ബ്രിജ് ഭൂഷണെ തൊടാന്‍ ബിജെപിക്ക് മടി


ഭാരതീയ ജനതാ പാര്‍ട്ടിയില്‍ തീവ്ര-മൃദു ഹിന്ദുത്വ ചേരികള്‍ തമ്മിലുള്ള സംഘര്‍ഷം എക്കാലവും ഉണ്ടായിട്ടുണ്ട്. നരേന്ദ്ര മോഡി, അമിത് ഷാ കൂട്ടുകെട്ട് ബിജെപിയുടെ നായക നിരയിലേക്ക് എത്തിയതോടെ തീവ്ര ഹിന്ദുത്വ വിഭാഗത്തിന് മേല്‍ക്കൈ ലഭിച്ചു തുടങ്ങി. തീവ്ര ഹിന്ദുത്വ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം കൈവന്നു. അത്തരത്തില്‍ തീവ്ര ഹിന്ദുത്വ ചേരിയില്‍ നിന്ന് ഉയര്‍ന്നു വന്ന നേതാവാണ് ബ്രിജ് ഭൂഷണ്‍ സിങ്. അതേ ചേരിയിലെ യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി വന്നതോടെ തീവ്ര ഹിന്ദുത്വ ചേരി കൂടുതല്‍ ശക്തമായി; ബ്രിജ് ഭൂഷണ്‍ സിങ്ങും.
രാജ്പുത്ത് സമുദായാംഗമാണ് ബ്രിജ് ഭൂഷണ്‍. ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ തക്ക ശക്തമായ സമുദായമാണ് രാജ്പുത്ത്. ജനസംഖ്യയില്‍ പത്തു ശതമാനം മാത്രമേയുള്ളുവെങ്കിലും മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ആസ്തി കൂടുതലുള്ളതും മസില്‍ പവറുള്ളതുമായ സമുദായമാണ് രാജ്പുത്ത്. കൂടാതെ മറ്റു പിന്നോക്ക സമുദായങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയും രാജ്പുത്തുകാര്‍ക്കുണ്ട്.
ബ്രാമണന്‍, രാജ്പുത്ത്, യാദവ് എന്നീ വിഭാഗങ്ങളാണ് ഉത്തര്‍പ്രദേശിലെ ശക്തരായ സമുദായങ്ങളില്‍. ഇതില്‍ ബ്രാമണ്‍, രാജ്പുത്ത് വിഭാഗങ്ങള്‍ ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ യാദവ വിഭാഗം സമാജ്‌വാദി പാര്‍ട്ടിയെ തുണയ്ക്കുന്നു. എന്നാല്‍ ഈ അടുത്തകാലത്തായി ബ്രാമണ വിഭാഗം ബിജെപിയില്‍ നിന്ന് അകലം പാലിക്കാന്‍ ശ്രമിക്കുന്നുണ്ട്. കാരണം രാജ്പുത്ത് വിഭാഗക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബ്രാമണരെ ഒതുക്കാന്‍ ശ്രമിക്കുന്ന എന്ന തോന്നല്‍ അവരില്‍ ശക്തമാണ്. വികാസ് ദുബൈ ഉള്‍പ്പടെയുള്ള ബ്രാമണ ഗുണ്ടാതലവന്‍മാരുടെ കൊലപാതകങ്ങളെല്ലാം ഇതിന് ആക്കംകൂട്ടി. ബ്രാമണരുടെ ഈ അകലം മറികടക്കാനായി ബിജെപി ശ്രമിക്കുന്നത് രാജ്പുത്ത് വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്. കൂടാതെ യാദവരല്ലാത്ത മറ്റു വിഭാഗങ്ങളെയും ദളിതരെയും ഒപ്പം കൂട്ടിയുള്ള സമവാക്യമാണ് ഉത്തര്‍പ്രദേശില്‍ ബിജെപി കണ്ടുവച്ചിരിക്കുന്നത്. ഫോര്‍മുല വിജയിച്ചാല്‍ ബ്രാമണരുടെ സഹായമില്ലാതെ തന്നെ എഴുപതോളം ലോക്‌സഭ സീറ്റുകളില്‍ വിജയം ഉറപ്പിക്കാമെന്ന് നേതൃത്വം കരുതുന്നു. ഈ സമവാക്യത്തില്‍ ഏറ്റവും അധികം പ്രധാനപ്പെട്ടത് രാജ്പുത്തുകളാണ്. അതുകൊണ്ടുതന്നെ രാജ്പുത്ത് നേതാവായ ബ്രിജ് ഭൂഷണെതിരെ ചെറുവിരലനക്കാന്‍ ബിജെപി മടിക്കും.


1957 ല്‍ ഗോണ്ട ജില്ലയിലെ രാജ്പുത്ത് കുടുംബത്തിലാണ് ബ്രിജ് ഭൂഷന്റെ ജനനം. ചെറുപ്പം മുതല്‍ ഗുസ്തി താരമായിരുന്നു ബ്രിജ് ഭൂഷണ്‍. എല്‍എല്‍ബിയില്‍ ബിരുദം പൂര്‍ത്തിയാക്കി. ചെറുപ്രായത്തില്‍ തന്നെ മാഫിയ ഗ്രൂപ്പുകളുമായി ബ്രിജ് ഭൂഷണ്‍ ബന്ധം പുലര്‍ത്തിയിരുന്നതായി പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എണ്‍പതുകളില്‍ ഉത്തര്‍പ്രദേശില്‍ ശക്തമായിരുന്ന മോട്ടോര്‍സൈക്കിള്‍ മോഷണ മാഫിയയിലും മദ്യ മാഫിയയുമായും അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. 1988ലാണ് ബ്രിജ് ഭൂഷണ്‍ ബിജെപിയില്‍ ചേരുന്നത്. തീവ്ര ഹിന്ദുത്വ നേതാവായിരുന്ന എല്‍. കെ. അദ്വാനിയായിരുന്നു ആരാധനാ പുരുഷന്‍. 1990 കളില്‍ രാമ ക്ഷേത്ര പ്രക്ഷോഭത്തില്‍ മുന്‍പന്തിയില്‍ ബ്രിജ് ഭൂഷണുമുണ്ടായിരുന്നു. ബാബറി മസ്ജിദ് പൊളിക്കുന്നതില്‍ ബ്രിജ് ഭൂഷണ്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അതേത്തുടര്‍ന്ന് അദ്വാനിയോടൊപ്പം ജയില്‍വാസം അനുഷ്ടിച്ചു. ബ്രിജ് ഭൂഷണ് ദേശീയ ശ്രദ്ധ നേടിക്കൊടുത്ത സംഭവമായിരുന്നു അത്.


തീവ്ര ഹിന്ദുത്വ വാദിയാണെങ്കിലും 1994ല്‍ ദാവൂദ് ഇബ്രാഹിമിന്റെ അനുയായികള്‍ക്ക് ഒളിസങ്കേതം ഒരുക്കി എന്ന കുറ്റത്തിന് ബ്രിജ് ഭൂഷണ് 7 മാസം ജയിലില്‍ കിടക്കേണ്ടിവന്നത് വിരോധാഭാസം. കേസിനെ തുടര്‍ന്ന് 1996ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ കേത്കീ ദേവി സിങ്ങ് മത്സര രംഗത്തിറങ്ങി. അവര്‍ വിജയിക്കുകയും ചെയ്തു.


1999 കാലഘട്ടത്തോടെ അടല്‍ ബിഹാരി വാജ്‌പെയുടെ നേതൃത്വത്തില്‍ മിത ഹിന്ദുത്വ വാദികള്‍ ബിജെപിയുടെ നിയന്ത്രണം ഏറ്റെടുത്തു. അതോടെ കേന്ദ്ര നേതൃത്വത്തിലുള്ള ബ്രിജ് ഭൂഷന്റെ പിടി അയഞ്ഞു. 2004ലെ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ഗോണ്ടയില്‍ ബ്രിജ് ഭൂഷണ് സീറ്റ് ലഭിച്ചില്ല. ബ്രിജ് ഭൂഷണ്‍ ശക്തമായ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ല. അന്ന് ഗോണ്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഘനശ്യാം ശുക്ല അപകടത്തില്‍ കൊല്ലപെട്ടു. ബിജെപിയിലെ മിത ഹിന്ദുത്വ വാദികള്‍ ബ്രിജ് ഭൂഷണെ സംശയിച്ചു. സാക്ഷാല്‍ അടല്‍ ബിഹാരി വാജ്‌പെയ് ബ്രിജ് ഭൂഷണെ ഫോണ്‍ വിളിച്ച് ‘തൂ നേ ഉസ്‌കോ മര്‍വാ ദിയാ?’ (നീയല്ലേ അയാളെ കൊന്നത്) എന്ന് ചോദിക്കുക പോലുമുണ്ടായി. എന്നിരുന്നാലും 2004ലെ തെരഞ്ഞെടുപ്പില്‍ ബല്‍റാംപൂരില്‍ നിന്ന് ബ്രിജ് ഭൂഷണ്‍ ജയിച്ചു കയറുന്നുണ്ട്. 2008ല്‍ നിക്കക്കള്ളിയില്ലാതെ ബ്രിജ് ഭൂഷണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരേണ്ടി വന്നു. രാജ്പുത്ത് സമുദായാംഗവും സമാജ് വാദി പാര്‍ട്ടി നേതാവുമായിരുന്ന അമര്‍ സിങിന്റെ നേതൃത്വത്തില്‍ രാജ്പുത്തുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ അക്കാലത്ത് നീക്കം നടന്നിരുന്നു. ബ്രിജ് ഭൂഷണും അതിന്റെ ഭാഗമായി. 2009ല്‍ കൈസര്‍ജങ്ങില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിക്കുന്നു.

2012 -ഓടെ ബിജെപി തീവ്ര ഹിന്ദുത്വ നേതാക്കളുടെ പിടിയിലായി. മോദി തംരഗം ആഞ്ഞടിച്ചു തുടങ്ങിയോടെ ബ്രിജ് ഭൂഷണ്‍ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി. അതോടെ ബ്രിജ് ഭൂഷണ് വീണ്ടും ശുക്രന്‍ തെളിഞ്ഞു. 2014 ലെ തെരഞ്ഞെടുപ്പില്‍ കൈസര്‍ജങ്ങ് നിന്ന് വിജയിച്ചു. ആറു തവണ ബ്രിജ് ഭൂഷണ്‍ ലോകസഭയിലെത്തി.
ഗുണ്ടകളുടെ ഗുണ്ട എന്നാണ് ബ്രിജ് ഭൂഷണെ രാഷ്ട്രീയ എതിരാളികള്‍ വിളിക്കുന്നത്. ഉത്തര്‍പ്രദേശിലെ മാധ്യമങ്ങള്‍ ബാഹുബലിയെന്നാണ് ബ്രിജ് ഭൂഷണെ വിശേഷിപ്പിക്കുന്നത്. 2021ല്‍ ഒരു വേദിയില്‍ വച്ച് ഗുസ്തി താരത്തിന്റെ മുഖത്തടിച്ചത് വിവാദമായിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *