1978 മുതല്‍ മുന്നോട്ടുള്ള കുറച്ചു വര്‍ഷങ്ങള്‍ ജപ്പാന് കുതിപ്പിന്റെ വര്‍ഷങ്ങളായിരുന്നു. അന്ന് ജപ്പാന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി) അമേരിക്കയുടേതിന്റെ 70 ശതമാനത്തോളമെത്തി. അന്ന് പല സാമ്പത്തിക വിദഗ്ധരും അമേരിക്കയെ പിന്തള്ളി ജപ്പാന്‍ ലോക സാമ്പത്തിക ശക്തിയായി മാറുമെന്ന് പ്രവചിച്ചു. പക്ഷെ, അത് സംഭവിച്ചില്ല! 1984 മുതല്‍ ജപ്പാന്റെ കുതിപ്പിന് വേഗത കുറയുകയും 1990 മുതല്‍ നാണ്യപെരുപ്പവും സാമ്പത്തിരരംഗത്തെ മുരടിപ്പും ജപ്പാനെ പിന്നോട്ടടിച്ചു. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി തുടരുകയും പിന്നീട് ചൈന ജപ്പാനെ മറികടക്കുകയും ചെയ്തു.
കോവിഡിന് തൊട്ടുമുമ്പ് വരെ കരുതിയിരുന്നത് 2030ഓടെ അമേരിക്കയെ മറികടന്ന് ചൈന ലോക സാമ്പത്തിക ശക്തിയായി മാറുമെന്നായിരുന്നു. എന്നാല്‍ ജപ്പാന്റെ അതേ പാതയിലാണ് ഇപ്പോള്‍ ചൈനയുടെയും യാത്രയെന്ന് സാമ്പത്തിക വിദഗ്ധര്‍ കുറിക്കുന്നു. അമേരിക്കയെ പിന്തള്ളി ലോകത്തിലെ ഒന്നാം നമ്പര്‍ സാമ്പത്തിക ശക്തിയാകാന്‍ ചൈനയ്ക്ക് കഴിയില്ലെന്ന് അവര്‍ പറയുന്നു. ഇത് സാധൂകരിക്കുന്ന പല കാരണങ്ങളും അവര്‍ നിരത്തുന്നു.
ചൈന ഇപ്പോള്‍ നേരിടുന്ന വലിയ വെല്ലുവിളി റിയല്‍ എസ്‌റ്റേറ്റ് പ്രതിസന്ധിയാണ്. ചൈനയിലെ വന്‍കിട പ്രോപ്പര്‍ട്ടി കമ്പനികള്‍ ഭീകരമായ നഷ്ടത്തിലായി. എവര്‍ ഗ്രാന്റ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനി അടുത്തിടെ കൊടുംനഷ്ടം പ്രഖ്യാപിച്ചത് വാര്‍ത്തയായിരുന്നു. ജനങ്ങളുടെ കയ്യില്‍ പണമില്ലാതായതാണ് ഇതിന്റെ ഏറ്റവും ലളിതമായി പറയാവുന്ന കാരണം.
ജനങ്ങളുടെ കയ്യില്‍ എങ്ങനെ പണമില്ലാതായി? രാജ്യത്തിന്റെ വളര്‍ച്ചയില്‍ കയറ്റുമതി വലിയൊരു പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ ഒരുഘട്ടം കഴിഞ്ഞാല്‍ കയറ്റുമതിയേക്കാള്‍ ആഭ്യന്തര ഉപഭോഗം സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കും. കയറ്റുമതിയെ മറികടന്ന് ആഭ്യന്തര ഉപഭോഗം വളര്‍ച്ചയുടെ ഇന്ധനമായില്ലെങ്കില്‍ രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കാനാകില്ല. കയറ്റുമതിയെ പല ഘടകങ്ങളും നിയന്ത്രിക്കും. കയറ്റുമതി കുറയുന്നതോടെ സാമ്പത്തികരംഗം പിന്നോട്ടു പോകും. അതോടെ ആളുകളുടെ കയ്യില്‍ പണമില്ലാതാകും. ഇതാണ് ജപ്പാനില്‍ സംഭവിച്ചത്. ഇപ്പോള്‍ ചൈനയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജപ്പാനിഫിക്കേഷന്‍ ഓഫ് ചൈന എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
കോവിഡ് നിയന്ത്രണങ്ങളാണ് ചൈനയ്ക്ക് വിനയായത്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ പല സംരംഭങ്ങളും ദുര്‍ബലമായി. കയറ്റുമതിയും വിദേശ നിക്ഷേപം കുറഞ്ഞു. കുറേപ്പേര്‍ തൊഴില്‍ രഹിതരായി. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ഇല്ലാത്ത അവസ്ഥയും വന്നു. പണം വിനിയോഗിക്കുന്നതിനെക്കാള്‍ പണം സേവ് ചെയ്യാനാണ് ചൈനക്കാര്‍ ശ്രമിച്ചത്. അതുമൂലം അഭ്യന്തര ഉപഭോഗം കൂട്ടാന്‍ സാധിച്ചില്ല എന്നു മാത്രമല്ല കുറഞ്ഞു വരുകയും ചെയ്തു. കൂടാതെ ചൈനയിലേക്കുള്ള സൊഫസ്റ്റിക്കേറ്റഡ് ചിപ്പ് വിതരണം അമേരിക്ക ഇടപെട്ട് തടഞ്ഞു. സൊഫസ്റ്റിക്കേറ്റഡ് ചിപ്പ് നിര്‍മാണ വൈദഗ്ധ്യം ചൈന കൈവരിച്ചിട്ടില്ല. അമേരിക്ക, നെതര്‍ലന്റ്, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് അത്തരം ചിപ്പ് നിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യ കൈവശമാക്കിയിട്ടുള്ളത്. അത് ചൈനയുടെ ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മേഖലയെ സാരമായി ബാധിച്ചു. ഇതുകൂടാതെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ ആവിഷ്‌ക്കരിച്ച ചൈന പ്ലസ് വണ്‍ പോളിസിയും ചൈനയുടെ സാമ്പത്തിക കുതുപ്പിന് തടയിട്ടു. ചൈനയില്‍ ഫാക്ടറി തുടങ്ങുന്ന കമ്പനി അതോടൊപ്പം മറ്റൊരു രാജ്യത്തും ഫാക്ടറി തുടങ്ങണമെന്നതാണ് ചൈന പ്ലസ് വണ്‍ പോളിസി പറയുന്നത്. ചൈനയുടെ കോവിഡ് നിയന്ത്രണം ഈ പോളിസിക്ക് ഇന്ധനം പകര്‍ന്നു.
പ്രായമാകുന്ന ജനസംഖ്യയും ചൈനയ്ക്ക് വെല്ലുവിളിയാകുന്നുണ്ട്. 1980 മുതല്‍ ജനന നിയന്ത്രണം നടപ്പിലാക്കിയ രാജ്യമായ ചൈന ഇപ്പോള്‍ വൃദ്ധന്മാരുടെ രാജ്യമാണ്. ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ജനങ്ങളുടെ നിസഹകരണം അത്തരം ശ്രമങ്ങള്‍ പരാജയപ്പെടുന്നതിനിടയാക്കി. ഇത്തരം ആഘാതങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത് കടക്കാന്‍ ചൈനയ്ക്ക് സാധിക്കുമോയെന്ന ചര്‍ച്ചയിലാണ് സാമ്പത്തിക വിദഗ്ധര്‍.