ചാറ്റ് ജിപിടി: നായകനോ വില്ലനോ?


അതുവരെ സാമ്പത്തികരംഗത്തിന്റെ നെടുംതൂണായി കണ്ടിരുന്ന കൃഷിയില്‍ നിന്ന് വ്യവസായത്തിലേക്കുള്ള മാറ്റമായിരുന്നു ഒന്നാം വ്യാവസായിക വിപ്ലവത്തിന് വിത്തിട്ടത്. 1765-ഓടെയായിരുന്നു അത്.

1870കളില്‍ ഊര്‍ജ്ജരംഗത്തെ (വൈദ്യുതി, പെട്രോളിയം, വാതകങ്ങള്‍) വിസ്മയാവഹമായ നേട്ടങ്ങളായിരുന്നു രണ്ടാം വ്യവസായ വിപ്ലവത്തിന് ചുക്കാന്‍പിടിച്ചത്. ന്യൂക്ലിയര്‍ എനര്‍ജി, ടെലികമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, കംപ്യൂട്ടര്‍ എന്നിവയുടെ ചിറകിലേറിയാണ് 1960കളോടെ മൂന്നാം വ്യാവസായിക വിപ്ലവം നടക്കുന്നത്.

നാലാം വ്യാവസായിക വിപ്ലവത്തിലൂടെയാണ് ലോകം കടുന്നു പോയിക്കൊണ്ടിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളാണ് നാലാം വ്യാവസായിക വിപ്ലവത്തിന് അടിത്തറയിടുന്നത്. അതിന്റെ മുഖ്യ ഉപകരണമാകുക ചാറ്റ് ജിപിടി ആയിരിക്കും.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ സാം ആള്‍ട്ട്മാനും ടെസ്ല ഉടമയും ട്വിറ്റര്‍ വിവാദ നായകനുമായ ഇലോണ്‍ മസ്‌കും 2015ല്‍ തുടക്കമിട്ട സംരംഭമാണ് ഓപ്പണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്. അതിന്റെ ഉല്‍പന്നമാണ് ചാറ്റ് ജിപിടി. ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റംപോലെ ആര്‍ക്കും സൗജന്യമായി ആക്‌സസ് ലഭിക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അതായത് ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതൊരാള്‍ക്കും മറ്റു പണചെലവുകളില്ലാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ആക്‌സസ് ലഭിക്കും.

ചാറ്റ് ജിപിടി ഇപ്പോഴൊരു വെബ്‌സൈറ്റാണ് (chat.openai.com). നിലവില്‍ ഇത് ശൈശവദശയിലാണ്. നമ്മുടെ ചോദ്യങ്ങള്‍ എത്രതന്നെ ഗഹനമായാലും അതിന് കൃത്യമായൊരുത്തരം നല്‍കാന്‍ ചാറ്റ് ജിപിടിക്ക് കഴിയും. ഗൂഗിളില്‍ എന്തെങ്കിലുമൊരു കാര്യത്തെക്കുറിച്ച് തിരഞ്ഞാല്‍ നിരവധി ഉത്തരങ്ങള്‍ ഗൂഗിള്‍ നല്‍കും. അതില്‍ നിന്ന് ഏറ്റവും യോജ്യമായത് നമ്മള്‍ തെരഞ്ഞെടുക്കണം. എന്നാല്‍ ചാറ്റ് ജിപിടിയില്‍ നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് റോബോര്‍ട്ടിനോടാണ്. നമ്മുടെ ചോദ്യങ്ങള്‍ക്ക് വേള്‍ഡ് വൈഡ് വെബില്‍ നിന്നുമുള്ള വിവരങ്ങള്‍ സ്വാംശീകരിച്ച് കൃത്യമായൊരുത്തരം നിമിഷ നേരങ്ങള്‍കൊണ്ട് റോബോട്ട് നമുക്ക് നല്‍കും. നിലവില്‍ ശൈശവദിശയിലായതുകൊണ്ട് തന്നെ പരിമിതമാണ് ഇത് നല്‍കുന്ന സേവനങ്ങള്‍. എന്നാല്‍ ഭാവിയില്‍ വലിയൊരു മാറ്റമുണ്ടാക്കാന്‍ ചാറ്റ് ജിപിടിക്ക് സാധിക്കും. 2022 നവംബറിലാണ് ചാറ്റ് ജിപിടി ലോഞ്ച് ചെയ്തത്. രണ്ടു ദിവസം കൊണ്ടു തന്നെ 5 മില്യന്‍ ആളുകള്‍ ഇതിന്റെ സേവനം ഉപയോഗപ്പെടുത്തി. ടെക് വേള്‍ഡില്‍ അതൊരു റെക്കോഡായി.

കണ്ടന്റ് ക്രിയേഷന്‍, കണക്കിലെ സമസ്യകള്‍, കോഡിങ്, സയന്‍സ് എന്നിങ്ങനെ ചാറ്റ് ജിപിടിയുടെ ഉപയോഗ സാധ്യതകള്‍ വളരെ വലുതാണ്.

ചാറ്റ് ജിപിടിയുടെ മാതൃകയില്‍ നേരത്തെ ഇറങ്ങിയവയാണ് ഡാലി 2, ടേ എന്നിവ. പക്ഷെ ചാറ്റ് ജിപിടിയെ അതില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് മോഡറേഷന്‍ എപിഐ എന്ന സംവിധാനമാണ്. വിദ്വേഷകരമായ കണ്ടന്റുകള്‍ തടയാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും.

ചാറ്റ് ജിപിടി ഉയര്‍ത്തുന്ന വെല്ലുവിളികളും ഇതൊടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. മനുഷ്യ വിഭവശേഷിയിലുള്ള റോബോട്ടുകളുടെ കടന്നുകയറ്റത്തിന് ഇത് വഴിതെളിച്ചേക്കാം. തൊഴില്‍ സാധ്യതകളടക്കമുള്ള കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. നിര്‍മ്മിത ബുദ്ധി ദുരുപയോഗ സാധ്യതയും തള്ളിക്കളയാനാകില്ല. മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ് തുടങ്ങിയ ഐടി ഭീമന്മാര്‍ ചാറ്റ് ജിപിടിയില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ സേവനം എത്രകാലം സൗജന്യമായി ഉപയോഗിക്കാമെന്നത് കണ്ടറിയണം.


Leave a Reply

Your email address will not be published. Required fields are marked *