ഷമ്മിയും തബല അയ്യപ്പനും നേര്‍ക്കുനേര്‍!
മലയാള സിനിമയില്‍ സൈക്കോ കഥാപാത്രങ്ങളെ മികച്ച രീതിയില്‍ ആവിഷ്‌ക്കരിച്ച നടന്മാരാണ് ഭരത് ഗോപിയും ഫഹദ് ഫാസിലും. ഭരത് ഗോപിയുടെ അജയ്യ കഥാപാത്രമായ യവനികയിലെ തബല അയ്യപ്പനൊപ്പം നില്‍ക്കുന്ന പ്രകടനങ്ങളോടെയാണ് കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിക്ക് ഫഹദ് ജീവന്‍ കൊടുത്തത്. ഏറെക്കുറെ ഒരേ ധ്രുവത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും അഭിനയ രീതികളെ വിശകലനം ചെയ്യുകയാണ് ചുവടെ:

അഭിനയ കലയിലെ രണ്ട് ശാഖകളാണ് മെത്തേഡ് ആക്ടിങും ക്ലാസിക്കല്‍ ആക്ടിങും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രൂപപ്പെട്ടതാണ് മെത്തേഡ് ആക്ടിങ്. കഥാപാത്രത്തിന്റെ സാമൂഹിക പശ്ചാത്തലവും മാനസിക പശ്ചാത്തലവും മനസിലാക്കി അവയില്‍ നിന്ന് ഉരിത്തിരിഞ്ഞുവരുന്ന ശരീരഭാഷയെ കൃത്യമായി പ്രകടിപ്പിക്കുന്നതാണ് മെത്തേഡ് ആക്ടിങ്. നടന് കഥാപാത്രത്തിലേക്കൊരു പരകായ പ്രവേശം തന്നെ വേണ്ടിവരുന്നതിനാല്‍ മെത്തേഡ് ആക്ടിങ് താരതമ്യേന ദുഷ്‌ക്കരവുമാണ്.
എന്നാല്‍ ക്ലാസിക്കല്‍ ആക്ടിങ് താരതമ്യേന എളുപ്പമുള്ളതാണ്. കാരണം കഥാപാത്രത്തിന്റെ ശരീരഭാഷ മാത്രം ചിട്ടപ്പെടുത്തിയുള്ള അഭിനയമാണത്. ക്ലാസിക്കല്‍ ആക്ടിങില്‍ നടന്‍ തന്റെ വ്യക്തിത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ കഥാപാത്രമായി വേഷം കെട്ടുകയാണ് ചെയ്യുന്നത്. അത് കേവലം വേഷപകര്‍ച്ച മാത്രമാണ്.
ചില കഥാപാത്രങ്ങളെ ആവിഷ്‌ക്കരിക്കുമ്പോള്‍ മെത്തേഡ് ആക്ടിങ് പിന്തുടരുകയും വെറെ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ക്ലാസിക്കല്‍ ആക്ടിങ് പിന്തുടരുകയും ചെയ്യുന്ന നടനാണ് ഫഹദ് ഫാസില്‍. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ മെത്തേഡ് ആക്ടിങാണ് ഫഹദ് പിന്തുടരുന്നത്. ട്രാന്‍സിലെ വിജു പ്രസാദ്, ആര്‍ട്ടിസ്റ്റിലെ മൈക്കിള്‍, കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി തുടങ്ങിയവയെല്ലാം ഉദാഹരണങ്ങളാണ്. എന്നാല്‍ ഇമ്മാനുവേല്‍, റെഡ് വൈന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ഇയോബിന്റെ പുസ്തകം, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഫഹദ് പിന്തുടരുന്നത് ക്ലാസിക്കല്‍ ആക്ടിങ്ങാണ്. ചുരുക്കത്തില്‍ മെത്തേഡ് ആക്ടിങ്ങും ക്ലാസിക്കല്‍ ആക്ടിങ്ങും തരംപോലെ ഉപയോഗിക്കാന്‍ ഫഹദ് മടിക്കുന്നില്ല.

ഭരത് ഗോപിയാകട്ടെ ക്ലാസിക്കല്‍ ആക്ടിങ്ങിന്റെ രീതികള്‍ എവിടെയും ഉപയോഗിച്ചിട്ടില്ല. അദ്ദേഹം ആദ്യമധ്യാന്തം പിന്തുടര്‍ന്നത് മെത്തേഡ് ആക്ടിങ്ങാണ്. ഒരുപക്ഷെ, നാടക പശ്ചാത്തലമാകാം ഗോപിയെ സ്വാധീനിച്ചത്. കൂടാതെ പി. ജെ. ആന്റണി, കരമന ജനാര്‍ദ്ദനന്‍ നായര്‍, തിലകന്‍, നെടുമുടി വേണു തുടങ്ങി മെത്തേഡ് ആക്ടിങ്ങില്‍ പ്രഗല്‍ഭരായിരുന്ന അന്നത്തെ സഹപ്രവര്‍ത്തകരുടെ സാനിധ്യവും സ്വാധീനിച്ചിരിക്കാം. യവനികയിലെ തബല അയ്യപ്പന്‍, പാളങ്ങളിലെ ബാലന്‍ മേനോന്‍, കൊടിയേറ്റത്തിലെ ശങ്കരന്‍ കുട്ടി, പഞ്ചവടിപാലത്തിലെ ദുശ്ശാസന കുറുപ്പ്, സന്ധ്യമയങ്ങും നേരത്തിലെ ബാലഗംഗാധര മേനോന്‍ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം മലയാളികളുടെ മനസ്സിലേക്ക് കയറിയത് ഗോപിയുടെ മെത്തേഡ് ആക്ടിങ്ങിന്റെ മികവുകൊണ്ടാണ്.

മേത്തേഡ് ആക്ടിങ്ങില്‍ ഹഫദ് ഫാസില്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്ന ടൂള്‍ കണ്ണുകളാണ്. കണ്ണുകൊണ്ടുള്ള വികാരാവിഷ്‌ക്കാരം തീര്‍ത്തും വിസ്മയാവഹമാണുതാനും. അതേ സമയം ഭരത് ഗോപി എല്ലാ അവയവങ്ങളും മെത്തേഡ് ആക്ടിങ്ങിനായി ഉപയോഗിപ്പെടുത്തുന്നു. മെത്തേഡ് ആക്ടിങ്ങിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തിയ നടനാണ് ഭരത് ഗോപി.

പൗരുഷത്തില്‍ പോലും ഏറ്റക്കുറച്ചിലുകള്‍ കൊണ്ടുവരാന്‍ ഭരത് ഗോപിക്ക് കഴിയുന്നുണ്ട്. യവനികയിലെ തബല അയ്യപ്പനും പാളങ്ങളിലെ ബാലന്‍ മേനോനും പുരുഷ മേധാവിത്വത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളായി നില്‍ക്കെയാണ് പഞ്ചവടിപാലത്തിലെ ദുശ്ശാസനക്കുറുപ്പും, കള്ളന്‍ പവിത്രനിലെ മാമച്ചനും പൗരുഷമില്ലാത്ത പുരുഷ ശരീരങ്ങളായി വെള്ളിത്തിരയില്‍ എത്തിയത്.

ചിദംബരത്തിലെ മോഹന്‍ ദാസ് സാത്വികനായ ദുഷ്‌ക്കര്‍മ്മിയാണ്. മെത്തേഡ് ആക്ടിങ്ങിന്റെ അതിമനോഹരമായ അവതരണമാണ് അതില്‍ ഗോപി കാഴ്ച വച്ചിരിക്കുന്നത്.
നായക വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ഭരത് ഗോപി ഒരു നായകനായി ലേബല്‍ ചെയ്യപ്പെട്ടിരുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന് ലഭിച്ചൊരാനുകൂല്യം. അതുകൊണ്ടുതന്നെ ചെറുതും വലുതുമായി വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെയും അനായാസമായി കൈകാര്യം ചെയ്യാന്‍ ഭരത് ഗോപിക്ക് കഴിഞ്ഞിട്ടുണ്ട്.
കഷണ്ടി പോലും അഭിനയത്തിന്റെ ഒരു ടൂളായി ഉപയോഗിക്കാന്‍ ഇരുവരും മടി കാണിച്ചില്ല എന്നതും ഓര്‍മ്മിക്കേണ്ടതാണ്.
