നായ വളര്‍ത്തല്‍ മികച്ചൊരു ഹോബിയാണ്. കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നായവളര്‍ത്തലിലൂടെ വരുമാനവും നേടാനാകും. വംശശുദ്ധിയുള്ള നല്ലയിനം നായയെ വാങ്ങുകയാണ് ആദ്യ ചെയ്യേണ്ടത്. വിപണനത്തിന് ആവശ്യമായ രീതിയില്‍ നായ്ക്കുട്ടികള ഉല്‍പാദിപ്പിച്ചെടുക്കുകയെന്നതാണ് പിന്നീടുള്ള കടമ്പ. നായയുടെ ഇണചേരല്‍ മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങളില്‍ അതീവശ്രദ്ധ പുലര്‍ത്തണം. അതിന് ഉപകരിക്കുന്ന ചില കാര്യങ്ങള്‍ ചുവടെ.
അമിതമായി ആഹാരം നല്‍കിയാല്‍ നായ്ക്കള്‍ വേഗത്തില്‍ ഭാരം വയ്ക്കും. വീട്ടില്‍ ബാക്കിവരുന്ന ഭക്ഷണ സാധനങ്ങളെല്ലാം നായ്കള്‍ക്ക് നല്‍കരുത്. ആഹാരത്തിന് ഒരു ചിട്ട പാലിക്കണം. രാവിലെ എഴു മണിക്ക് 150 ഗ്രാം ഡോഗ് ഫുഡ്. അല്ലെങ്കില്‍ മുത്താറി കുറുക്കിയതും മുട്ടയും പാലും. ഉച്ചകഴിഞ്ഞ് 3.30ന് ചോറും ഇറച്ചിയും അല്ലെങ്കില്‍ ചോറും മത്തിയും മഞ്ഞള്‍ പൊടി ചേര്‍ത്ത് നല്‍കുക. ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കുന്ന സംവിധാനം കൂട്ടില്‍ ഒരുക്കുക.
പട്ടിക്കൂട് വൃത്തിയായി സൂക്ഷിക്കുക. വിസര്‍ജ്യങ്ങള്‍ യഥാസമയം തന്നെ കൂട്ടില്‍ നിന്ന് നീക്കം ചെയ്യുക. ഇതിനായി കൂടിനോട് അനുബന്ധിച്ച് പ്രത്യേക സെപ്റ്റിക് ടാങ്ക് തന്നെ നിര്‍മിക്കാം.
കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പ്രകാരം കുട്ടിക്ക് ജന്മം നല്‍കുന്ന നായയുടെ പ്രായം 18 മാസത്തിന് മുകളിലാകണം. നായ്ക്കുട്ടിക്ക് കെന്നല്‍ ക്ലബിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഈ നിബന്ധന പാലിക്കണം.
ഇണചേരല്‍ കഴിഞ്ഞാല്‍ 60-62 ദിവസത്തിനുള്ളില്‍ നായ് പ്രസവിക്കും. പ്രസവ സമയത്ത് കുട്ടി പുറത്തുവന്നാല്‍ ഉടന്‍ അതിനെ വൃത്തിയാക്കി നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന കാര്‍ബോര്‍ഡ് പെട്ടികളിലേക്ക് മാറ്റണം. തള്ളപ്പട്ടി കുഞ്ഞിന് മുകളിലേക്ക് കയറി കുഞ്ഞ് ചത്തുപോകാതിരിക്കുന്നതിനാണിത്. അപൂര്‍വമായ് ചില നായ്ക്കള്‍ ഈ സമയങ്ങള്‍ അക്രമകാരികളാകാറുണ്ട്.
മഴക്കാലമാണെങ്കില്‍ ഇലക്ട്രിക് ബള്‍ബ് ഉപയോഗിച്ച് നായ്ക്കുട്ടികള്‍ക്ക് ചൂട് നല്‍കണം.
മൃഗഡോക്ടറുടെ ഉപദേശ പ്രകാരം വിറ്റാമിനുകളും പ്രതിരോധ കുത്തിവയ്പ്പുകളും എടുക്കുക. കെന്നല്‍ ക്ലബില്‍ രജിസ്റ്റര്‍ ചെയ്യുക.