രജനികാന്ത് നായകനായി നെല്‍സണ്‍ ദിലീപ് കുമാര്‍ ഒരുക്കുന്ന ജയിലറും ധ്യാനിനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്ന ജയിലറും ആഗസ്റ്റ് 10ന് റിലീസ് ചെയ്യും. പേരിനെ ചൊല്ലിയുള്ള തര്‍ക്കം കോടതി കയറിയിരിക്കുകയാണ്. മലയാളം ജയിലറിന്റെ അണിയറ പ്രവര്‍ത്തകര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ആഗസ്റ്റ് രണ്ടിന് കോടതി കേസ് പരിഗണിക്കും.
നേരത്തെ തമിഴ് ജയിലറിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മലയാള ജയിലര്‍ അണിയറ പ്രവര്‍ത്തകര്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നേരെ തിരിച്ചുള്ള ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. സണ്‍ പിക്‌ച്ചേഴ്‌സാണ് തമിഴ് ജയിലറിന്റെ നിര്‍മാതാക്കള്‍. 2021ല്‍ ജയിലര്‍ എന്ന പേര് കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സില്‍ സക്കീര്‍ മഠത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
1956-57 കാലഘട്ടത്തില്‍ നടന്ന സംഭവ കഥയെ ആസ്പദമാക്കിയാണ് സക്കീര്‍ മഠത്തില്‍ ജയിലര്‍ ഒരുക്കിയിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാകും ജയിലറിലേത് എന്ന് കരുതപ്പെടുന്നു. മറുവശത്ത് രജനികാന്തിനെ കൂടാതെ മോഹന്‍ ലാല്‍, ജാക്കി ഷ്‌റോഫ്, തമന്യ, രമ്യ കൃഷ്ണ, യോഗി ബാബു തുടങ്ങി വമ്പന്‍ താരനിരയിലാണ് തമിഴ് ജയിലര്‍ റിലീസിന് ഒരുങ്ങുന്നത്.