അങ്ങനെ കലക്ടര്‍ കലക്ടറായി!


ഒരു ജില്ലയുടെ ഭരണ നിര്‍വഹണ തലവനാണ് കലക്ടര്‍. അത്തരമൊരു ഉയര്‍ന്ന പദവിക്ക് താരതമ്യേന ‘വെയിറ്റ് കുറഞ്ഞ’ കലക്ടര്‍ എന്ന നാമം എങ്ങനെയാണ് ലഭിച്ചത്? ശേഖരിക്കുന്നവന്‍ എന്ന് മലയാളീകരിക്കാവുന്ന കലക്ടര്‍ സത്യത്തില്‍ ആ പദവിയിലിരുന്ന് എന്താണ് ശേഖരിക്കുന്നത്? കലക്ടര്‍ കലക്ടറായ കഥ വിശദീകരിക്കുകയാണ് ചുവടെ.

മുഗള്‍ ഭരണകാലത്ത് ജനങ്ങളില്‍ നിന്നും നികുതി പിരിച്ചിരുന്നത് അതത് നാടുകളിലെ ജന്മിമാരായിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന നികുതി രാജാവ് നിയമിച്ച ഉദ്യോഗസ്ഥന്റെ പക്കല്‍ ജന്മിമാര്‍ ഏല്‍പിക്കണം. 1772ല്‍ വാറന്‍ ഹേയ്റ്റിങ്‌സ് ബംഗാളിന്റെ പ്രഥമ ഗവര്‍ണര്‍ ജനറലായി നിയമിതനായി. ബംഗാളിലെ തന്റെ ഭരണകാലത്ത് ഒരു കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന നികുതിയുടെ പകുതി പങ്കും ജന്മിമാര്‍ സര്‍ക്കാരിലടയ്ക്കാതെ സ്വന്തം കീശയിലാക്കുകയാണ്. അതോടെ നികുതി വെട്ടിപ്പ് തടയാനായി നൂറ് ജന്മിമാര്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ ഉദ്യോഗസ്ഥന്മാരെ അദ്ദേഹം നിയമിച്ചു. അവര്‍ക്ക് റവന്യൂ കലക്ടര്‍ എന്ന സ്ഥാനപ്പേരും നല്‍കി. റവന്യൂ കലക്ടര്‍മാരായി നിയമിതരായവരെല്ലാം ഈസ്റ്റ് ഇന്ത്യാ കമ്പനിയിലെ ഉദ്യോഗസ്ഥരായ വെള്ളക്കാരായിരുന്നു. അവര്‍ കുതിരപ്പുറത്ത് സഞ്ചരിച്ച് ജന്മികളെ കാണുകയും കണക്കുകള്‍ കൃത്യമായി പരിശോധിക്കുകയും നികുതി വെട്ടിപ്പ് നടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തുകയും ചെയ്തു പോന്നു.

ഇംഗ്ലണ്ടില്‍ നിന്നുള്ള 25 വയസിന് താഴെയുള്ള ചെറുപ്പക്കാരായിരുന്നു പലപ്പോഴും കലക്ടര്‍മാരായി നിയമിതരായിരുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നുള്ള നവോത്ഥാന ആശയങ്ങളില്‍ വിശ്വസിച്ചിരുന്നവരായിരുന്നു ഇവരില്‍ പലരും. ഗ്രാമങ്ങളിലെ റോന്തുചുറ്റലിനിടെ പാവപ്പെട്ട ഗ്രാമീണര്‍ കലക്ടര്‍മാരോട് തങ്ങളുടെ പരാതികളും ആവലാതികളും പറയാന്‍ ആരംഭിച്ചു. നവോത്ഥാനാശയങ്ങള്‍ സ്വാധീനിച്ചിരുന്ന ചെറുപ്പക്കാരായ കലക്ടര്‍മാര്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടു തുടങ്ങി. അടിപിടി കേസുകളില്‍ കലക്ടര്‍മാര്‍ ശിക്ഷ വിധിച്ചു തുടങ്ങി. അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്ന ജന്മിമാരെ വിളിച്ചു വരുത്തി ശകാരിച്ചു. ആവലാതികള്‍ പരിഹരിച്ചു. അനീതികളില്‍ ഇടപെട്ടു. അതോടെ പൊതുഭരണ നിര്‍വഹണം എന്ന ചുമതല കൂടെ റവന്യൂ കലക്ടര്‍മാരുടെ ചുമലിലേക്ക് തന്നത്താനെ എത്തി.

റവന്യൂ കലക്ടറാണ് കാലാന്തരത്തില്‍ ജില്ലാ കലക്ടറായി മാറിയത്. ഇന്നും ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് റവന്യൂ സെക്രട്ടറിക്കാണ്.

ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും 1858 ല്‍ ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജകുടുംബം ഏറ്റെടുത്തു. അതോടെ ജില്ലാ കലക്ടര്‍ എന്ന പദവി നിലവില്‍ വന്നു. നികുതി പിരിവ്, വ്യവഹാരങ്ങളില്‍ തീരുമാനമെടുക്കുക, കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, വരള്‍ച്ചാ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ജില്ലയിലെ പൊതുഭരണ, ക്രമസമാധാന നിയന്ത്രണം എന്നിങ്ങനെയുള്ള ചുമതലകള്‍ 1858ല്‍ രൂപീകരിച്ച നിയമ പ്രകാരം കലക്ടര്‍മാര്‍ക്ക് ലഭിച്ചു.

ഇന്നും ഇവയെല്ലാം തുടരുന്നു എന്നത് കൗതുകം. ഇപ്പോഴും ക്രമസമാധാന കാര്യങ്ങള്‍ ജില്ലാ പൊലീസ് സൂപ്രണ്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടത് കലക്ടര്‍ക്കാണ്.

1858ന് ശേഷം ഇന്ത്യന്‍ സിവില്‍ സര്‍വീസ് നിലവില്‍ വന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള ചെറുപ്പക്കാര്‍ക്കായിരുന്നു അവസരം. യോഗ്യതാ പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി ജില്ലാ കലക്ടര്‍മാരായി നിയമിച്ചു. ഇന്ന് സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കണമെങ്കില്‍ സിലബസ് പ്രകാരം വിഷയങ്ങള്‍ ചിട്ടയായി പഠിച്ചൊരുങ്ങണം. പക്ഷെ, പണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തലവേദനയായത് കുതിര സവാരി പഠനമായിരുന്നു. കുതിര സവാരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്ക് മാത്രമായിരുന്നു അന്ന് നിയമനം ലഭിച്ചിരുന്നത്. ആദ്യകാല കലക്ടര്‍മാര്‍ക്ക് പട്ടാളക്കാരുടേതിന് സമാനമായ യൂണിഫോം ഉണ്ടായിരുന്നു.

സ്വാതന്ത്ര്യാനന്തരം 1950ല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസായി മാറിയെങ്കിലും കൊളോണിയല്‍ കാലത്തിന്റെ ശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നു. കലക്ടര്‍ ബംഗ്ലാവും അസിസ്റ്റന്റുമാരും ശിരസ്തദാര്‍ തസ്തികയുമെല്ലാം പോയ കാലത്തിന്റെ ശേഷിപ്പുകളാണ്. കലക്ടറേറ്റ് പദവി അടക്കമുള്ള കൊളോണിയല്‍ സംവിധാനങ്ങളെല്ലാം ഉപേക്ഷിക്കണമെന്നായിരുന്നു സ്വാതന്ത്ര്യാനന്തരം പല മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡോ. അംബേദ്ക്കര്‍ ആ വാദത്തെ ശക്തമായി എതിര്‍ത്തു. അതിന് അദ്ദേഹം ഉയര്‍ത്തിയ കാരണം ഇങ്ങനെയായിരുന്നു: ഒരു തമിഴ്‌നാട്ടുകാരന്‍ പഞ്ചാബില്‍ കലക്ടറായി എത്തിയാല്‍ അവിടെ ജാതിയുടെയോ ബന്ധങ്ങളുടെയോ സ്വാധീനമില്ലാതെ അദ്ദേഹത്തിന് ജോലി ചെയ്യാം. അംബേദ്ക്കറുടെ ഈ വാദത്തിന് അംഗീകാരമെന്നോണമാണ് ഐഎഎസും ഐപിഎസുമെല്ലാം നിലനിര്‍ത്തിയത്.


One thought on “അങ്ങനെ കലക്ടര്‍ കലക്ടറായി!

  • February 22, 2023 at 4:56 am
    Permalink

    Very informative. Keep it up. All the best

    Reply

Leave a Reply

Your email address will not be published. Required fields are marked *