍ കുറയ്ക്കാമെന്നും അവര്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പായി ആരംഭിച്ച് ആഗോള ബ്രാന്‍ഡായി മാറിയ ബൈജൂസ് ആപ്പിന്റെ ഫെയര്‍ മാര്‍ക്കറ്റ് വാല്യൂ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു. വ്യവസായ പ്രമുഖരായ ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക, ബയോകോണ്‍ ഫാര്‍മാ കമ്പനിയുടെ ചെയര്‍പേഴ്‌സണായ കിരണ്‍ മജൂദാര്‍ ഷാ തുടങ്ങിയവരൊക്കെ ബൈജൂസ് ആപ്പിന്റെ വാല്യുവേഷനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കമ്പനിയുടെ ബാലന്‍സ് ഷീറ്റും ഫെയര്‍ മാര്‍ക്കറ്റ് വാല്യുവേഷനും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

മാലാഖ നികുതി സ്റ്റാര്‍ട്ടപ്പുകളെ തളര്‍ത്തുമെന്ന് മറുവിഭാഗം ബിസിനസ് നിരീക്ഷകര്‍ ചൂണ്ടികാട്ടുന്നു. കാരണം, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്ലവണ്ണം നിക്ഷേപങ്ങള്‍ ആവശ്യമാണ്. വിദേശ നിക്ഷേപകരാണ് സ്റ്റാര്‍ട്ടപ്പുകളെ വളര്‍ത്തുന്നവര്‍. മാലാഖ നികുതി നടപ്പിലാകുന്നതോടെ സ്റ്റാര്‍ട്ടപ്പുകളുടെ വിലപേശല്‍ ശക്തി കുറയും. അത് നിക്ഷേപ സമാഹരണത്തില്‍ കുറവ് വരുത്തുകയും അത് ഇവിടുത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അതോടെ സ്റ്റാര്‍ട്ടപ്പുകള്‍ മറ്റു രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെടാന്‍ സാധ്യതയേറെയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെയര്‍ മാര്‍ക്കറ്റ് വാല്യു നിര്‍ണയം കര്‍ക്കശമായാല്‍ അത് സ്റ്റാര്‍ട്ടപ്പുകളെ ദുര്‍ബലപ്പെടുത്തുകയെയുള്ളു. കാരണം, മിക്ക സ്റ്റാര്‍ട്ടപ്പുകള്‍ക്കും ആസ്തി ഉണ്ടായിരിക്കണമെന്നില്ല. ഒരു ബിസിനസ് മോഡല്‍ മാത്രമേ അവര്‍ക്ക് അവകാശപ്പെടാന്‍ ഉണ്ടായിരിക്കു. അതുമാത്രം വച്ചുകൊണ്ട് വിപണിയിലെ വമ്പന്മാരെ നേരിടാന്‍ സാധിക്കണമെന്നില്ല.

Video Story

Leave a Reply

Your email address will not be published. Required fields are marked *