വന്യമൃഗങ്ങളോടൊപ്പം മാരകരോഗങ്ങളും കാടിറങ്ങുമ്പോള്‍


ഇടുക്കി നെടുങ്കണ്ടത്ത് മൃഗങ്ങളില്‍ കാണപ്പെടുന്ന പേനുകളുടെ കടിയേറ്റ് നിരവധിപേര്‍ ചികിത്സ തേടിയതായി വാര്‍ത്തകള്‍ വന്നിരുന്നു. മൃഗങ്ങളില്‍ കാണപ്പെടുന്ന ഹാര്‍ഡ് ടിക് എന്ന പേനാണ് മനുഷ്യരെ ആക്രമിച്ചു തുടങ്ങിയത്. ചൊറിച്ചിലും അണുബാധയുമാണ് പേനിന്റെ കടിയേറ്റവര്‍ക്കുണ്ടായത്. വന്യമൃഗങ്ങള്‍ കാടിറങ്ങുമ്പോള്‍ കൂടെ കൂട്ടുന്നത് ഇത്തരം പരാദങ്ങളെയും രോഗകാരികളെയും കൂടിയാണ്.

മനുഷ്യരില്‍ പുതുതായി ഉണ്ടാകുന്ന രോഗങ്ങളുടെ 75 ശതമാനവും മൃഗങ്ങളില്‍ നിന്നോ മൃഗങ്ങള്‍ മൂലമോ പകരുന്നതാണെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങളില്‍ പറയുന്നു. നിപ, എബോള, വെസ്റ്റ്‌നൈല്‍, കോവിഡ്, എച്ച്5എന്‍1, ഏവിയന്‍ ഫ്‌ളൂ, സിക തുടങ്ങിയ മാരക രോഗങ്ങളെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരം രോഗങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നാല്‍ മനുഷ്യരാശിയുടെ നിലനില്‍പ്പുതന്നെ ചോദ്യചിഹ്നമാകും.

2018ല്‍ കോഴിക്കോട്ടെ ചങ്ങരോത്ത് പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിപ വൈറസ് നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണ്. മലബാര്‍ വന്യജീവി സങ്കേതത്തോട് അടുത്തു കിടക്കുന്ന പ്രദേശമാണ് ചങ്ങരോത്ത്. 2014 ല്‍ കര്‍ണ്ണാടകയിലെ ശിവമോഗ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ക്യാസന്നൂര്‍ ഫോറസ്റ്റ് ഡിസീസ് (കുരങ്ങ് പനി) വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.

പ്രധാനമായും മൂന്ന് തരത്തിലാണ് വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗങ്ങള്‍ പടരുന്നത്. രോഗവാഹകരായ മൃഗങ്ങളുടെ ഇറച്ചി ഭക്ഷിക്കുന്നതിലൂടെ മനുഷ്യരിലേക്ക് രോഗകാരികള്‍ പ്രവേശിക്കുന്നു. വന്യമൃഗങ്ങളുടെ സ്രവത്തിലൂടെയും വിസര്‍ജ്യത്തിലൂടെയും രോഗകാരികള്‍ പുറതെത്തുന്നു. ജലത്തിലൂടെയും വായുവിലൂടെയും ഇവ പടരുന്നു. കൊതുക്, ചെള്ള്, പേന്‍ തുടങ്ങിയ ജീവികളിലൂടെ രോഗം പരത്തുന്ന സൂക്ഷ്മാണുക്കള്‍ വ്യാപിക്കും.

യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇക്കോ ടൂറിസം പദ്ധതികളിലൂടെ പ്രോട്ടോസോവ, ബാക്ടീരിയ, വൈറസ് രോഗങ്ങള്‍ ധാരാളമായി മനുഷ്യരിലേക്ക് പടര്‍ന്നിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പഠനങ്ങളില്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇവിടങ്ങളിലെ ഇക്കോ ടൂറിസം പദ്ധതികള്‍ വിപുലീകരിക്കുന്നത് അധികൃതര്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. നിലവിലുള്ള പദ്ധതികള്‍ അതേ പോലെ മുന്നോട്ടുകൊണ്ടുപോകുക മാത്രമാണ് അവര്‍ ചെയ്യുന്നത്. പക്ഷെ, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഇക്കോ ടൂറിസം പദ്ധതികളെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുകയാണെന്നത് വിരോധാഭാസം.

ഇന്ത്യയെ സംബന്ധിച്ച് വന്യമൃഗങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണ്. ഇന്ത്യയില്‍ 2474 വില്ലേജുകള്‍ വനത്തിനുള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 22 കോടി ജനങ്ങള്‍ നിരന്തരം കാടുമായി ബന്ധപ്പെടുന്നവരാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വനത്തിനുള്ളിലെ രോഗകാരികള്‍ മൃഗങ്ങളിലൂടെ മനുഷ്യരിലെത്താന്‍ സാധ്യതയേറുന്നു. വനത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ഇത്തരത്തിലൊരു അണുബാധ പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ അത് പെട്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. ഇവിടങ്ങളിലൊക്കെയുള്ള ആശുപത്രികളുടെ സേവനം വളരെ പരിമിതമാണുതാനും. വൈറോളജിസ്റ്റുകളും എപ്പിഡമോളജിസ്റ്റുകളും പൊതുജനാരോഗ്യ വിദഗ്ധരുമെല്ലാം നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വനപ്രദേശത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലകളില്‍ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളുടെ നിര്‍ണയത്തിന് ധാരാളം സമയം ആവശ്യമായി വരുന്നു.

പശ്ചാത്യ രാജ്യങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ വന്യമൃഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താറുണ്ട്. ഏതെങ്കിലും പ്രത്യേക ജീവിവര്‍ഗത്തിന്റെ എണ്ണം ക്രമാതീതമായി കുറയുകയാണെങ്കില്‍ അതിനെക്കുറിച്ച് അവര്‍ പഠനങ്ങള്‍ നടത്തും. ഇന്ത്യ ഇത്തരം കാര്യങ്ങളില്‍ വളരെ പിന്നിലാണ്. അതുകൊണ്ടുതന്നെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതും മനുഷ്യരുമായി സമ്പര്‍ക്കത്തിലാകുന്നതും രാജ്യം നേരിടുന്ന വലിയൊരു വിപത്തു തന്നെയാണ്. കാടിനുള്ളില്‍ തന്നെ ബഫര്‍ സോണ്‍ ക്രമീകരിക്കുന്നതും മൃഗങ്ങളുടെ എണ്ണം ആനുപാതികമായി നിയന്ത്രിച്ച് നിര്‍ത്തുന്നതുമെല്ലാം വളരെ ഗൗരവത്തോടെ സര്‍ക്കാരുകള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്.


Leave a Reply

Your email address will not be published. Required fields are marked *