മുതല ഫ്രൈയാണ് സാറേ ഇവിടുത്തെ മെയിന്‍!


മുതലയെ ഫ്രൈയാക്കാനോ? അയ്യേ എന്നു പറയാന്‍ വരട്ടെ. ദക്ഷിണേഷ്യന്‍ രാജ്യമായ കംമ്പോഡിയയിലെ വിഐപി ഐറ്റമാണ് മുതല ഫ്രൈ. മനുഷ്യനെ തിന്നുന്ന മുതലയെ ഫ്രൈയാക്കി വിളമ്പുന്ന നാടാണ് കംമ്പോഡിയ.

മുതല ഇറച്ചി കംമ്പോഡിയക്കാരുടെ പ്രധാന ഭക്ഷണമായതുകൊണ്ടു തന്നെ മുതലയെ വളര്‍ത്താനും മുതല ഫാം നടത്താനും രാജ്യത്ത് അനുവാദമുണ്ട്. മുതലയുടെ തോല്‍ ബാഗുകളും ബെല്‍റ്റുകളും മറ്റും നിര്‍മിക്കാനായി ഉപയോഗിക്കും. സംഗതി ഇങ്ങനെയാണെങ്കിലും ഇറച്ചിക്കായി മുതലയെ വളര്‍ത്തി മുതലയ്ക്ക് തീറ്റയായവരും കംമ്പോഡിയയില്‍ ധാരാളമുണ്ട്. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവര്‍ ഏറെയാണ്.

ഇനി മുതലയിറച്ചി കംമ്പോഡിയക്കാരുടെ തീന്‍ മേശയില്‍ എങ്ങനെ എത്തി എന്ന് അറിയേണ്ടേ? 1960 മുതല്‍ 1995 വരെ കൊടുംപട്ടിണിയിലായിരുന്നു രാജ്യം. പട്ടിണി മാറ്റാനായി മീക്കോങ് നദിയില്‍ നിന്ന് മുതലകളെ പിടിച്ച് ഭക്ഷിക്കാന്‍ തുടങ്ങി. പിന്നീട് താരതമ്യേന സാമ്പത്തിക രംഗം മെച്ചപ്പെട്ടെങ്കിലും മുതലയിറച്ചിയുടെ സ്വാദ് കംമ്പോഡിയക്കാര്‍ മറന്നില്ല.

തായ്‌ലാന്റ്, ലാവോസ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കംമ്പോഡിയ.