ക്രോയേഷ്യ: യൂറോപ്പിലെ പടക്കുതിര


ഇംഗ്ലണ്ടിനും ജര്‍മ്മനിക്കും ഫ്രാന്‍സിനുമൊപ്പം നില്‍ക്കുന്ന ടീമായി ക്രോയേഷ്യ കുതിച്ച് കയറിയത് ചുരുങ്ങിയകാലംകൊണ്ടാണ്. അതേ കുതിപ്പു തന്നെയാണ് ഒരു രാജ്യമെന്ന നിലയില്‍ ക്രോയേഷ്യ കാഴ്ചവയ്ക്കുന്നത്. 1991-ല്‍ യൂഗോസ്ലാവിയയില്‍ നിന്നും സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ ക്രോയേഷ്യ ഒരു ദരിദ്ര രാഷ്ട്രമായിരുന്നു. അരാജകത്വവും വംശീയ കലാപങ്ങളും തൊഴിലില്ലായ്മയുമൊക്കെ അവിടുത്തെ നീറുന്ന പ്രശ്‌നങ്ങളായിരുന്നു. എന്നാല്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ അത്തരം പ്രശ്‌നങ്ങളെല്ലാം മറികടന്ന് ക്ഷേമരാഷ്ട്രമായി മാറുവാന്‍ ക്രോയേഷ്യക്ക് കഴിഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ ചരിത്രത്തിലെ ഒരു പടക്കുതിര തന്നെയാണ് ക്രോയേഷ്യ.

സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം 1995 വരെ സെര്‍ബിയയുമായി യുദ്ധത്തിലായിരുന്നു ക്രോയേഷ്യ. ഇതില്‍ ആയിരക്കണക്കിന് ക്രോയേഷ്യക്കാര്‍ കൊല്ലപ്പെട്ടു. 1995ന് ശേഷം ശക്തമായൊരു ജനാധിപത്യ സംവിധാനം ക്രോയേഷ്യയില്‍ ഉയര്‍ന്നുവന്നു. അത് ഭരണ സ്ഥിരതയും സാമ്പത്തിക സുസ്ഥിതിയും സമ്മാനിച്ചു. 2000ന് ശേഷം ക്രോയേഷ്യയുടെ സാമ്പത്തികരംഗം വളരെയധികം മെച്ചപ്പെട്ടു. 2009ല്‍ നാറ്റോയിലും 2013ല്‍ യൂറോപ്യന്‍ യൂണിയനിലും ക്രോയേഷ്യ അംഗമായി. കപ്പല്‍ നിര്‍മ്മാണം, പെട്രോളിയം, ടെക്‌സ്‌റ്റൈല്‍സ്, ഇലക്ട്രോണിക്‌സ് തുടങ്ങിയവയാണ് പ്രധാന വ്യവസായങ്ങള്‍. ഏറ്റവും അധികം വിദേശ നിക്ഷേപം ലഭിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ക്രോയേഷ്യ. സാഗ്രിബാണ് രാജ്യ തലസ്ഥാനം.

ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം (UNDP) രാജ്യങ്ങളെ ഹൈഇന്‍കം, മിഡില്‍ ഇന്‍കം, ലോ ഇന്‍കം എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. 95കളില്‍ ലോ ഇന്‍കം രാജ്യമായിരുന്ന ക്രോയേഷ്യ ഇന്ന് ഹൈ ഇന്‍കം രാജ്യങ്ങളിലൊന്നാണ്. അത് അവിടുത്തെ ശക്തമായ ജനാധിപത്യ സംവിധാനങ്ങളുടെ വിജയമായാണ് നിരീക്ഷകര്‍ കാണുന്നത്. ഇന്ത്യയുടേതു പോലെ പാര്‍ലമെന്ററി ജനാധിപത്യമാണ് ക്രോയേഷ്യയില്‍ നിലവിലുള്ളത്.

ബോസ്‌നിയ, ഹെസഗോബിന, സ്ലോവേനിയ, സെര്‍ബിയ, നോര്‍ത്തേണ്‍ മാസഡോണിയ, മൊണ്ടനിഗ്രോ എന്നിവയാണ് യൂഗോസ്ലാവിയയില്‍ നിന്ന് സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച മറ്റു രാജ്യങ്ങള്‍. ഇതില്‍ സ്ലോവേനിയയും ക്രോയേഷ്യയും മാത്രമാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങള്‍.


Leave a Reply

Your email address will not be published. Required fields are marked *