ഒരു പക്ഷെ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍


രാജീവ്‌ ഗാന്ധി ഘാതകര്‍ക്ക് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചനം ലഭിക്കുമ്പോള്‍ പലരുടെയും മനസില്‍ ഉയരുന്ന ചോദ്യമുണ്ട്. ഒരു പക്ഷേ, രാജീവ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നെങ്കില്‍ ഇന്നത്തെ ഇന്ത്യ എങ്ങനെയായിരിക്കും? കോണ്‍ഗ്രസും ബിജെപിയും ഇന്ന് ഏത് അവസ്ഥയിലായിരിക്കും? പാക്കിസ്ഥാനോട് എന്ത് നിലപാട് സ്വീകരിക്കും? അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് മലയാളി മെന്റര്‍.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ രാജീവ് ഗാന്ധിക്ക് ഇപ്പോള്‍ 78 വയസ് ഉണ്ടാകുമായിരുന്നു. വീട്ടുകാര്യങ്ങളില്‍ വ്യാപൃതയായി, ഉത്തമ കുടുംബിനിയായി സോണിയാ ഗാന്ധി ഒതുങ്ങുമായിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം സാധ്യമാകുമായിരുന്നില്ല.

തൊണ്ണൂറുകളിലെ സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനായി 1991ല്‍ നരസിംഹ റാവു സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണവും ഉദാരവല്‍ക്കരണവും നടപ്പിലാക്കി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കുതിപ്പ് നല്‍കാന്‍ ആ നടപടികള്‍ ഇടയാക്കി. രാജീവ് ഗാന്ധിയും അതേ നിലപാട് സ്വീകരിച്ചേനേ. കാരണം രാജീവ് ഗാന്ധിയുടെ ബുദ്ധി കേന്ദ്രങ്ങളില്‍ ഒരാളായിരുന്നു നരസിംഹ റാവു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ട ശേഷം രാജീവ് ഗാന്ധി പ്രധാനമന്ത്രി പദമേറ്റപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരെ എല്ലാം മാറ്റിയെങ്കിലും നരസിംഹ റാവുവിനെ ഒപ്പം നിര്‍ത്തി. അതുകൊണ്ടു തന്നെ 1991ലും രാജീവിനൊപ്പം നരസിംഹ റാവു ഉണ്ടാകുമായിരുന്നു. സ്വാഭാവികമായും മന്‍മോഹന്‍ സിങ്ങിനെ നേതൃത്വത്തിലേക്ക് കൊണ്ടുവരികയും സ്വകാര്യ, ഉദാരവല്‍ക്കരണ നയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.

രാജീവ് ഗാന്ധി ടെക്‌നോളജി പ്രിയനായിരുന്നു. സാംപിത്രോദയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതും ടെലിഫോണ്‍ വിപ്ലവം നടപ്പിലാക്കുന്നതും അദ്ദേഹത്തിന്റെ കാലത്താണ്. ഒരു പക്ഷെ, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി തുടരുമായിരുന്നെങ്കില്‍ ഇന്ത്യ സാങ്കേതിവിദ്യാ ഭീമനായി വളരുമായിരുന്നു. ഷാങ്ങ്ഹായിയോടും ടോക്യോയോടുമൊക്കെ മത്സരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഡിജിറ്റല്‍ നഗരങ്ങള്‍ ഇന്ത്യയിലും വികാസം പ്രാപിക്കുമായിരുന്നു.

അമേരിക്കയോട് വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു രാജീവ്. അമേരിക്കയുടെ പല രഹസ്യ റിപ്പോര്‍ട്ടുകളിലും പറയുന്നത് പ്രധാനമന്ത്രി പദത്തില്‍ രാജീവ് ഗാന്ധി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ അമേരിക്കയുടെ നാറ്റോ അംഗമല്ലാത്ത അടുത്ത സഖ്യകക്ഷിയായി മാറുമെന്നാണ്. ഇന്ത്യന്‍ സാങ്കേതിക വിദ്യാ വികാസത്തിന് ഈ അടുപ്പവും ഊര്‍ജം പകര്‍ന്നേനെ.

രാജീവ് ഗാന്ധി വിദേശകാര്യവിഷയങ്ങളില്‍ കൈക്കൊണ്ട നിലപാടുകളിലെ പക്വതക്കുറവ് പലപ്പോഴും പ്രകടമായിരുന്നു. ശ്രീലങ്കയിലേക്ക് പട്ടാളത്തെ അയയ്ക്കാനുള്ള തീരുമാനവും അത്തരത്തിലുള്ള തിടുക്കപ്പെട്ടെടുത്ത തീരുമാനമായിരുന്നു. ഒരു പക്ഷെ, രണ്ടാം ഭരണകാലത്ത് ഇത്തരം വിഷയങ്ങളില്‍ കുറച്ചുകൂടി പക്വത അദ്ദേഹം പ്രകടിപ്പിക്കുമായിരുന്നു. എങ്കിലും അമേരിക്കയോട് അടുപ്പമുള്ള വിദേശകാര്യ നയമായിരിക്കും ഇന്ത്യ സ്വീകരിക്കുക. അതുകൊണ്ട് നേട്ടങ്ങളും കോട്ടങ്ങളും സംഭവിക്കാം.

കോണ്‍ഗ്രസ് പാര്‍ട്ടി രാജീവിന്റെ കൈപ്പിടിയില്‍ ഒതുങ്ങുമായിരുന്നു എന്നതാണ് മറ്റൊരു കാര്യം. സ്വേച്ഛാദിപത്യത്തോടെയാണ് രാജീവ് പാര്‍ട്ടിയെ നയിച്ചിരുന്നത്. ഹൈക്കമാന്‍ഡ് സംസ്‌ക്കാരത്തിന് തുടക്കമിട്ടത് ഇന്ദിരാഗാന്ധി ആയിരുന്നെങ്കിലും അത് ഉറപ്പിച്ചത് രാജീവ് ഗാന്ധിയായിരുന്നു. ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന അഞ്ജയ്യയെ പുറത്താക്കിയത് അദ്ദേഹം പോലും അറിയാതെയായിരുന്നു. എന്നിരുന്നാലും ഇന്നത്തെപ്പോലെ കോണ്‍ഗ്രസ് ദുര്‍ബലമാകുമായിരുന്നില്ല.

ബിജെപി ശക്തിപ്പെടാന്‍ ഇടയാക്കിയത് രാജീവ് ഗാന്ധിയുടെ ചില നിലപാടുകളാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ഷഹര്‍ബാനു കേസില്‍ രാജീവിന്റെ നിലപാടുകള്‍ ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായി. രാജീവ് ഗാന്ധി തുടര്‍ന്നിരുന്നെങ്കിലും ബിജെപി ശക്തിപ്പെടുമായിരുന്നു. കോണ്‍ഗ്രസും ബിജെപിയും തുല്യ ശക്തികളായി മുന്നോട്ടു പോകും. ശക്തമായ ഭരണപക്ഷവും പ്രതിപക്ഷവും ഇന്ത്യയില്‍ ഉണ്ടാകും.

1960 മുതല്‍ 1989 വരെ ഇന്ത്യാ – പാക്ക് ബന്ധം വളരെ വഷളായിരുന്നു. രണ്ട് യുദ്ധം നടന്നു. കാശ്മീര്‍ വിഷയം രൂക്ഷമായി നിലനിന്നു. 1989ല്‍ രാജീവ് ഗാന്ധി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചു. ബേനസീര്‍ ഭൂട്ടോയാണ് അന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ആ സന്ദര്‍ശനത്തോടെ ഇന്ത്യാ – പാക്ക് ബന്ധം മെച്ചപ്പെടുമെന്ന പ്രതീക്ഷ കൈവന്നു. ഇന്ത്യാ – പാക്ക് ചര്‍ച്ചകള്‍ സജീവമാക്കിയത് രാജീവ് ഗാന്ധിയാണ്. ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചില്ലെങ്കിലും അതിന് മുന്‍കൈ എടുത്ത രാജീവ് ഗാന്ധി തുടര്‍ന്നിരുന്നെങ്കില്‍ മറ്റു സര്‍ക്കാരുകളെക്കാളും കൂടുതലായി ഈ വിഷയത്തില്‍ നേട്ടമുണ്ടാക്കാന്‍ രാജീവ് ഗാന്ധിക്ക് കഴിയുമായിരുന്നു എന്ന് അനുമാനിക്കാം.

മുസ്്‌ലിം പ്രീണന നയം രാജീവ് ഗാന്ധി പിന്തുടര്‍ന്നെന്നും അതുകൊണ്ട് പാക്കിസ്ഥാന്‍ വിഷയത്തില്‍ മൃദു സമീപനമുണ്ടാകുമെന്നും വിമര്‍ശിക്കുന്നവരുണ്ട്. അത് വസ്തുതാ വിരുദ്ധമാണ്. കാരണം 1989ല്‍ തന്നെ കാശ്മീര്‍ വിഷയത്തിലുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഒരിഞ്ചു പോലും പിന്നോട്ടായാതെയാണ് ചര്‍ച്ചകര്‍ക്ക് രാജീവ് നേതൃത്വം നല്‍കിയത്.

(ഈ വിഷയത്തില്‍ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ കമന്റ് ബോക്‌സില്‍ രേഖപ്പെടുത്താം.)


Leave a Reply

Your email address will not be published. Required fields are marked *