കേന്ദ്രത്തിന് കേരളത്തെ ഞെരുക്കാനാകുമോ?


കേന്ദ്രവും സംസ്ഥാനവും രണ്ട് വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളാണ് ഭരിക്കുന്നതെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉന്നയിക്കാറുള്ള പതിവ് പല്ലവിയാണ് ‘കേന്ദ്രം സംസ്ഥാനത്തെ ഞെരുക്കുന്നു, സാമ്പത്തിക ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു…’ എന്നാല്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകുമോ? ഭരണഘടന അതിന് അനുവദിക്കുമോ? ഇരു പാര്‍ട്ടികളുടെയും അണികള്‍ വ്യത്യസ്ത വാദങ്ങളും ന്യായീകരണങ്ങളുമൊക്കെയായി സോഷ്യല്‍ മീഡിയകളില്‍ പോരടിക്കുമ്പോള്‍ കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധത്തെ വിശകലനം ചെയ്യുകയാണ് ചുവടെ.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ആരോഗ്യകരമായ സാമ്പത്തിക സഹകരണ ബന്ധം സ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം സ്ഥാപിതമായതാണ് ധനകാര്യ കമ്മീഷന്‍. നികുതി വരുമാനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ വിലയിരുത്തുകയും വിതരണം ചെയ്യുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന ചുമതല. അഞ്ച് വര്‍ഷമാണ് കമ്മീഷന്റെ കാലാവധി. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 വരെ നടപ്പിലാക്കേണ്ട ശുപാര്‍ശകള്‍ നിലവിലെ 15-ാം ധനകാര്യ കമ്മീഷനാണ് നല്‍കിയിരിക്കുന്നത്.

15-ാം ധനകാര്യ കമ്മീഷന്‍ കുറേയേറെ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനസംഖ്യയാണ് നികുതി പങ്കിടുന്നതിനുള്ള പ്രധാന ഘടകമായി നിലകൊള്ളുന്നത്. കൂടിയ ജനസംഖ്യയുള്ളതുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് പരിഗണന കൂടുതല്‍ ലഭിച്ചുകൊണ്ടിരുന്നത്. തരതമ്യേന ജനസംഖ്യ കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം 15-ാം ധനകാര്യ കമ്മീഷന്‍ ഇതില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമാക്കിയാകണം സംസ്ഥാനങ്ങളുമായുള്ള നികുതി വിഭജനം എന്നതാണ് അതിലൊന്ന്. തൊട്ടുമുമ്പുവരെ 1971-ലെ ജനസംഖ്യ അടിസ്ഥാനമാക്കിയായിരുന്നു നികുതി വിഭജനം. ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കുന്ന സംസ്ഥാനങ്ങള്‍ക്കും കാര്യക്ഷമമായി നികുതി പിരിവ് നടത്തുന്ന സംസ്ഥാനങ്ങള്‍ക്കും പ്രത്യേക ആനുകൂല്യം ലഭ്യമാക്കണമെന്നും 15-ാം ധനകാര്യ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. തുല്യ നീതി ഉറപ്പാക്കിക്കൊണ്ടുള്ള നിര്‍ദ്ദേശങ്ങളായിരുന്നു ഇവയെങ്കിലും കേരളത്തിന് ഇത് ഗുണം ചെയ്തില്ലെന്നു വേണം മനസിലാക്കാന്‍.

കുറഞ്ഞ ജനസംഖ്യ, 1990കളിലേ നടപ്പിലാക്കിയ ജനസംഖ്യാ നിയന്ത്രണം, നികുതി പിരിവിലെ കാര്യക്ഷമതയില്ലായ്മ തുടങ്ങിയ കാര്യങ്ങള്‍ തിരിച്ചടിയായപ്പോള്‍ കേരളത്തിന് കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന നികുതി വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. ജനസംഖ്യ കൂടിയ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശും ബീഹാറുമെല്ലാം നേട്ടമുണ്ടാക്കി.

കേന്ദ്ര-സംസ്ഥാന തലങ്ങളിലായി നിലനിന്നിരുന്ന നിരവധി പരോക്ഷ നികുതികള്‍ക്ക് പകരമായാണ് ഇന്ത്യയില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) ആരംഭിച്ചത്. 2017 ജൂലൈ ഒന്നിനാണ് ജിഎസ്ടി നിയമം നിലവില്‍ വരുന്നത്. മൂന്നു തരം ജിഎസ്ടി നിലവിലുണ്ട്. കേന്ദ്രത്തിന് വരുമാനം ലഭിക്കുന്നത് സി ജിഎസ്ടി, സംസ്ഥാനങ്ങള്‍ക്ക് എസ് ജിഎസ്ടി, കേന്ദ്രവും സംസ്ഥാനവും പങ്കിട്ടെടുക്കുന്നത് ഐജിഎസ്ടി. ഐ ജിഎസ്ടിയുടെ വരുമാനം കൃത്യമായി ലഭിക്കുന്നില്ലെന്നാണ് കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ പരാതി പറയുന്നത്. എന്നാല്‍ ചില സാങ്കേതികാരണങ്ങളാണ് കേന്ദ്രം ഇതിന് ഉന്നയിക്കുന്നത്. കോവിഡിനെ തുടര്‍ന്നുണ്ടായ ക്ഷീണം നികുതി വരുമാനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

ഭരണഘടനാപരമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുവാനുള്ള ഫണ്ടുകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാന്‍ കേന്ദ്രത്തിന് സാധിക്കില്ല. എന്നാല്‍ ഭരണഘടനയ്ക്ക് പുറത്തുള്ള ഫണ്ടുകളും പദ്ധതികളും സ്‌പെഷ്യല്‍ പാക്കേജുകളും രാഷ്ട്രീയം നോക്കി അനുവദിക്കുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പതിവ് കാഴ്ചയാണ്. ഇത്തരം ഫണ്ടുകള്‍ എല്ലാ കേന്ദ്ര ഗവണ്‍മെന്റുകളും രാഷ്ട്രീയ താല്‍പര്യത്തിനായി ഉപയോഗിക്കാറുണ്ട്. ഇന്ദിരാ ഗാന്ധി ഒരിക്കല്‍ പശ്ചിമബംഗാളിലെ ഒരു തെരഞ്ഞെടുപ്പു റാലിയില്‍ നടത്തിയ പരാമര്‍ശം ഇങ്ങനെയായിരുന്നു; ‘നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രം വേണോ, പണം വേണോ? നിങ്ങള്‍ തന്നെ തീരുമാനിക്കൂ. പണം വേണമെങ്കില്‍ നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യൂ.’ വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ആന്ധ്രാപ്രദേശിന് കുറെയധികം പാക്കേജുകളും ധനസഹായവും നല്‍കിയെന്ന് ആരോപണം ഉണ്ടായിരുന്നു. കാരണം അക്കാലത്ത് ചന്ദ്രബാബു നായിഡുവാണ് കേന്ദ്രസര്‍ക്കാരിനെ താങ്ങി നിര്‍ത്തിയത്.

ചുരുക്കത്തില്‍ ഭരണഘടനാപരമായ ഫണ്ടുകളും ആനുകൂല്യങ്ങളും തടഞ്ഞുകൊണ്ട് കേന്ദ്രത്തിന് ഒരു സംസ്ഥാനത്തെയും ബുദ്ധിമുട്ടിലാക്കാന്‍ കഴിയില്ല. എന്നാല്‍ ഭരണഘടനാ പരമല്ലാത്ത ഫണ്ടുകളും പാക്കേജുകളും അനുവദിക്കാന്‍ കേന്ദ്രത്തിന് സ്വതന്ത്രാധികാരമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *