കര്‍ണ്ണാടക തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ചതു മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നേതാവാണ് ഡി. കെ. ശിവകുമാര്‍. സ്വാധീനമുള്ള സംസ്ഥാനങ്ങളിലെല്ലാം ശക്തമായ മത്സരവും ഒരുപക്ഷെ വിജയവും സ്വന്തമാക്കിയിരുന്ന ബിജിപിയെ പിടിച്ചു കെട്ടുന്ന വിധമുള്ളതായിരുന്നു കര്‍ണ്ണാടക വിജയം. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന് ലഭിച്ച അത്ഭുത വിജയത്തിന് ചുക്കാന്‍ പിടിച്ചത് ഡി. കെ. ശിവകുമാറായിരുന്നു.
എന്തായിരുന്നു ഡി. കെയുടെ വിജയ ഫോര്‍മുല? എങ്ങനെ അദ്ദേഹം കോണ്‍ഗ്രസിനെ അത്ഭുത വിജയത്തിലേക്ക് നയിച്ചു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഈ ലേഖനത്തിലൂടെ.
ബിജെപി ഭരിച്ചിരുന്ന കാലങ്ങളിലെല്ലാം ലിംഗായത്ത് സമുദായം ശക്തമായ സ്വാധീനം ഭരണ സംവിധാനങ്ങളില്‍ ചെലുത്തിയുരുന്നു. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ ലിംഗായത്ത് സമുദായാംഗമാണ്. പിന്നീടു വന്ന ബസവരാജ് ബൊമ്മൈയും ലിംഗായത്തുകള്‍ക്ക് സൈ്വര്യവിഹാരത്തിന് വേദിയൊരുക്കി. ലിംഗായത്തുകള്‍ക്ക് കിട്ടിക്കൊണ്ടിരുന്ന അമിത പ്രാധാന്യം മറ്റു സമുദായങ്ങളിലും മതവിഭാഗങ്ങളിലും അതൃപ്തിയുളവാക്കി. മുസ്്‌ലിം സമുദായത്തിന് ലഭിച്ചിരുന്ന നാലു ശതമാനം ഒബിസി സംവരണം ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അസംതൃപ്തരെ ഏകോപിപ്പിക്കാന്‍ പലപ്പോഴും കോണ്‍ഗ്രസിനു കഴിഞ്ഞില്ല എന്നതാണ് വസ്തുത. അതിനു പ്രധാന കാരണം ജനതാദളായിരുന്നു. ലിംഗായത്തിനോളം അംഗബലവും സാമ്പത്തിക ശക്തിയുമുള്ള വൊക്കലിഗ സമുദായം ജനതാദളിനൊപ്പമായിരുന്നു. ദക്ഷിണ കര്‍ണ്ണാടക മുഴുവന്‍ വൊക്കലിഗ സമുദായത്തിന്റെ സ്വാധീനത്തിലാണ്. ഉത്തര കര്‍ണ്ണാടക ലിംഗായത്ത് സമുദായത്തിന്റെ സ്വാധീനത്തിലും. വൊക്കലിഗ സമുദായം പിന്തുണച്ചിരുന്നത് ദേവഗൗഡയുടെ ജനതാദളിനെയായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിംങ്ങലും കോണ്‍ഗ്രസിനൊപ്പം നിന്നു. രാഷ്ട്രീയ സമവാക്യം ഇങ്ങനെയായിരുന്നതുകൊണ്ട് ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു.
ജനതാദളില്‍ നിന്ന് വൊക്കലിഗ സമുദായത്തെ അടര്‍ത്തിയെടുത്ത് കോണ്‍ഗ്രസിന്റെ പോക്കറ്റിലാക്കിയെന്നതാണ് ഡി. കെ. ശിവകുമാര്‍ ചെയ്ത മാജിക്. ലിംഗായത്ത് ഇതര സമുദായങ്ങളെ ഒരുമിപ്പിക്കാനും ഡി. കെയ്ക്ക് സാധിച്ചു. ലിംഗായത്ത് സമുദായത്തില്‍ കുറേയേറെ വിഭാഗങ്ങള്‍ ഉണ്ട്. ഇതില്‍ ബിജെപിയോട് ഇടഞ്ഞ് നിന്ന വിഭാഗങ്ങളെ കോണ്‍ഗ്രസിനോട് അടുപ്പിക്കുന്നതിലും ഡി. കെ. വിജയിച്ചു.
ഇങ്ങനെ എല്ലാ വിഭാഗങ്ങളെയും കോണ്‍ഗ്രസിന്റെ കുടക്കീഴിലാക്കാനുള്ള സമവാക്യം രൂപപ്പെടുത്തിയെന്നതാണ് ഡി. കെയുടെ മിടുക്ക്.
വൊക്കലിഗ സമുദായംഗമായ ഡി. കെ. ശിവകുമാര്‍ 1962ല്‍ ഒരു ജന്മി കുടുംബത്തില്‍ ജനിച്ചു. ദൊഡലഹള്ളി കംമ്പേഗൗഡ ശിവകുമാറെന്നാണ് മുഴുവന്‍ പേര്. കര്‍ണ്ണാടക സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രവര്‍ത്തകനായിരുന്നു. 1985-ല്‍ ദേവഗൗഡയ്‌ക്കെതിരെ മത്സരിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്.

1989ല്‍ സാത്തന്നൂര്‍ മണ്ഡലത്തില്‍ഡ നിന്ന് മത്സരിച്ച് ജയിച്ചു. 1991-92 കാലഘട്ടത്തില്‍ ബംഗാരപ്പ മന്ത്രിസഭയില്‍ മന്ത്രിയായി. തുടര്‍ന്ന് വന്ന എല്ലാ കോണ്‍ഗ്രസ് മന്ത്രിസഭകളിലും മന്ത്രിയായിരുന്നു.
പരമ്പരാഗതമായി ജന്മി കുടുംബത്തിലെ അംഗമായതുകൊണ്ടു തന്നെ 1000 കോടിയിലധികമാണ് ഡി. കെയുടെ സ്വത്തുക്കള്‍. നിരവധി കെട്ടിടങ്ങളും റിസോര്‍ട്ടുകളും വ്യവസായശാലകളും ഡി. കെയ്ക്കുണ്ട്.
2002ലാണ് ഡി. കെയെ ദേശീയ മാധ്യമങ്ങള്‍ ശ്രദ്ധിച്ച് തുടങ്ങുന്നത്. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന വിലാസ് റാവു ദേശ്മുഖിനെതിരെ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു. മറുകണ്ടം ചാടുമെന്ന് ഭയപ്പെട്ടിരുന്ന എംഎല്‍എമാരെ കര്‍ണാടകയിലെ ഡി. കെയുടെ റിസോര്‍ട്ടിലാണ് താമസിപ്പിച്ചത്.
2017-ല്‍ ഗുജറാത്തിലെ അഹമ്മദ് പട്ടേല്‍ രാജ്യസഭയിലേക്ക് മത്സരിച്ചു. അപ്പോഴും സമാനമായൊരു സാഹചര്യം ഉടലെടുത്തു. 45 എംഎല്‍എമാരെ കര്‍ണാടകയിലെത്തിച്ച് ഡി. കെയുടെ റിസോര്‍ട്ടില്‍ താമസിപ്പിച്ചു. അങ്ങനെ കോണ്‍ഗ്രസിലെ ഒരു ട്രബിള്‍ ഷൂട്ടറായി ഡി. കെ. മാറി.
2018ല്‍ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ശിവകുമാറിനെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള ചാര്‍ജ് ഷീറ്റിടുകയും 15 ദിവസം തീഹാര്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു.
ദേവഗൗഡ കുടുംബത്തിന്റെ ശോഷണമാണ് ഡി. കെ. ശിവകുമാറിന് വളമായി മാറിയത്.
ബാംഗ്ലൂരിന് അടുത്ത് കനക്പുര മണ്ഡലത്തില്‍ നിന്നാണ് ഡി. കെ. മത്സരിക്കുന്നത്. റോക്ക് ഓഫ് കനക്പുരയെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഡി. കെയെ അഭിസംബോധന ചെയ്യാറുണ്ട്.

സിദ്ധരാമയ്യയുമായുള്ള സന്ധിയുടെ ഫലമായി നിലവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുന്ന ഡി. കെ. വരും കാലങ്ങളില്‍ മുഖ്യമന്ത്രിയായി കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ശിവകുമാര്‍ യുഗത്തിന് തുടക്കമിടുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.