സ്‌റ്റൈലും ആത്മവിശ്വാസവും ആയുധമാക്കിയ സീരിയല്‍ കില്ലര്‍

തീഹാര്‍ ജയിലിന്റെ സൂപ്രണ്ടായി വിരമിച്ച സുനില്‍ കുമാര്‍ ഗുപ്തയുടെ ആത്മകഥയാണ് ബ്ലാക്ക് വാറന്റ്: കണ്‍ഫഷന്‍സ് ഓഫ് എ തീഹാര്‍ ജയിലര്‍. അതില്‍ വിവരിക്കുന്ന സംഭവം: 1984-ല്‍ അപ്പോയ്‌മെന്റ് ലഭിച്ച് ജോയിന്‍ ചെയ്യാനായി സുനില്‍ കുമാര്‍ ഗുപ്ത തീഹാര്‍ ജയിലില്‍ എത്തുന്നു. ആദ്യമായാണ് അയാള്‍ തീഹാര്‍ ജയിലില്‍ എത്തുന്നത്. ഓഫീസുകളും ഇടനാഴികളും ഒന്നും പരിചിതമല്ല. സൂപ്രണ്ടിന്റെ ഓഫീസ് തിരഞ്ഞ അദ്ദേഹത്തിന്റെ കണ്ണുടക്കിയത് ഒരു സുമുഖ സുന്ദരനായ ചെറുപ്പക്കാരനിലാണ്. കുറച്ച് മാറി ഒരു ഒഴിഞ്ഞ കോണില്‍ കോട്ടും സൂട്ടുമിട്ട്, ചുരുട്ട് വലിച്ച് സുന്ദരമായി പുകയൂതി വിടുകയാണ് അയാള്‍. ആത്മവിശ്വാസം തുളുമ്പുന്ന ശരീര ഭാഷയില്‍ മറ്റൊന്നും ശ്രദ്ധിക്കാതെയിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നെയാകും തന്റെ മേല്‍അധികാരിയെന്ന് സുനില്‍ ഗുപ്ത ഉറപ്പിച്ചു. അയാള്‍ ആ ചെറുപ്പക്കാരന്റെ അടുത്തു ചെന്ന് താന്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ വന്നതാണെന്ന് ഭവ്യതയോടെ അറിയിച്ചു.
ആ ചെറുപ്പക്കാരന്‍ അയാളെ വിനയപൂര്‍വം സ്വീകരിച്ച് സൂപ്രണ്ടിന്റെ മുറിയിലേക്ക് ആനയിച്ചു. സൂപ്രണ്ടിന് സുനില്‍ ഗുപ്തയെ പരിചയപ്പെടുത്തുകയും ജോയിനിങ് ഫോര്‍മാലിറ്റികളില്‍ സഹായിക്കുകയും ചെയ്തു. ആ ചെറുപ്പക്കാരന്‍ 20 കൊല്ലം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കൊടുംകുറ്റവാളിയായ ചാള്‍സ് ശോഭരാജാണെന്ന് സുനില്‍ ഗുപ്ത മനസിലാക്കുന്നത് പിന്നീടാണ്!

ഫ്രഞ്ച് കോളനിയായിരുന്ന വിയറ്റ്‌നാമില്‍ പട്ടാളക്കാര്‍ക്ക് യൂണിഫോം തയിച്ചു നല്‍കാനായി ഒരു ഇന്ത്യക്കാരന്‍ വിയറ്റ്‌നാമിലെത്തുന്നു. അവിടെ വച്ച് ഒരു വിയറ്റ്‌നാമി പെണ്‍കുട്ടിയുമായി അയാള്‍ പ്രണയത്തിലാകുന്നു. അവര്‍ വിവാഹിതരാകും മുമ്പേ അവള്‍ ഗര്‍ഭം ധരിക്കുന്നു. ഒരു ആണ്‍ കുഞ്ഞിനെ പ്രസവിക്കുന്നു. അവര്‍ അവനെ ചാള്‍സ് ശോഭരാജെന്ന് വിളിച്ചു.
ഏറെ താമസിയാതെ ചാള്‍സിന്റെ പിതാവ് അവരെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി. അതോടെ ചാള്‍സും അമ്മയും അനാഥരായി. പക്ഷെ, ചാള്‍സിന്റെ അമ്മ ഒരു ഫ്രഞ്ച് പട്ടാളക്കാരനെ വിവാഹം കഴിച്ചു. മൂവരും ഫ്രാന്‍സിലേക്ക് പറന്നു. ചാള്‍സ് തന്റെ ബാല്യ കൗമാരങ്ങള്‍ പാരിസിലും ചുറ്റുവട്ടത്തുമായി ചെലവഴിച്ചു. ചെറുപ്പത്തിലെ ക്രിമിനല്‍വാസന കാണിച്ചിരുന്ന അയാള്‍ 17ാം വയസില്‍ വീടുവിട്ടിറങ്ങി. സ്റ്റൈലും ആത്മവിശ്വാസവുമായിരുന്നു ചാള്‍സ് ശോഭരാജിന്റെ ആയുധങ്ങള്‍.
ചുരുങ്ങിയ കാലംകൊണ്ട് തന്നെ നിരവധി കേസുകളില്‍ ചാള്‍സ് പ്രതിയായി. മുപ്പതു വയസോടെ ഫ്രാന്‍സ് വിട്ട് സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറി. ഓദ്യോഗിക രേഖകള്‍ പ്രകാരം കൊലപാതകങ്ങളിലേക്ക് കടക്കുന്നത് അവിടെ വച്ചാണ്. 20 കൊലപാതകങ്ങളില്‍ ചാള്‍സ് പ്രതിയാണ്. തെളിവ് കണ്ടെത്താനാകാത്ത കേസുകള്‍ വേറെയും.
ബിക്കിനി കില്ലര്‍ എന്ന പേരിലാണ് ചാള്‍സ് ശോഭരാജ് അറിയപ്പെട്ടത്. ചാള്‍സ് കൊലപ്പെടുത്തിയ പലരെയും ബിക്കിനിയിലാണ് പിന്നീട് കണ്ടെത്തിയത്. സര്‍പ്പഡ് (സര്‍പ്പം) എന്ന പേരിലും ചാള്‍സിനെ വിശേഷിപ്പിക്കാറുണ്ട്. ഇന്റര്‍പോള്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതോടെ ചാള്‍സ് ഫ്രാന്‍സിലേക്ക് രക്ഷപ്പെട്ടു. പിന്നീട് ഇന്ത്യയിലെത്തി.
ചാള്‍സ് ഇന്ത്യന്‍ പൊലീസിന്റെ പിടിയിലാകുന്നത് 1976ലാണ്. ബനാറസില്‍ വച്ച് ഒരു ഇസ്രായേല്‍ പൗരനെ കൊലപ്പെടുത്തിയതും ഡല്‍ഹിയില്‍ വച്ച് ഒരു ഫ്രഞ്ച് ടൂറിസ്റ്റിനെ കൊലപ്പെടുത്തിയതുമായിരുന്നു ചാള്‍സിനെതിരെ ഇന്ത്യയിലുള്ള കേസുകള്‍.
സിആര്‍പിസി, ഐപിസി തുടങ്ങിയ നിയമകാര്യങ്ങളില്‍ വളരെയധികം അവഗാഹമുണ്ടായിരുന്ന ചാള്‍സ്, തീഹാര്‍ ജയിലിലെ മുതിര്‍ന്ന കുറ്റവാളികള്‍ക്ക് നിയമത്തിന്റെ പഴുതുകള്‍ കുരുക്കഴിച്ച് കൊടുക്കാന്‍ തുടങ്ങി. അതോടെ ജയിലിലെ പ്രമുഖരെല്ലാം ചാള്‍സിന്റെ ഉറ്റ സുഹൃത്തുക്കളായി.

ജയിലിന് പുറത്ത് ചാള്‍സിന് വിശാലമായ സാമ്പത്തിക നെറ്റ്‌വര്‍ക്ക് ഉണ്ടായിരുന്നു. ജയില്‍പുള്ളികളുടെ കുട്ടികളുടെ സ്‌കൂള്‍ ഫീസും വിവാഹ സഹായവുമെല്ലാം ജയിലിലിരുന്നുകൊണ്ട് ചാള്‍സ് നിര്‍വഹിച്ചിരുന്നു. അങ്ങനെ തീഹാര്‍ ജയിലിലെ രാജാവായി ചാള്‍സ്. ഉദ്യോഗസ്ഥരടക്കം ബഹുമാനിക്കുന്ന ക്രിമിനല്‍! ചാള്‍സിന്റെ സമ്പത്തിന്റെ സ്രോതസ് എന്താണെന്ന് ഇന്നും വ്യക്തമല്ല. രത്‌ന വ്യാപാരിയായാണ് ചാള്‍സ് സ്വയം പരിചയപ്പെടുത്തിയിരുന്നത്.
1986ല്‍ ജയില്‍ ചാടി. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഗോവയില്‍ നിന്ന് അറസ്റ്റ് ചെയ്തു. എന്നാല്‍ തായ്‌ലാന്റിലേക്കുള്ള നാടുകടത്തലില്‍ നിന്ന് രക്ഷപ്പെടാന്‍ ചാള്‍സ് തന്നെ മെനഞ്ഞ ഒരു തന്ത്രമായിരുന്നു ജയില്‍ ചാടല്‍ നാടകമെന്ന് നിരീക്ഷകര്‍ പറയുന്നു.
1997ല്‍ ജയില്‍ മോചിതനായ ചാള്‍സ് ഫ്രാന്‍സിലേക്ക് തിരിച്ചു പോയി. ഒരു കനേഡിയന്‍ പൗരനെയും അമേരിക്കന്‍ വനിതയേയും കൊലപ്പെടുത്തിയ കേസ് അദ്ദേഹത്തിനെതിരെ നേപ്പാളില്‍ നിലവിലുണ്ടായിരുന്നെങ്കിലും 2003ല്‍ ചാള്‍സ് നേപ്പാളിലെത്തി. കാഠ്മണ്ഡുവിലെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ ചൂതാടിക്കൊണ്ടിരിക്കെ ഹിമാലയന്‍ ടൈംസ് പത്രത്തിന്റെ ലേഖകന്‍ ജോസഫ് നാഥന്‍ ചാള്‍സിനെ തിരിച്ചറിയുകയും അയാള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു. വാര്‍ത്ത വന്നതിന്റെ പിറ്റേ ദിവസം ചാള്‍സ് അറസ്റ്റ് ചെയ്യപ്പെട്ടു. 2003ല്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടു.
ജയിലിലിരിക്കെയാണ് ചാള്‍സ് വിവാഹിതനായത്. 2008ല്‍ തന്റെ അഭിഭാഷകയുടെ മകളും ട്രാന്‍സലേറ്ററുമായ നിഹിത ബിശ്വാസുമായി പ്രണയത്തിലാകുകയും വിവാഹിതരാകുകയും ചെയ്തു. ചാള്‍സിന് 64 വയസും പ്രണയിനിക്ക് 20 വയസുമായിരുന്നു അപ്പോള്‍ പ്രായം.

ചാള്‍സ് നടത്തിയ കൊലപാതകങ്ങളുടെ കാരണം എന്തായിരുന്നു എന്നതിന് പ്രത്യേകിച്ച് കാരണമൊന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. വെള്ളക്കാരോടുള്ള വംശ വെറിയാവാം ചാള്‍സിന്റെ കൊലപാതക പരമ്പരകളുടെ കാരണമെന്ന് ചില നിരീക്ഷകര്‍ പറയുന്നു. അതേസമയം വെള്ളക്കാരോടൊപ്പം പലയിടങ്ങളിലും അയാള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. ചിലര്‍ പറയുന്നത് ചാള്‍സ് അരാജകവാദത്തിന് എതിരായിരുന്നെന്നും അക്കാലത്തെ ഹിപ്പികള്‍ച്ചറിന്റെ ഭാഗമായിരുന്ന അരാജകവാദികളെയാണ് ചാള്‍സ് കൊലപ്പെടുത്തിയതെന്നുമാണ്. എന്നാല്‍ ചാള്‍സും ഹിപ്പികള്‍ച്ചറിന്റെ ഭാഗമായിരുന്നു എന്നതാണ് കൗതുകം. സത്യത്തില്‍ ചാള്‍സിന്റെ കൊലപാതക പരമ്പരകളുടെ കാരണങ്ങള്‍ കൃത്യമായി പറയാന്‍ ആര്‍ക്കും ആകുന്നില്ല. കൊലപാതകങ്ങളിലെല്ലാം ഒരതിബുദ്ധി കൂടി ചാള്‍സ് ഉപയോഗിച്ചിരുന്നു. കൊലചെയ്യപ്പെടുന്ന വ്യക്തിയുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ച് കളയും. അതോടെ മരിച്ചതാരാണെന്ന് കണ്ടെത്താന്‍ പൊലീസിന് ബുദ്ധിമുട്ടാകും. അങ്ങനെ കേസ് അന്വേഷണം നീണ്ടു പോകും.
ഫ്രാന്‍സ്, ഗ്രീസ്, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, നേപ്പാള്‍, ഇന്ത്യ, തായ്‌ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ചാള്‍സ് ശോഭരാജിനെതിരെ കേസുകളുണ്ട്.