വരുന്നത് ചൈനീസ് കോളനികളുടെ കാലമോ?


റഷ്യ – ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ അമേരിക്കയുടെ സിഐഎ പോലുള്ള ചാരസംഘടനകള്‍ ചൈനയെക്കുറിച്ച് പഠനം നടത്തി. റഷ്യയ്ക്ക് പകരം ചൈനയാണ് ലോകത്തിന് മുമ്പില്‍ പോര്‍മുഖം തുറക്കുന്നതെങ്കില്‍ അത് ലോകരാജ്യങ്ങളെ എങ്ങനെ ബാധിക്കും എന്നതായിരുന്നു പഠന വിഷയം. ചൈനയുടെ കോളനിവല്‍ക്കരണ പ്രവണതകളെ തുറന്നു കാട്ടുന്നതായിരുന്നു പ്രസ്തുത പഠനം.

അടിസ്ഥാന സൗകര്യ വികസനത്തിന് രാജ്യങ്ങളെ സഹായിച്ചുകൊണ്ട് അവിടങ്ങളിലൊക്കെ മാര്‍ക്കറ്റ് സൃഷ്ടിച്ചെടുക്കാനാണ് ചൈന ശ്രമിക്കുന്നത്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലും തുറമുഖ നിര്‍മ്മാണമാണ് ചൈനയുടെ നേതൃത്വത്തില്‍ നടക്കുന്നത്. പശ്ചിമേഷ്യയിലും ആഫ്രിക്കയിലും റോഡ്, റെയില്‍ നിര്‍മ്മാണങ്ങള്‍ക്ക് ചൈന നേതൃത്വം നല്‍കുന്നു. റോഡ്, റെയില്‍ നെറ്റ് വര്‍ക്കുകളെ പുതുതായി നിര്‍മ്മിക്കുന്ന തുറമുഖങ്ങളുമായി ബന്ധിപ്പിക്കാനും ചൈന ശ്രദ്ധിക്കുന്നു. 5ജി നെറ്റ്വര്‍ക്ക് പലരാജ്യങ്ങളിലും യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളും ചൈനയുടെ ഭാഗത്തു നിന്നുണ്ട്. ലാറ്റിനമേരിക്കയിലെ കാര്‍ വിപണി ഇപ്പോള്‍ ചൈനയുടെ നിയന്ത്രണത്തിലാണ്. ചൈനീസ് മൊബൈല്‍ ഫോണുകള്‍ ലോകമെങ്ങും ശക്തമായ സാനിധ്യമായിരിക്കുന്നു.

അറബ് രാജ്യങ്ങളുമായി വലിയൊരു സൗഹൃദം പറയാനില്ലാതിരുന്ന ചൈന ഈയിടെ അതിനുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്. ഷീ ജിന്‍ പിങ് അടുത്തയിടെ സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടവുമായി പലവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഷീ ജിന്‍ പിങ്

ആഫ്രിക്കയിലെ 39 രാജ്യങ്ങളിലാണ് ചൈനയുടെ മേല്‍നോട്ടത്തില്‍ റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. ന്യൂ സില്‍ക്ക് റോഡ് എന്നും ബെല്‍റ്റേണ്‍ റോഡ് ഇന്‍ഷ്യേറ്റീവെന്നും ഇത് അറിയപ്പെടുന്നു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് വേഗത്തിലും കുറഞ്ഞ വിലയിലും എത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും. കുറഞ്ഞ വിലയില്‍ ലഭിക്കുന്നതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ജനപ്രിയമാകുകയും കാലാന്തരത്തില്‍ അവയ്ക്കായി ചൈനയെ ആശ്രയിക്കേണ്ടതായും വരും. ഇംഗ്ലണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പേ പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ ചൈന നടപ്പിലാക്കി വരുന്നത്.

ഡെന്‍ സിയാ പോങ്

പണ്ടുമുതലേ ശക്തമായൊരു രാജ്യമാണ് ചൈന. മാവോ സേതൂങ് അധികാരത്തിലെത്തിയതോടെ സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പരിശ്രമത്തിലായിരുന്നു ചൈന. ദാരിദ്ര്യം നീക്കണം, കമ്മ്യൂണിസം വിജയിക്കണം എന്നിങ്ങനെയായിരുന്നു മാവോയുടെ ചിന്തകള്‍. എന്നാല്‍ എണ്‍പതുകളില്‍ ഡെന്‍ സിയാ പോങ് അധികാരത്തിലെത്തിയതോടെ ചൈനയില്‍ ഒരു നയംമാറ്റം ദൃശ്യമായി തുടങ്ങി. ചൈനക്കാര്‍ ലോകം കീഴടക്കണമെന്ന മുദ്രാവാക്യം മുന്നോട്ടുവയ്ക്കുന്നത് അദ്ദേഹമായിരുന്നു. ചൈന വിദേശ നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങി. ചൈന അന്ന് ചെയ്തതും ഇന്ത്യ ഇന്നും ചെയ്യാതിരിക്കുന്നതുമായ ഒരു കാര്യമാമണ് ചൈനയുടെ പിന്നീടുള്ള കുതിപ്പിന് ഇന്ധനമായത്. അതായത് ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് ഫോഴ്സിന് ശക്തമായ ട്രെയ്നിങ് നല്‍ക്കാന്‍ ചൈന അതീവശ്രദ്ധ പുലര്‍ത്തി. സ്‌കൂള്‍തലം മുതല്‍ തന്നെ പല ഇന്‍ഡസ്ട്രിയല്‍ സ്‌കിലുകളും കുട്ടികളെ പഠിപ്പിക്കാന്‍ തുടങ്ങി. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം നേടിയ കുട്ടിക്ക് ഏത് ഇന്‍ഡ്സ്ട്രിയിലും ജോലി ചെയ്യാം എന്ന നിലവന്നു. അതിന്റെ ഫലം ചൈനയില്‍ ഒരു ഫാക്ടറി വേഗത്തില്‍ തുടങ്ങാം, വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്താനും വളരെ എളുപ്പം. അതോടെ നിരവധി കമ്പനികള്‍ ചൈനയിലേക്ക് ഒഴുകി. ഇരുപത് വര്‍ഷങ്ങള്‍കൊണ്ട് ലോകത്തിന്റെ ഫാക്ടറിയാകാന്‍ ചൈനക്ക് സാധിച്ചു. തുടര്‍ന്നാണ് സാമ്രാജ്യത്വ അധിനിവേശ പദ്ധതികള്‍ ചൈന ആരംഭിക്കുന്നത്.

അമേരിക്കയിലും മറ്റും ബഹുരാഷ്ട്ര കമ്പനികള്‍ സര്‍ക്കാരിനെ സ്വാധീനിക്കുമ്പോള്‍ ചൈനയില്‍ സര്‍ക്കാര്‍ ബഹുരാഷ്ട്ര കമ്പനികളെ സ്വാധീനിക്കുന്നു. അതുകൊണ്ടു തന്നെ ഒരു ചൈനീസ് മള്‍ട്ടി നാഷണല്‍ കമ്പനി മറ്റൊരു രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ ആ കമ്പനിയുടെ പ്രവര്‍ത്തനത്തിലൂടെ ആ രാജ്യത്ത് സ്വാധീനം ശക്തമാക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിക്കുന്നു. സ്വേച്ഛാധിപത്യം നിലവിലുള്ള രാജ്യങ്ങളില്‍ ആയുധങ്ങളും മറ്റു സഹായങ്ങളും നല്‍കി അധിനിവേശ ശ്രമങ്ങള്‍ വളരെ എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ ചൈനയ്ക്ക് സാധിച്ചു.

Pic Credit – Freepik

രാജ്യങ്ങള്‍ക്ക് കടം നല്‍കുന്നതും ചൈനയുടെ സാമ്രാജ്യത്വ അധിനിവേശത്തിന്റെ ടൂളായി. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 250 ബില്യണ്‍ ഡോളറിലേറെ ചൈന ഇതുവരെ കടം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിരോധ രംഗത്തും വളരെയധികം ശ്രദ്ധ ചൈന നല്‍കുന്നു. ബഹിരാകാശത്ത് ന്യൂക്ലിയര്‍ ആയുധം എത്തിക്കാന്‍ ചൈനക്ക് പദ്ധതിയുണ്ടെന്ന് പറയപ്പെടുന്നു. ജനാധിപത്യം ഇല്ലാത്ത ചൈനയില്‍ കുറച്ചാളുകള്‍ ചേര്‍ന്ന് തീരുമാനമെടുത്താല്‍ എന്തും നടത്താമെന്നിരിക്കെ ഇത്തരമൊരു പദ്ധതി സഫലമായാല്‍ ലോകത്തിന് മുന്നില്‍ വലിയ ഭീഷണിയാകും ചൈന.

കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും സാമ്രാജ്യത്വ അധിനിവേശ പദ്ധതിയില്‍ ചൈന കുറേ വെല്ലുവിളികളും നേരിടുന്നുണ്ട്. അതിലൊന്നാണ് സൗഹൃദ രാഷ്ട്രങ്ങളുടെ കുറവ്. റഷ്യ, നോര്‍ത്ത് കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങളുമായെല്ലാം സൗഹൃദബന്ധങ്ങളുണ്ടെങ്കിലും അതൊന്നും അത്ര ഊഷ്മളമായ ബന്ധങ്ങളല്ല.

സീറോ കോവിഡ് പോളിസി നടപ്പിലാക്കിയതോടെ ചൈനയുടെ ഉല്‍പാദനക്ഷമത വളരെയധികം കുറഞ്ഞിട്ടുണ്ട്. അത് വിയറ്റ്നാം പോലുള്ള രാജ്യങ്ങള്‍ മുതലെടുക്കുകയും ചെയ്തു.

വിദേശ രാജ്യങ്ങളില്‍ കുറേയധികം സാമ്പത്തിക നിക്ഷേപം നടത്തിയതുകൊണ്ടു തന്നെ രാജ്യം ശക്തമായ കടക്കെണിയിലാണെന്നും പറയപ്പെടുന്നു. കൂടാതെ പ്രതിരോധ രംഗത്ത് വലിയ തോതിലാണ് ചൈന നിക്ഷേപം നടത്തുന്നത്. ജിഡിപിയുടെ 250 ശതമാനം ആഭ്യന്തര കടം ഉണ്ടെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോട്ടുകളില്‍ കാണുന്നത്.

1980 മുതല്‍ ചൈന പിന്തുടരുന്ന ഒറ്റക്കുട്ടി നയം ഇപ്പോള്‍ തിരിച്ചടിക്കാന്‍ തുടങ്ങി. പ്രായമാകുന്ന ജനസംഖ്യ ചൈന നേരിടുന്ന വലിയ പ്രതിസന്ധിയാണ്.

ഇങ്ങനെ നിരവധി വെല്ലുവിളികള്‍ ഉണ്ടെങ്കിലും ലോകം ഭരിക്കാന്‍ അതിശക്തമായ തയ്യാറെടുപ്പാണ് ചൈന നടത്തുന്നത്. ലോകത്തിന്റെ ഫാക്ടറി ഇപ്പോഴും ചൈനയാണ്. അതിന് അടുത്ത നാല്‍പ്പതു വര്‍ഷത്തോളമെങ്കിലും മാറ്റമുണ്ടാകില്ലെന്നു കരുതാം.

Video Story

Leave a Reply

Your email address will not be published. Required fields are marked *