ലോകകപ്പില്‍ ഒരിക്കല്‍ മാത്രം മുത്തമിട്ടവര്‍


ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാം എഡിഷന് ഖത്തറില്‍ കൊടി ഉയരുമ്പോള്‍ ഇത്തവണ ആരാകും ചാമ്പ്യന്മാര്‍ എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം. അഞ്ച് തവണ കപ്പടിച്ച ബ്രസീലും നാല് തവണ ചാമ്പ്യന്മാരായ ജര്‍മ്മനിയും രണ്ട് തവണ കിരീടം ചൂടിയ അര്‍ജന്റീനയും ഫ്രാന്‍സുമെല്ലാം സാധ്യതാ പട്ടികയിലെ മുന്‍നിരയില്‍ തന്നെയുണ്ട്. ഖത്തറില്‍ ഒളിഞ്ഞിരിക്കുന്ന സസ്‌പെന്‍സ് എന്തെന്നറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം.

ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ ഒരിക്കല്‍ മാത്രം കളിക്കുകയും അതില്‍ വിജയിച്ച് ലോക ചാമ്പ്യന്മാരാകുകയും ചെയ്ത രണ്ടു ടീമുകളാണ് 1966ലെ ജേതാക്കളായ ഇംഗ്ലണ്ടും 2010ല്‍ കിരീടം ചൂടിയ സ്‌പെയ്‌നും. പിന്നീട് ഇതുവരെ അവര്‍ ഫൈനലില്‍ എത്തിയിട്ടില്ല.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഡിഫഡറായ ബോബി മൂറിന്റെ മിടുക്കിലാണ് 1966ല്‍ ലണ്ടനിലെ വിംബ്ലി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ടീം കപ്പ് ഉയര്‍ത്തിയത്. ജര്‍മ്മനിയായിരുന്നു എതിരാളികള്‍. ഇരു ടീമുകളും ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലില്‍ എത്തിയത്. സെമി ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടുന്നതുവരെ ഒരു ഗോളു പോലും വഴങ്ങാതെയായിരുന്നു ഫൈനലിലേക്കുള്ള ഇംഗ്ലണ്ട് ടീമിന്റെ ജൈത്രയാത്ര.
12-ാം മിനിറ്റില്‍ ഹെല്‍മുട്ട് ഹാളറുടെ ഗോളോടെ മുന്നിലെത്തിയ ജര്‍മ്മനിയുടെ ഒപ്പമെത്താന്‍ ആറു മിനിറ്റുകള്‍ മാത്രമേ ഇംഗ്ലണ്ടിന് വേണ്ടി വന്നുള്ളു. ഫസ്റ്റ് ഹാഫിന് ശേഷം 77ാം മിനിറ്റില്‍ മാര്‍ട്ടിന്‍ പീറ്റേഴ്‌സിന്റെ ഗോളിലൂടെ ഇംഗ്ലണ്ട് മുന്നിലെത്തി. 89ാം മിനിറ്റില്‍ മറുപടി ഗോള്‍ നേടി 2-2 ല്‍ ഇംഗ്ലണ്ടിനെ പിടിച്ചു കെട്ടാന്‍ ജര്‍മ്മനിയുടെ വിഫല ശ്രമം. കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. ആഞ്ഞു കളിച്ച ഇംഗ്ലണ്ടിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. എക്‌സ്ട്രാ ടൈമിന്റെ 11-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹൂസ്റ്റിന്റെ ക്ലോസ് റേഞ്ച് ഷോട്ട് ക്രോസ് ബാറിന് അടിയില്‍ തട്ടി താഴേക്ക്. പന്ത് ഗോള്‍ ലൈനിന് ഉള്ളില്‍ പതിച്ച് പുറത്തേക്ക് തെറിച്ചു. ലൈന്‍ റഫറി ഗോള്‍ അനുവദിച്ചു. അത് ഏറെ വിവാദമായി. ഒരു ഗോള്‍ കൂടി അടിച്ച് 4-2 എന്ന മികച്ച ഗോള്‍ നിലയില്‍ കപ്പടിച്ചെങ്കിലും വിവാദ ഗോളിന്റെ പേരിലാണ് പിന്നീട് 1966 ലോകകപ്പ് അറിയപ്പെട്ടത്.

2010ല്‍ നെതര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സ്‌പെയ്ന്‍ ആദ്യമായി ലോകകപ്പുയര്‍ത്തിയത്. ജോഹനാസ്ബര്‍ഗിലെ സോക്കര്‍സിറ്റിയിലായിരുന്നു ഫൈനല്‍ മത്സരം. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനോട് ഒരു ഗോളിന് പരാജയപ്പെട്ടാണ് സ്‌പെയ്ന്‍ കളി തുടങ്ങിയത്. പിന്നീടുള്ള മത്സരങ്ങളിലെല്ലാം മികച്ച വിജയം നേടി. സെമിയില്‍ ജര്‍മ്മനിയെ പരാജയപ്പെടുത്തി. മികച്ച പ്രകടനത്തോടെയായിരുന്നു നെതര്‍ലന്റിന്റേയും ഫൈനല്‍ പ്രവേശനം. അടിയും തിരിച്ചടിയുമായി വാശിയേറിയ മത്സരമായിരുന്നെങ്കിലും ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായി കടന്നു പോയി. 116ാം മിനിറ്റില്‍ ഇനിയസ്റ്റയുടെ ഗോളോടെ ഫിഫാ വേള്‍ഡ് കപ്പ് ചാമ്പ്യന്‍മാരുടെ പട്ടികയില്‍ സ്‌പെയ്‌നും പേര് എഴുതി ചേര്‍ത്തു.

മൂന്ന് തവണ ഫൈനലില്‍ കളിച്ചിട്ടും ഫിഫാ കപ്പില്‍ മുത്തമിടാന്‍ യോഗമില്ലാതെ പോയ ടീമാണ് നെതര്‍ലന്റ്. 1974, 1978, 2010 വര്‍ഷങ്ങളില്‍ നെതര്‍ലന്റ് ഫൈനലില്‍ കളിച്ചു. ഹങ്കറിയും ചെക്ക് റിപ്പബ്ലിക്കും രണ്ട് തവണ വീതം ഫൈനലില്‍ എത്തി. സ്വീഡനും ക്രോയേഷ്യയും ഓരോ തവണ ഫൈനല്‍ കളിച്ചു.


Leave a Reply

Your email address will not be published. Required fields are marked *