ചിപ്പ് യുദ്ധത്തില്‍ ആരാകും വിജയി?


സെമികണ്ടക്ടറുകളുടെ കണ്ടുപിടുത്തം ലോകക്രമത്തെ അതിവേഗമാണ് മാറ്റി മറിച്ചത്. കളിപ്പാട്ടം മുതല്‍ ബഹിരാകാശ പേടകം വരെ സെമി കണ്ടക്ടര്‍ ചിപ്പുകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നു. ചിപ്പ് നിര്‍മാണത്തിലും സാങ്കേതിക വിദ്യയിലും ആധിപത്യം സ്ഥാപിച്ചാല്‍ ലോകം തന്നെ ഭരിക്കാം എന്നതാണ് വാസ്തവം. അതുകൊണ്ടു തന്നെയാണ് അമേരിക്കയും ചൈനയും ചിപ്പിന്റെ പേരില്‍ ഏറ്റുമുട്ടുന്നത്.

അതിസങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിക്കപ്പെടുന്ന ചിപ്പുകളും അത്തരം സാങ്കേതിക വിദ്യയും ചൈനയ്ക്ക് കൈമാറാന്‍ പാടില്ലെന്ന് അമേരിക്ക തീരുമാനിച്ചതോടെയാണ് ‘ചിപ്പ് യുദ്ധ’ത്തിന് കളമൊരുങ്ങിയത്. കാരണം സാധാരണ ചിപ്പുകളുടെ നിര്‍മ്മാണത്തില്‍ പ്രാവീണ്യമുണ്ടെങ്കിലും മേല്‍പ്പറഞ്ഞതരം ചിപ്പുകളുടെ നിര്‍മാണ വൈദഗ്ധ്യം ചൈന ഇനിയും ആര്‍ജിച്ചിട്ടില്ല. അത്തരം സാങ്കേതികവിദ്യ കൂടി കൈവശപ്പെടുത്തുകയാണെങ്കില്‍ ചൈനയ്ക്ക് എല്ലാ മേഖലകളിലും അമേരിക്കയെ പിന്നിലാക്കി ഒരുപടി കൂടി മുന്നേറാന്‍ സാധിക്കും. അതു വ്യക്തമായി അറിയാവുന്നതുകൊണ്ടുകൂടിയാണ് അമേരിക്ക ചിപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത്. മൈക്രോണ്‍ എന്ന അമേരിക്കന്‍ കമ്പനി 100 ബില്യന്‍ ഡോളറാണ് ചിപ്പ് ഗവേഷണത്തിനായി മാത്രം നീക്കിവയ്ക്കാന്‍ ഒരുങ്ങുന്നത്.

50 മുതല്‍ ഒരു ലക്ഷം നാനോ മീറ്റര്‍വരെയുള്ള സങ്കീര്‍ണമായ ചിപ്പുകളും അവയുടെ നിര്‍മാണ വിദ്യയും കൈമാറാന്‍ പാടില്ലെന്നാണ് അമേരിക്കന്‍ കമ്പനികള്‍ക്ക് രാജ്യം നല്‍കിയ മുന്നറിയിപ്പ്. ഇതിനെതിരെ ലോക വ്യാപാര സംഘടനയില്‍ ചൈന പരാതി നല്‍കിയിട്ടുണ്ട്.

അമേരിക്കന്‍ കമ്പനികള്‍ 90 ശതമാനം ചിപ്പുകളും തായ്‌വാനില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്. ഏഷ്യയിലെ ചിപ്പ് നിര്‍മാണ കേന്ദ്രമാണ് തായ്‌വാന്‍. റഷ്യ-ഉക്രൈനെ ആക്രമിച്ചതുപോലെ ചൈനയും തായ്‌വാനെ കീഴടക്കുവാനുള്ള ശ്രമങ്ങള്‍ ആലോചിക്കുന്നുണ്ട്. പക്ഷേ, ചൈന ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്ന് തായ്‌വാനെ സംരക്ഷിക്കുന്നത് ചിപ്പ് നിര്‍മാണത്തിലെ കുത്തകയാണ്. യുദ്ധം മൂലമോ മറ്റോ തായ്‌വാന്‍ ചിപ്പ് നിര്‍മാണം കുറച്ചു ദിവസത്തേക്ക് നിര്‍ത്തിവച്ചാല്‍ ലോകത്തിന്റെ ഫാക്ടറിയായ ചൈന നിശ്ചലമാകും. ചിപ്പിനു വേണ്ടിയുള്ള ചൈനയുടെ ഈ ആശ്രയത്തമാണ് തായ്‌വാന്റെ ആത്മവിശ്വാസം. ചൈന ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കുകയാണെങ്കില്‍ ചിപ്പ് നിര്‍മാണം നിര്‍ത്തിവയ്ക്കുമെന്നുവരെ തായ്‌വാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തായ്‌വാന്റെ ഇത്തരം പ്രതിരോധത്തെ സിലിക്കണ്‍ ഷീല്‍ഡ് (കവചം) എന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. സോഫസ്റ്റിക്കേറ്റഡ് ചിപ്പുകളുടെ നിര്‍മാണം ചൈന സ്വായത്തമാക്കിയാല്‍ ചൈന – തായ് വാന്‍ യുദ്ധം പ്രതീക്ഷിക്കാവുന്നതാണ്.

ചിപ്പ് ടെക്‌നോളജിയിലെ സ്വയംപര്യാപ്തതയില്ലായ്മ ചൈനീസ് കമ്പനികളെ തളര്‍ത്തുന്ന ഘടകമാണ്. അതിന് ഉത്തമ ഉദാഹരണമാണ് ഹുവായ് (Huawei). മൊബൈല്‍ വിപണിയില്‍ അതിശക്തമായ മുന്നേറ്റം കാഴ്ചവയ്‌ക്കേണ്ടിയിരുന്ന ബ്രാന്‍ഡായിരുന്നു ഹുവായ്. എന്നാല്‍ അമേരിക്ക ചൈനീസ് കമ്പനികള്‍ക്ക് സോഫസ്റ്റിക്കേറ്റഡ് ചിപ്പുകളുടെ കൈമാറ്റം നിര്‍ത്തിവച്ചതോടെ മൊബൈല്‍ വിപണയില്‍ നിന്ന് ഹുവായ് പുറത്തായി. അതേ സമയം സാംസങ് കമ്പനിക്ക് അത്തരം ചിപ്പുകള്‍ തടസമില്ലാതെ ലഭിച്ചു. അതോടെ സാംസങ് മൊബൈല്‍ വിപണിയില്‍ മേല്‍കൈ നേടി.

സോഫസ്റ്റിക്കേറ്റഡ് ചിപ്പുകളുടെ നിര്‍മാണ വിദ്യ നേടിയെടുക്കാനായി മറ്റു രാജ്യങ്ങളില്‍ നിന്നുവരെ ശാസ്ത്രജ്ഞരെ എത്തിച്ച് കോടിക്കണക്കിന് രൂപ ശമ്പളം നല്‍കി ഗവേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചിപ്പ് യുദ്ധം ചൈനയാണ് വിജയിക്കുകയെന്ന് ഷീ ജിന്‍ പിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. എങ്കിലും അമേരിക്കയുടെ ചിപ്പ് കൈമാറ്റ വിലക്കിനെതിരെ എങ്ങനെ തിരിച്ചടിക്കണമെന്ന കാര്യത്തില്‍ ചൈനയ്ക്ക് ഇതുവരെയും കൃത്യത വന്നിട്ടില്ല. ചൈന അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ തന്നെയാകാം അതിനു കാരണം. 1970ന് ശേഷം ഏറ്റവും ചെറിയ ജിഡിപി വളര്‍ച്ചയാണ് ചൈന ഈ വര്‍ഷം കാഴ്ചവച്ചത്.


Leave a Reply

Your email address will not be published. Required fields are marked *