താടിക്കും തൊപ്പിക്കും മൂത്രത്തിനും വരെ നികുതി… ഭീരുക്കള്‍ പേടി നികുതിയും അടയ്ക്കണം… ഇതെന്തു ലോകം!
കഴിഞ്ഞ ദിവസം ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2023-24 സാമ്പത്തിക വര്‍ഷത്തിലെ കേരള ബജറ്റ്, നികുതി വര്‍ധനവിന്റെ പേരില്‍ ഏറെ ചര്‍ച്ചയായി. പെട്രോളിനും ഡീസലിനും മദ്യത്തിനും നികുതി വര്‍ദ്ധിപ്പിച്ച ധനമന്ത്രി പൂട്ടികിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയത് കൗതുകമായി. രണ്ടു വീടുള്ളയാള്‍ക്ക് അധിക നികുതി ചുമത്തുമെന്നും പ്രഖ്യാപനമുണ്ടായി. സോഷ്യല്‍ മീഡയകളില്‍ ഇതു സംബന്ധിച്ച ട്രോളുകള്‍ ഒഴുകുകയാണ്.
എന്നാല്‍ ട്രോളുകളെ പോലും നാണിപ്പിക്കുന്നതായിരുന്നു പണ്ടത്തെ നികുതി വ്യവസ്ഥ. രാജകുടുംബത്തിന്റെ ആഡംബരത്തിനും ധൂര്‍ത്തിനുമായി ജനങ്ങളെ കൊള്ളയടിക്കുന്ന സംവിധാനമായാണ് നികുതിയുടെ രംഗപ്രവേശം. താടിക്കും തൊപ്പിക്കും മൂത്രത്തിനും വരെ നികുതി ഏര്‍പ്പെടുത്തിയ അധികാരികള്‍ ചരിത്രത്തിലുണ്ട്. അത്തരം ചില സംഭവങ്ങളാണ് ചുവടെ:
തിരുവിതാംകൂറില്‍ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് മുലക്കച്ച അണിയണമെങ്കില്‍ നികുതി ഒടുക്കേണ്ടിയിരുന്നു. നികുതി അടയ്ക്കാന്‍ കഴിയാത്തവര്‍ മാറ് മറയ്ക്കാതെ നടക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതിനെതിരെ നങ്ങേലിയെന്ന വീരാംഗന മാറ് മുറിച്ച് നടത്തിയ സമരം ബ്രിട്ടീഷുകാരുടെ ശ്രദ്ധയില്‍പ്പെടുകയും അവര്‍ ഈ നികുതി നിര്‍ത്തലാക്കുകയും ചെയ്തു.
പിന്നാക്ക വിഭാഗങ്ങളിലെ പുരുഷന്മാര്‍ക്ക് മീശ വയ്ക്കണമെങ്കില്‍ കരം ഒടുക്കണമായിരുന്നു. കല്ലുകൊണ്ട് വീട് നിര്‍മ്മിക്കാനും ഓട് മേയാനും തിരുവിതാംകൂറില്‍ നികുതി നല്‍കണമായിരുന്നു.
ഇംഗ്ലണ്ടില്‍ ഒരുകാലത്ത് ജനാലകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയിരുന്നു. ജനാലകളുടെ എണ്ണം അനുസരിച്ചായിരുന്നു നികുതി. കൂടുതല്‍ ജനാലകളുണ്ടെങ്കില്‍ കൂടുതല്‍ നികുതി ഒടുക്കേണ്ടി വന്നു. അതോടെ പുതിയ വീട് നിര്‍മിക്കുന്നവര്‍ ജനാല വയ്ക്കാതെയായി. അത് പലര്‍ക്കും ശ്വാസകോശ രോഗങ്ങള്‍ സമ്മാനിച്ചു. രോഗികളുടെ എണ്ണം കൂടിയതോടെയാണ് ജനാല നികുതി റദ്ദാക്കുന്നത്. ഇഷ്ടികകൊണ്ട് വീട് നിര്‍മ്മിക്കാനും ഇംഗ്ലണ്ടില്‍ ഒരുകാലത്ത് നികുതി അടയ്‌ക്കേണ്ടിയിരുന്നു. ചിമ്മിനി അടുപ്പിനും നികുതി നല്‍കണമായിരുന്നു.
ഇംഗ്ലണ്ടില്‍ വലിയ തൊപ്പി ധരിച്ചിരുന്നത് സമ്പന്നരായ ഡ്യൂക്ക് കുടുംബത്തില്‍പെട്ടവരായിരുന്നു. സാധാരണക്കാരും സ്വപ്രയത്‌നത്തിലൂടെ ധനികരായതോടെ അവരും വലിയ തൊപ്പികള്‍ ധരിക്കാന്‍ ആരംഭിച്ചു. ഇതോടെ വലിയതൊപ്പിക്ക് നികുതി ഈടാക്കി തുടങ്ങി.

ഇംഗ്ലണ്ടില്‍ ഹെന്‍ട്രി ഒന്നാമന്‍ രാജാവ് നടപ്പിലാക്കിയ വളരെ വിചിത്രമായൊരു നികുതിയാണ് പേടി നികുതി. അതായത് യുദ്ധമുണ്ടാകുമ്പോള്‍ പട്ടാളക്കാരുടെ എണ്ണം കുറവാണെങ്കില്‍ ആരോഗ്യമുള്ള പുരുഷന്മാരും യുദ്ധത്തില്‍ പങ്കെടുക്കണം. എന്നാല്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ പേടിയുള്ളവര്‍ പേടി നികുതി അടച്ചാല്‍ യുദ്ധത്തില്‍ പങ്കെടുക്കാതെ രക്ഷപ്പെടാം.
റഷ്യയിലെ സര്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലം. യൂറോപ്പിന്റെ ഭാഗമാകുന്നതിനായി പരിശ്രമിച്ചിരുന്ന രാജ്യമായിരുന്നു റഷ്യ. താടി നീട്ടി വളര്‍ത്തുക അന്ന് റഷ്യന്‍ പൗരന്മാരുടെ ശീലമായിരുന്നു. ഇടയ്ക്കിടെയുള്ള യൂറോപ് യാത്രയില്‍ സര്‍ ചക്രവര്‍ത്തി ഒരു കാര്യം ശ്രദ്ധിച്ചു. യൂറോപ്പിലുള്ളത് താടിയൊക്കെ വടിച്ച്, മീശ സ്റ്റൈലില്‍ വെട്ടിയൊതുക്കി നടക്കുന്ന സുന്ദരന്മാരാണ്. തന്റെ രാജ്യത്തെ പൗരന്മാര്‍ ജഡപിടിച്ച താടിയുമായി നടക്കുന്ന പ്രാകൃതര്‍. പ്രജകളെ യൂറോപ്യന്‍ സ്റ്റൈലിലേക്ക് മാറ്റാന്‍ സര്‍ ചക്രവര്‍ത്തി താടിക്ക് നികുതി ഏര്‍പ്പെടുത്തി. ഗത്യന്തരമില്ലാതെ റഷ്യക്കാര്‍ക്ക് താടി വടിക്കേണ്ടതായി വന്നു.
റോമന്‍ സാമ്രാജ്യത്തില്‍ ഏറെ കൗതുകമുള്ളൊരു നികുതി പിരിച്ചിരുന്നു. മൂത്ര നികുതി. അമോണിയ അടങ്ങിയിരുന്നതിനാല്‍ അക്കാലത്ത് തുണിയലക്കാനായി റോമക്കാര്‍ മൂത്രം ഉപയോഗിച്ചിരുന്നു. വീടുകളില്‍ നിന്ന് മൂത്രം ഒരുകൂട്ടര്‍ ശേഖരിക്കും. അവര്‍ അത് നിശ്ചിത പഴക്കമെത്തുമ്പോള്‍ തുണി അലക്കാനായി വില്‍പനയ്ക്ക വയ്ക്കും. ആ വില്‍പ്പനയ്ക്കായിരുന്നു മൂത്ര നികുതി ഏര്‍പ്പെടുത്തിയിരുന്നത്.
ഈജിപ്തില്‍ പാചക എണ്ണ ഉപയോഗിക്കണമെങ്കില്‍ ഒരുകാലത്ത് നികുതി നല്‍കണമായിരുന്നു. ഇന്ത്യയിലും ഫ്രാന്‍സിലും ഉപ്പ് നികുതി രാഷ്ട്രീയ ആയുധമായി.

1831ലാണ് മൈക്കിള്‍ ഫാരഡേ ഇലക്ട്രിക് ഡൈനാമോ കണ്ടുപിടിക്കുന്നത്. തന്റെ കണ്ടുപിടുത്തത്തിന്റെ സാധ്യത മനസിലാക്കിയ ഫാരഡേ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ വില്യം ഗ്ലാഡ്‌സ്റ്റോണിനെ പോയിക്കണ്ടു. വൈദ്യുതി നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള പ്രോജക്ടുമായാണ് ഫാരഡേ പ്രധാനമന്ത്രിയെ കാണുന്നത്. പക്ഷെ, ഗ്ലാഡ്‌സ്റ്റോണിന് ഫാരഡേയുടെ ആശയം ഉള്‍ക്കൊള്ളാനായില്ല. ഇതില്‍ നിന്ന് ഒരു മെച്ചവും ഉണ്ടാകാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വൈദ്യുതിക്ക് നികുതി ഏര്‍പ്പെടുത്താമെന്നും അതില്‍ നിന്നും വലിയൊരു വരുമാനം കണ്ടെത്താമെന്നും ഫാരഡേ സമര്‍ത്ഥിച്ചതോടെയാണ് വൈദ്യുതിയുടെ ഉല്‍പാദനവും വിതരണവും യാഥാര്‍ത്ഥ്യമായത്.
രാജഭരണ കാലത്ത് ജനങ്ങളെ കൊള്ളയടിക്കാനായി ഏര്‍പ്പെടുത്തിയതായിരുന്നു നികുതികള്‍. ജനാധിപത്യത്തിന്റെ ഉദയത്തോടെ ജനക്ഷേമത്തിനായി നികുതികള്‍ ഉപയോഗിക്കാന്‍ തുടങ്ങി. പക്ഷെ, ജനാധിപത്യത്തിന്റെ മാതൃകാ സ്ഥാപനങ്ങളെന്ന് അറിയപ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും നികുതി വരുമാനം പൂര്‍ണമായും ജനക്ഷേമകരമായ പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനാകുന്നില്ലെന്നതാണ് വസ്തുത.