പെനാല്‍ട്ടി ബോക്‌സില്‍ ഒതുങ്ങി നില്‍ക്കാതെ കളം നിറഞ്ഞ് കളിച്ചിരുന്ന കൊളംമ്പിയന്‍ ഗോളിയാണ് റെനേ ഹിഗ്വിറ്റ. ഗോള്‍ കീപ്പര്‍മാര്‍ അന്നുവരെ തുടര്‍ന്നു പോന്ന യാഥാസ്തിതിക ചിട്ടവട്ടങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതായിരുന്നു ഹിഗ്വിറ്റയുടെ പ്രകടനങ്ങള്‍. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ‘എല്‍ലോക്കോ’ എന്ന പേരു വീണത്. ‘എല്‍ലോക്കോ’ എന്ന സ്പാനിഷ് പദത്തിന് അര്‍ത്ഥം ഭ്രാന്തന്‍ എന്നാണ്. പക്ഷെ, അദ്ദേഹത്തിന്റെ ഭ്രാന്തമായ പല നീക്കങ്ങളും ഫുട്‌ബോള്‍ പ്രേമികളുടെ സിരകളെ ത്രസിപ്പിച്ചു. ലോകത്തിലെ മികച്ച 10 ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
മറഡോണയും പെലെയും മെസിയുമെല്ലാം കളി മികവു കൊണ്ട് ആരാധകരെ സൃഷ്ടിച്ചപ്പോള്‍ ഹിഗ്വിറ്റ തന്റെ സ്വഭാവ സവിശേഷതകള്‍കൊണ്ടും സ്‌റ്റൈലുകൊണ്ടുമാണ് ആരാധകരെ നേടിയത്. തേളിനെപ്പോലെ തിരിഞ്ഞുകുത്തിയുള്ള അദ്ദേഹത്തിന്റെ ഗോള്‍ സേവുകള്‍ സ്‌കോര്‍പിയണ്‍ സേവ് എന്ന് പേരില്‍ പ്രസിദ്ധമായി. 1995ല്‍ വെബ്ലിയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന സൗഹൃദമത്സരത്തിലായിരുന്നു ഹിഗ്വിറ്റയുടെ സ്‌കോര്‍പിയണ്‍ സേവ്.
1989-ല്‍ കോപ്പാ അമേരിക്കാ മത്സരത്തിലാണ് ആദ്യമായി കൊളംമ്പിയയ്ക്കു വേണ്ടി അദ്ദേഹം ബൂട്ടണിയുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ കളിയില്‍ വെനസ്വലെയായിരുന്നു എതിരാളികള്‍. മത്സരം രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് കൊളംമ്പിയ ജയിച്ചു. നാലു ഗോളുകളില്‍ ഒന്ന് പെനാല്‍ട്ടി എടുത്ത് എതിരാളിയുടെ ഗോള്‍ വല ഭേദിച്ച ഹിഗ്വിറ്റയുടെ പേരിലായിരുന്നു.
ഒരു ലോകകപ്പില്‍ മാത്രമേ ഹിഗ്വിറ്റയ്ക്ക് കളിക്കാന്‍ കഴിഞ്ഞുള്ളു. 1990ല്‍ ഇറ്റലിയില്‍ നടന്ന ലോകകപ്പില്‍ കൊളംമ്പിയ പ്രീ കോട്ടറില്‍ എത്തിയത് ഹിഗ്വിറ്റയുടെ മികവുകൊണ്ടു കൂടിയായിരുന്നു. പക്ഷെ, പ്രീ- കോട്ടറിലെ തോല്‍വിക്ക് കാരണമായത് ഹിഗ്വിറ്റയായിരുന്നു എന്നത് വിരോധാഭാസം. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ ഒരു ഗോളിന് പിന്നില്‍ നില്‍ക്കുമ്പോള്‍ ഹിഗ്വിറ്റ പോസ്റ്റ് വിട്ട് മുന്നോട്ടു കയറി. ലഭിച്ച പാസ് കണ്‍ട്രോളിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കാമറൂണിന്റെ എക്കാലത്തെയും മികച്ച താരം റോജര്‍ മില്ല ഹിഗ്വിറ്റയുടെ കാലില്‍ നിന്നും പന്ത് റാഞ്ചിയെടുത്ത് മുന്നോട്ടു കുതിച്ചു. പിന്നാലെ ഹിഗ്വിറ്റയും പാഞ്ഞു. പെനാല്‍ട്ടി ആര്‍ച്ചിനുള്ളില്‍ മില്ലയെ പിന്നില്‍ നിന്ന് വീഴ്ത്താന്‍ ഹിഗ്വിറ്റയുടെ വിഫല ശ്രമം. പെനാല്‍ട്ടി ബോക്‌സിന്റെ വര കടന്നപ്പോള്‍ മില്ല തൊടുത്തുവിട്ട ബോള്‍ കൊളംമ്പിയന്‍ വലകുലുക്കി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു അതെന്ന് പിന്നീട് ഹിഗ്വിറ്റ ഏറ്റു പറഞ്ഞു.
കൊക്കയ്ന്‍ രാജാവ് എന്ന് അറിയപ്പെട്ടിരുന്ന പാബ്ലോ എസ്‌കോബാറിന്റെ രാജ്യം കൂടിയാണ് കൊളംമ്പിയ. അധോലോക സംഘങ്ങള്‍ വളരെയധികം സജീവമായ രാജ്യം. മയക്കുമരുന്ന് നിര്‍മ്മാണവും കള്ളക്കടത്തും നടത്തുന്ന സംഘങ്ങള്‍ അവിടെ ധാരാളം. അമേരിക്കയില്‍ നിന്ന് പട്ടാളമിറങ്ങി കൊളംമ്പിയയിലെ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുള്ള അധോലോക സംഘങ്ങളുമായി ഹിഗ്വിറ്റയ്ക്ക് ബന്ധമുണ്ടായിരുന്നു. പാബ്ലോ എസ്‌കോബാറിന് വേണ്ടി നടത്തിയ ഒരു ക്രൈമില്‍ ഹിഗ്വിറ്റ പങ്കാളിയാകുകയും അതേത്തുടര്‍ന്ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും ഏഴു മാസം തടവുശിക്ഷ ലഭിക്കുകയും ചെയ്തു. അതോടെ പിന്നീടുള്ള ലോകകപ്പുകളില്‍ ഹിഗ്വിറ്റയ്ക്ക് കളിക്കാന്‍ സാധിക്കാതെ വന്നു.
ഗോള്‍ പോസ്റ്റ് വിട്ട് മുന്നോട്ടു കയറി കളിക്കുകയെന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. ആ ‘ഹൈ റിസ്‌ക്’ കളി കണ്ടാണ് സ്വീപ്പര്‍ കീപ്പര്‍ എന്ന് ഫുട്‌ബോള്‍ ലോകം അദ്ദേഹത്തെ വിളിച്ചത്. മൂന്ന് രാജ്യാന്തര ഗോളുകള്‍ ഹിഗ്വിറ്റ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ഫിന്‍ലന്റ്, പെറു, വെനസ്വല എന്നീ രാജ്യങ്ങള്‍ക്കെതിരിയാണ് പെനാല്‍ട്ടി കിക്കിലൂടെ ഹിഗ്വിറ്റ ഗോള്‍ നേടിയത്. പ്രൊഫഷണല്‍ മത്സരങ്ങളില്‍ നിന്ന് 43 ഗോളുകള്‍ ഹിഗ്വിറ്റ അടിച്ചു കൂട്ടി.
ഫുട്‌ബോളില്‍ ചരിത്രത്തിലെ ഒരധ്യായം എന്നാണ് ബിബിസിയുടെ സ്‌പോര്‍ട്‌സ് ലേഖകനായ ടിന്‍ വിക്‌റി ഒരിക്കല്‍ ഹിഗ്വിറ്റയെ വിശേഷിപ്പിച്ചത്. ഹിഗ്വിറ്റ പ്രദര്‍ശിപ്പിച്ച ധൈര്യവും വശ്യതും ആക്രമണോത്സുകതയുമൊക്കെയാകാം വിക്‌റിയെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. ഹിഗ്വിറ്റയുടെ കളി കാണാന്‍ മാത്രമായി ആരാധകര്‍ ഗാലറിയില്‍ നിറഞ്ഞിരുന്നു. ഡിഗോ മറഡോണയുടെ അടുത്ത സുഹൃത്തായിരുന്നു ഹിഗ്വിറ്റ. മറഡോണയുടെ അന്ത്യം വരെ ആ സൗഹൃദം നിലനിന്നു. 2005ല്‍ അദ്ദേഹം ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.
എഴുത്തുകാരനായ എന്‍. എസ് മാധവന്‍ ‘ഹിഗ്വിറ്റ’ എന്ന പേരില്‍ ചെറുകഥ എഴുതിയിട്ടുണ്ട്. പെനാല്‍ട്ടി ബോക്‌സിന്റെ അതിരുകള്‍ ഭേദിച്ച് അപകടകരമായി കളിക്കുന്ന ഹിഗ്വിറ്റയെ മാതൃകയാക്കിയാണ് അദ്ദേഹം കഥാനായകനെ മെനഞ്ഞെടുത്തിരിക്കുന്നത്.