ഓട്ടകയ്യില്‍ പണം നിറയാന്‍


സാലറി എത്ര കിട്ടിയാലും ഒന്നിനും തികയുന്നില്ലെന്നാണ് ചിലരുടെ പരാതി. മാസം പകുതി കഴിയുമ്പോഴേക്കും സാലറി മുക്കാലും കഴിഞ്ഞിരിക്കും. പിന്നെ തട്ടിമുട്ടി അടുത്ത സാലറി ഡേറ്റ് വരെ എങ്ങനെയോ കൊണ്ടുപോകും. അടുത്ത മാസം മുതല്‍ സമ്പാദിക്കണം എന്ന് തീരുമാനമെടുത്താലും കാര്യങ്ങള്‍ തഥൈവ!

സാമ്പത്തിക കാര്യങ്ങളില്‍ കുറച്ച് ശ്രദ്ധിച്ചാല്‍ ഇതിനെല്ലാം പരിഹാരം കാണാം. ആദ്യമായി വേണ്ടത് ഒരു സെല്‍ഫ് ഓഡിറ്റിങ്ങാണ്. ഒരു മാസം എത്ര സമ്പാദിക്കുന്നു, അത് എന്തിനെല്ലാം ചെലവഴിക്കുന്നു എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. അതിന് വരവ് ചെലവ് കണക്കുകള്‍ എഴുതി വയ്ക്കുന്ന ശീലം രൂപപ്പെടുത്തണം. വരവ് ചെലവ് കണക്കുകള്‍ കുറിച്ച് വയ്ക്കാന്‍ ഇപ്പോള്‍ ധാരാളം മൊബൈല്‍ ആപ്പുകള്‍ ലഭ്യമാണ്. പണം ചെലവാകുമ്പോള്‍ നിസാര തുകയാണെങ്കില്‍ പോലും കുറിച്ച് വയ്ക്കുകയോ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയോ വേണം. മാസാവസാനം കണക്ക് നോക്കിയാല്‍ പണം എത്ര വന്നു എങ്ങോട്ടുപോയി എന്ന് നമുക്ക് വ്യക്തമാകും. കഴിഞ്ഞ മാസം സംഭവിച്ച പാളിച്ചകള്‍ മനസിലാക്കി പരിഹരിച്ച് മുന്നോട്ടുപോകാന്‍ അത് സഹായിക്കും.

പത്രത്തിലും ടിവിയിലും മൊബൈലിലുമെല്ലാം പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. പലപ്പോഴും അത്യാവശ്യമല്ലാത്ത വസ്തുക്കള്‍ പോലും വാങ്ങിപ്പോകുന്നത് പരസ്യങ്ങളില്‍ മയങ്ങിയാണ്. സാധനങ്ങള്‍ വാങ്ങുന്നതിന് ‘ഒരു ദിവസ നിയമം’ പാലിക്കാന്‍ ശ്രമിക്കണം. ‘ഒരു ദിവസ നിയമം’ എന്താണന്നല്ലേ? എന്തെങ്കിലുമൊരു എടുത്ത് ചാടി വാങ്ങാതെ ഒരു ദിവസത്തെ വെയിറ്റിങ് പിരീഡ് വയ്ക്കുക. ആ ഒരു ദിവസം നന്നായി ചിന്തിക്കുക, ആ വസ്തു വാങ്ങേണ്ടത് അത്യാവശ്യമാണോ? ഒരു ദിവസം കഴിഞ്ഞും അതെ എന്നാണ് ഉത്തരം ലഭിക്കുന്നതെങ്കില്‍ മാത്രം അത് വാങ്ങുക.

ശമ്പളത്തിന്റെ 30 ശതമാനം സമ്പാദ്യമായി മാറ്റി വയ്ക്കുക. എന്തു പ്രശ്‌നം വന്നാലും അത് മാറ്റി വച്ചിരിക്കും എന്ന ശക്തമായ തീരുമാനം എടുക്കുക. എല്ലാവര്‍ക്കും 30 ശതമാനം മാറ്റിവയ്ക്കാന്‍ കഴിയില്ലായിരിക്കാം. പക്ഷെ, ചെറിയൊരു ശതമാനം എല്ലാ മാസവും മാറ്റി വയ്ക്കും എന്ന് ദൃഢനിശ്ചയം ഉണ്ടെങ്കില്‍ അത് മാറ്റി വയ്ക്കാന്‍ സാധിക്കും. കുറച്ചു മാസങ്ങള്‍ക്ക് ശേഷം അതൊരു തുകയായി മാറും. അത് സമ്പാദ്യ പദ്ധതികളിലേക്ക് മാറ്റി അതില്‍ നിന്ന് കൂടുതല്‍ റിട്ടേണ്‍ കിട്ടുന്ന രീതിയിലേക്ക് നിക്ഷേപിക്കാം.

ജീവിതഭാരം ചുമലിലേറ്റാന്‍ തുടങ്ങിയിട്ടില്ലാത്തവരാണെങ്കില്‍ ശമ്പളത്തെ 50, 30, 20 എന്നിങ്ങനെ ഭാഗിക്കുക. 50 ശതമാനം നമ്മുടെ എല്ലാ അത്യാവശ്യങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുക. 30 ശതമാനം സമ്പാദ്യമായി മാറ്റി വയ്ക്കുക. 20 ശതമാനം ഉല്ലാസത്തിനായി ഉപയോഗിക്കുക.

സാമ്പത്തിക അച്ചടക്കം ജോലിയില്‍ കയറുന്നതു മുതല്‍ ശീലിച്ചാല്‍ റിട്ടയര്‍മെന്റില്‍ മികച്ചൊരു സമ്പാദ്യമാകും നിങ്ങളെ കാത്തിരിക്കുക.


Leave a Reply

Your email address will not be published. Required fields are marked *