ഇന്ത്യയിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്ന ഒരു നര്‍മ്മ ലേഖനത്തിന്റെ ആശയമാണ് തലക്കെട്ടായി മുകളില്‍ കയറിയിരിക്കുന്നത്. മസ്‌ക്കിന്റെ ട്വിറ്റര്‍ ഏറ്റെടുക്കലോടെ ടെസ്‌ലയുടെ ഓഹരികള്‍ക്ക് വന്‍ ഇടിവ് സംഭവിച്ചിരുന്നു. അതുവഴി ഇലോണ്‍ മസ്‌കിന് 182 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. അതായത് 14 ലക്ഷത്തി 92 ആയിരത്തി നാനൂറ് കോടി രൂപ! ആ സംഖ്യയെക്കുറിച്ച് ഏകദേശ ധാരണ കിട്ടണമെങ്കില്‍ കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) എത്രയെന്ന് അറിയണം. 9 ലക്ഷത്തി 99 ആയിരം കോടി രൂപ മാത്രമാണ് കേരളത്തിന്റെ ജിഡിപി. ചുരുക്കത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കൊണ്ട് ഒന്നര കേരളത്തിന്റെ ജിഡിപിയാണ് മസ്‌ക്കിന്റെ നഷ്ടം.
ഈ ഒരു വാര്‍ത്തയില്‍ അല്‍പം നര്‍മ്മം കലര്‍ത്തുകയായിരുന്നു മേല്‍പ്പറഞ്ഞ ഇംഗ്ലീഷ് പ്രസിദ്ധീകരണം. മസ്‌ക്കിന്റെ ഭാര്യ ഇന്ത്യക്കാരിയായിരുന്നെങ്കില്‍ ഈ വലിയ തകര്‍ച്ചയെ ആ കുടുംബം എങ്ങനെ നേരിടുമായിരുന്നെന്ന് ലേഖനം വിലയിരുത്തുന്നു. ഭാര്യ വീട്ടിലെ സ്വീകാര്യതയില്‍ തന്നെയാകും ആദ്യം വിള്ളല്‍ വീഴുക. ഭാര്യവീട്ടിലെത്തുമ്പോഴുള്ള പതിവ് വിശിഷ്ട വിഭവങ്ങള്‍ തോറ്റ് തലകുനിച്ചെത്തുമ്പോള്‍ കിട്ടണമെന്നില്ല. ചുരുങ്ങിയ നാളുകള്‍കൊണ്ട് ഇത്രയും നഷ്ടം വരുത്തിയ മരുമകനെ ഡിവോഴ്‌സ് ചെയ്യാന്‍ മകളെ പ്രേരിപ്പിക്കാന്‍ മസ്‌ക്കിന്റെ അമ്മായി അപ്പനും അമ്മായി അമ്മയും ശ്രമിച്ചേക്കും. അല്ലെങ്കില്‍ അമ്മായി അപ്പന്‍ ബിസിനസ് ഏറ്റെടുക്കും. മസ്‌ക്കിന്റെ ബിസിനസ് സാമ്രാജ്യത്തിലേക്ക് അളിയനെയോ അനന്തരവന്മാരേയോ തിരികി കയറ്റി കൈപ്പിടിയിലാക്കാന്‍ അമ്മായി അപ്പന്‍ ശ്രമിച്ചേക്കാം.
സംഗതി നര്‍മ്മ ലേഖനമാണെങ്കിലും അത് വിരള്‍ ചൂണ്ടുന്നത് ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ചില മനോഭാവങ്ങളിലേക്കാണ്. മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയുമൊക്കെ സോഷ്യല്‍ റെപ്യൂട്ടേഷന്റെ ഉപകരണങ്ങളായി കാണുന്ന ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തെ ഇതിലും നന്നായി എങ്ങനെയാണ് അവതരിപ്പിക്കാനാകുക?
വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് അവന്റെ കഴിവു നോക്കാതെ ആരെ മാതൃകയാക്കണമെന്നും ആരായി തീരണമെന്നും പറഞ്ഞുകൊടുക്കുന്നത് ഇന്ത്യന്‍ മാതാപിതാക്കളുടെ ശീലമാണ്. പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിന്റെ ഇത്തരം പ്രവണതകളെ പലപ്പോഴും കണക്കിന് കളിയാക്കാറുണ്ട്. സോഷ്യല്‍ മീഡിയകളിലും അത്തരം കളിയാക്കലുകള്‍ ഒഴുകി നടക്കാറുണ്ട്. അതുവരെയും സുന്ദര്‍ പിച്ചൈ (ഗൂഗിള്‍ സിഇഒ) ആകാനായി മക്കളെ പ്രോത്സാഹിപ്പിച്ചവര്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദമേറ്റപ്പോള്‍ മക്കളെ ഋഷി സുനക് ആക്കാന്‍ തിടുക്കം കൂട്ടുന്നു എന്നതരത്തിലൊരു നര്‍മ്മം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നു.

മാതാപിതാക്കളുടെ ഇത്തരമൊരു മനോഭാവംകൊണ്ട് മക്കള്‍ റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ പുത്തന്‍ കണ്ടുപിടുത്തങ്ങളും വമ്പന്‍ സംരംഭങ്ങളുമൊക്കെ ഇന്ത്യയില്‍ ചുരുക്കമായേ നടക്കുന്നുള്ളു. സ്റ്റാര്‍ട്ടപ്പുകളുടെ കണക്കുകള്‍ നിരത്താമെങ്കിലും അവയെല്ലാം നഗര കേന്ദ്രീകൃതമായാണ് ഉണ്ടായതെന്നുകൂടി ഓര്‍ക്കണം. ഇന്ത്യയുടെ ആത്മാവായ ഗ്രാമങ്ങളില്‍ നിന്ന് എത്ര ബ്രാന്‍ഡുകള്‍ പിറവിയെടുത്തിട്ടുണ്ട്? വളരെ വളരെ ചുരുക്കം. മനുഷ്യവിഭവത്തില്‍ ഇന്ത്യയെക്കാളും ഒരുപിടി മുമ്പില്‍ നില്‍ക്കുന്ന ചൈനയില്‍ നിന്നെല്ലാം നിരവധി ഗ്ലോബല്‍ ബ്രാന്‍ഡുകള്‍ പിറവിയെടുക്കുന്നു.
പല ഗ്ലോബല്‍ ബ്രാന്‍ഡുകളുടെയും ഉന്നത ശ്രേണിയില്‍ ജോലി ചെയ്യുന്നത് ഇന്ത്യക്കാരാണെന്നത് വിരോധാഭാസം. പക്ഷെ, അവര്‍ സ്വന്തമായൊരു കമ്പനി തുടങ്ങാനോ വിജയിപ്പിക്കാനോ ശ്രമിക്കുന്നില്ല എന്നത് നേരത്തെ പറഞ്ഞ ഇന്ത്യന്‍ മാതാപിതാക്കളുടെ മനോഭാവത്തില്‍ നിന്നുണ്ടായ സ്വാധീനമാകാം.

രാഷ്ട്രീയക്കാരനും സാമ്പത്തിക വിദഗ്ധനുമായ സുബ്രമണ്യം സ്വാമി ഹാവാഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു. സാമ്പത്തികശസ്ത്രവും അനുബന്ധ വിഷയങ്ങളുമായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. അദ്ദേഹം പങ്കുവച്ച രസകരമായൊരു സംഭവം ചുവടെ:
60 വിദ്യാര്‍ത്ഥികള്‍ അടങ്ങിയ ബാച്ചില്‍ 4 ഇന്ത്യക്കാരുമുണ്ടായിരുന്നു. അവസാന സെമസ്റ്ററിന്റെ അവസാന ക്ലാസില്‍ ഞാനൊരു ചോദ്യം ചോദിച്ചു. ആര്‍ക്കെല്ലാമാണ് സംരംഭകനാകാന്‍ താല്‍പ്പര്യം? നാല് ഇന്ത്യക്കാര്‍ ഒഴികെ മറ്റെല്ലാവരും കൈ പൊക്കി. ഞാന്‍ ഇന്ത്യക്കാരോടായി ചോദിച്ചു നിങ്ങളെന്തുകൊണ്ടാണ് കൈപൊക്കാത്തത്? അവര്‍ പറഞ്ഞു, ഞങ്ങള്‍ക്ക് ജോലി മതി. സംരംഭകരാകേണ്ട. ഞാന്‍ അവരോടായി പറഞ്ഞു. ജോലി എന്നത് ഗ്യാരന്റീഡ് പ്രൊവര്‍ട്ടി (നിത്യ ദരിദ്ര്യം) ആണ്. സംരംഭകന് ലോകം തന്നെ കീഴ്‌പ്പെടുത്താന്‍ സാധിക്കും. അതിന് അവര്‍ പറഞ്ഞ മറുപടി എന്നെ അതിശയപ്പെടുത്തി. ഞങ്ങളുടെ മാതാപിതാക്കള്‍ക്ക് ഗ്യാരന്റിയുള്ളത് മതി. ഗ്യാരന്റി ഇല്ലാത്തത് വേണ്ട.
കുട്ടികളെ മ്യൂച്ചല്‍ ഫണ്ടായി കാണുന്ന മാതാപിതാക്കള്‍ മക്കളുടെ കഴിവിനെ പരിമിതപ്പെടുത്തുകയാണ്. മക്കളെ സ്വാതന്ത്ര്യത്തിന്റെ അനന്ത വിഹായസ്സിലേക്ക് പറത്തി വിടുന്ന മാതാപിതാക്കളിലാണ് ഇന്ത്യയുടെ ഭാവി.