ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയിലറിന്റെ സെക്കന്റ് പ്രൊമോഷന്‍ വീഡിയോ യൂട്യൂബിലെത്തി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഘനഗംഭീര വോയിസ് ഓവറോടെ എത്തിയ വീഡിയോ ആരാധകര്‍ ഇരും കയ്യും നീട്ടി സ്വീകരിച്ച മട്ടാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോള്‍ തന്നെ 52 ലക്ഷം വ്യൂവ്‌സാണ് ലഭിച്ചത്.
ഹുക്കും ടൈഗര്‍ കാ ഹുക്കും (കടുവയുടെ നിയമം) എന്ന പഞ്ച് ഡയലോഗോടെയാണ് കാത്തിരിപ്പിന്റെ ആകാംക്ഷകൂട്ടി വീഡിയോ അവസാനിക്കുന്നത്. നെല്‍സന്റെ സംവിധാനത്തില്‍ സണ്‍ഗ്ലാസും തോക്കും വെടിയൊച്ചയുമൊക്കെയായി ഒരു അടാര്‍ ഐറ്റമാണ് ഒരുങ്ങുന്നത്. കൂടാതെ മോഹന്‍ലാലും രമ്യാ കൃഷ്ണനും കന്നഡ താരം ശിവരാജ് കുമാറും പ്രധാന വേഷങ്ങളിലെത്തുന്നു. ഐശ്വര്യ റായ്, ശിവകാര്‍ത്തികേയന്‍, തമന്ന, തൃഷ, യോഗി ബാബു, വിനായകന്‍ എന്നിങ്ങനെ വലിയൊരു താരനിരതന്നെ അണിനിരക്കുന്നു. സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ് രവിചന്ദറാണ് സംഗീതം. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.
രജനീകാന്തും രമ്യാ കൃഷ്ണയും പടയപ്പയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനി ജയിലറില്‍ നിറഞ്ഞാടുന്നത്. ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും.