ജയപരാജയങ്ങള്‍ കടന്ന് ജയറാം 2.0


അന്യഭാഷാ ബിഗ്ബഡ്ജറ്റ് ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ് ഇപ്പോള്‍ മലയാളികളുടെ പ്രിയങ്കരനായ ജയറാം. പൊന്നിയിന്‍ ശെല്‍വനിലെ ആഴ്‌വാര്‍ക്കഡിയന്‍ നമ്പിയാണ് ഈ ശ്രേണിയില്‍ ഒടുവിലായി പുറത്തിറങ്ങിയത്. സത്യത്തില്‍ ഇത് ജയറാം റീ ലോഡഡാണ്. പോയ വര്‍ഷങ്ങളില്‍ കണ്ട പരാജിതനായ ജയറാമിനെയല്ല ഇപ്പോള്‍ വെള്ളിത്തിരയില്‍ കാണുന്നത്.

1988ല്‍ അപരനിലൂടെ പത്മരാജന്‍ മലയള സിനിമയ്ക്ക് പരിചയപ്പെടുത്തിയ 22 വയസുള്ള ചെറുപ്പക്കാരനായിരുന്നു ജയറാം സുബ്രഹ്മണ്യമെന്ന ജയറാം. കലാഭവനിലെ മിമിക്രി കലാകാരനായിരുന്ന ജയറാമിന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടാണ് പത്മരാജന്‍ ജയറാമിനെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

1985 മുതല്‍ 88 വരെ മലയാള സിനിമയില്‍ മോഹന്‍ ലാലിന്റെയും മമ്മൂട്ടിയുടെയും തേരോട്ടമായിരുന്നു. ശങ്കര്‍, രതീഷ് എന്നിവര്‍ ആ തേരോട്ടത്തില്‍ നിറം മങ്ങി. റഹ്മാനും മണിയന്‍ പിള്ളരാജുവും അശോകനും ജഗദീഷും മുകേഷുമെല്ലാം ഇതിനിടെ നായകരായി വന്നെങ്കിലും പ്രേഷക സ്വീകാര്യത നേടിയില്ല. ബാലചന്ദ്ര മേനോന്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ വന്നെങ്കിലും പിടിച്ചു നില്‍ക്കാനായില്ല. മോഹന്‍ ലാലോ, മമ്മൂട്ടിയോ നായകനാണെങ്കില്‍ മാത്രമെ സിനിമ സാമ്പത്തിക വിജയം നേടൂ എന്നതായിരുന്നു സ്ഥിതി. ഇരുവര്‍ക്കും വേണ്ടി തിരക്കഥകളും നിര്‍മ്മാതാക്കളും ക്യൂ നിന്നു. അത്തരമൊരു കാലഘട്ടത്തിലാണ് ജയറാം നായകനായി എത്തുന്നത്. സത്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും അടക്കിവാണ മലയാള സിനിമയില്‍ പുതിയ നടന്മാര്‍ക്ക് എന്‍ട്രി ഒരുക്കുന്നതായി ജയറാമിന്റെ രംഗപ്രവേശം. അപരന്‍ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും അക്കൊല്ലം വിജി തമ്പിയുടെ സംവിധാനത്തില്‍ ജയറാം നായകനായ വിറ്റ്‌നസ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. അതേ വര്‍ഷം തന്നെയാണ് ധ്വനി പുറത്തിറങ്ങുന്നത്. അതും ഹിറ്റായി. ധ്വനിയിലെ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

മമ്മൂട്ടിക്കും മോഹന്‍ ലാലിനും ബദലായ ഒരു സ്‌പേസ് സിനിമയില്‍ സൃഷ്ടിക്കാന്‍ ജയറാമിന് കഴിഞ്ഞു. ജയറാമിന് മുമ്പ് പല താരങ്ങള്‍ക്കും കഴിയാതെ പോയത് ആ ഒരു സ്‌പേസ് കണ്ടെത്തലാണ്. ആ ഒരു സ്‌പേസിലേക്ക് കയറിയാണ് മുകേഷും ജഗദീഷും സുരേഷ് ഗോപിയും സായിക്കുമാറും ഒടുവില്‍ ദിലീപും താരങ്ങളായി തിളങ്ങിയത്.

1993 മുതല്‍ 2011 വരെ ജയറാമിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. നിരവധി ഹിറ്റ് സിനിമകള്‍ ഇക്കാലത്ത് പിറന്നു. മേലേപറമ്പില്‍ ആണ്‍വീട്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, തൂവല്‍കൊട്ടാരം, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഞങ്ങള്‍ സന്തുഷ്ടരാണ്, സമ്മര്‍ ഇന്‍ ബത്‌ലഹേം, കടിഞ്ഞൂല്‍ കല്യാണം, ഇരട്ടകുട്ടികളുടെ അച്ഛന്‍, ഫ്രണ്ട്‌സ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ, ഭാഗ്യദേവത, കഥതുടരുന്നു ഇങ്ങനെ പോകുന്നു ആ ഹിറ്റ് ചാര്‍ട്ട്.

2011ന് ശേഷം ഒരു ഹിറ്റ് നല്‍കുവാന്‍ ജയറാമിന് കഴിഞ്ഞില്ല. വിമര്‍ശകര്‍ അദ്ദേഹത്തെ എഴുതി തള്ളി. കുടുംബ പ്രേഷകരായിരുന്നു ജയറാമിന്റെ അടിത്തറ. ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ പുതിയ നടന്മാരുടെ രംഗപ്രവേശനത്തോടെ അതിന് കാര്യമായ ഉലച്ചില്‍ സംഭവിച്ചു. കൂടാതെ സത്യന്‍ അന്തിക്കാട്, രാജസേനന്‍, കമല്‍ തുടങ്ങിയ ഡയറക്ടര്‍മാര്‍ക്കൊപ്പം സിനിമകള്‍ സംഭവിച്ചില്ല. മറ്റു നടന്മാര്‍ തിരക്കഥ കേട്ട് വിലയിരുത്തി സിനിമകള്‍ ചെയതപ്പോള്‍ അത്തരമൊരു ഫില്‍ട്ടറിങ് ജയറാം നടത്തിയില്ല എന്നതും അദ്ദേഹത്തിന്റെ പരാജയ കാരണമാണ്. സ്വന്തമായ പ്രൊഡക്ഷന്‍ ഹൗസോ സെല്‍ഫ് പ്രൊമോഷന്‍ സംവിധാനങ്ങളോ ജയറാം നടത്തിയതുമില്ല.

കുടുംബ ഘടനകളില്‍ വന്ന മാറ്റവും ജയറാമിന്റെ പരാജയ കാരണങ്ങളായി വിലയിരുത്താം. സാദാ മധ്യവര്‍ഗ കുടുംബത്തിന്റെ കഥകളിലാണ് ജയറാം നായകനായി എത്തിയിരുന്നത്. എന്നാല്‍ അത്തരം ഗ്രാമീണ കഥാപാത്രങ്ങളൊന്നും ന്യൂ ജനറേഷന്‍ സിനിമകളില്‍ ഇല്ലാതെയായി. നാഗരികതയുടെ സങ്കീര്‍ണ്ണതകളെ പ്രമേയമാക്കിയായിരുന്നു ന്യൂ ജനറേഷന്‍ സിനിമകളുടെ പോക്ക്. അത്തരം കഥകള്‍ ജയറാമിന് ഫിറ്റാകില്ലെന്ന് അണിയറക്കാര്‍ കരുതിയിരിക്കണം.

2011ന് ശേഷം സംഭവിച്ച പരാജയങ്ങളെക്കുറിച്ച് ജയറാം തന്നെ പറയുന്നത് ഇങ്ങനെയാണ്: ”സിനിമ മാറി. പ്രേഷകരും മാറി. ലോനപ്പന്റെ മാമ്മോദീസയും പഞ്ചവര്‍ണ്ണതത്തയുമെല്ലാം നല്ല സിനിമയായാണ് എനിക്ക് തോന്നിയത്. പക്ഷെ, എന്തുകൊണ്ട് പ്രേഷകര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നത് എനിക്ക് ഇപ്പോഴും അറിയില്ല. പ്രേഷകരുടെ മാറിയ ടേസ്റ്റ് മനസിലാക്കാന്‍ എനിക്കും സാധിച്ചില്ല ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും സാധിച്ചില്ല.”

കഴിഞ്ഞ പത്തു വര്‍ഷത്തെ തിരിച്ചടികള്‍ എല്ലാം മറികടക്കുന്ന പ്രകടനങ്ങളാണ് ഇപ്പോള്‍ ജയറാമില്‍ കാണാന്‍ കഴിയുന്നത്. മുമ്പും തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കന്നഡയിലേക്കും തെലുങ്കിലേക്കുമെല്ലാം ക്യാരക്ടര്‍ റോളുകള്‍ ചെയ്ത് ഒരു പാന്‍ ഇന്ത്യ താരമായി വളരുകയാണ് ജയറാം.


Leave a Reply

Your email address will not be published. Required fields are marked *