ജെഫ് ബസോസിന്റെ അത്ഭുത ലോകം


ഏതൊരു ഉല്‍പ്പന്നവും വാങ്ങുന്നതിന് മുമ്പ് ആമസോണില്‍ നോക്കുക എന്നത് ഇപ്പോഴൊരു ട്രെന്റാണ്. എന്തും ലഭിക്കുന്ന ആഗോള ഡിജിറ്റല്‍ മാര്‍ക്കറ്റാണ് ആമസോണ്‍ ഡോട് കോം. ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ആരംഭിച്ച് സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ലോക ഗതിയെ നിയന്ത്രിക്കാന്‍ തക്ക ശേഷിയോടെ, വളര്‍ന്ന് പന്തലിച്ച ആമസോണിന്റെ ഉയര്‍ച്ചകളിലൂടെയും സ്ഥാപകന്‍ ജെഫ് ബസോസിന്റെ ജീവിതത്തിലൂടെയും ഒരു യാത്ര:

1964 ജനുവരി 12ന് ന്യൂ മെക്സിക്കോയിലെ അല്‍ബുകെര്‍ക്കില്‍ ജെഫ് ബസോസ് പിറന്നു വീഴുന്നത് വലിയൊരു അനിശ്ചിതത്വത്തിലേക്കാണ്. 17 വയസു മാത്രം പ്രായമുണ്ടായിരുന്ന, ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന അമ്മ സഹപാഠിയില്‍ നിന്ന് ഗര്‍ഭം ധരിക്കുകയായിരുന്നു. തീര്‍ത്തും പ്രതീക്ഷിക്കാത്തൊരു സമയത്ത് ജനിച്ച ആ കുഞ്ഞിനെ ഇരുവരും ഉപേക്ഷിച്ചില്ല. പിന്നീട് അവര്‍ വിവാഹിതരായെങ്കിലും ആ ദാമ്പത്യം ഏറെ മുന്നോട്ടു പോയില്ല. ജെഫിന് നാല് വയസ് പ്രായമായപ്പോള്‍ അവന്റെ അമ്മ മറ്റൊരു വിവാഹം കഴിച്ചു. ക്യൂബന്‍ വംശജനായ മൈക്ക് ബെസോസായിരുന്നു വരന്‍. രണ്ടാനച്ഛന്‍ ജെഫിനെ നന്നായി തന്നെ നോക്കി. പഠിക്കാന്‍ മിടുക്കനായിരുന്ന ജെഫിന് നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കാന്‍ അയാള്‍ പരിശ്രമിച്ചു.

ജെഫ് ബസോസ്‌

അമേരിക്കയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടിയ ജെഫ് പലയിടങ്ങളിലായി ജോലി നോക്കി.

ഇതിനകം തന്നെ ഇന്റര്‍നെറ്റിന്റെ അതിഭയങ്കരമായ സാധ്യതകള്‍ മനസിലാക്കിയിരുന്ന ജെഫ് സ്വന്തം നിലയ്ക്ക് ഒരു കമ്പനി ആരംഭിക്കുന്നു. അതിന് അദ്ദേഹത്തെ സ്വാധീനിച്ചത് ആയിടെ ഇറങ്ങിയ മാസികയിലെ ഒരു റിപ്പോര്‍ട്ടായിരുന്നു. ലോകമെമ്പാടും ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം വര്‍ഷംതോറും 3000 ശതമാനം വര്‍ദ്ധിക്കുന്നു എന്നതായിരുന്നു ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

1990ല്‍ വാഷിങ്ടണിലെ സിയാറ്റിലില്‍ ഓണ്‍ലൈന്‍ പുസ്തക വ്യാപാര കമ്പനിയാണ് ജെഫ് ആരംഭിച്ചത്. റെലന്റ്ലെസ് എന്നായിരുന്നു കമ്പനിക്ക് ജെഫ് കണ്ടെത്തിയ പേര്. പക്ഷെ, സുഹൃത്തുക്കളുടെ കൂടി നിര്‍ദ്ദേശം മാനിച്ച് ലോകത്തിലെ ഏറ്റവും വലിയ നദിയുടെ പേര് സ്വീകരിച്ചു. പുഞ്ചിരിക്കുമ്പോള്‍ ജെഫിന്റെ ചുണ്ടിന്റെ കോണില്‍ വിരിയുന്ന ചുളിവുകള്‍ പിന്നീട് കമ്പനിയുടെ ലോഗോ ആയി.

പ്രവര്‍ത്തനം തുടങ്ങി ആദ്യത്തെ ഇരുപത് കൊല്ലം ആമസോണ്‍ കമ്പനിക്ക് നഷ്ടങ്ങളുടെ കണക്ക് മാത്രമേ പറയാനുണ്ടായിരുന്നുള്ളു. ജെഫിനെ വിശ്വസിച്ച് കമ്പനിയില്‍ നിക്ഷേപം നടത്തിയവരുടെ പുഞ്ചിരി മായാനും നെറ്റി ചുളിയാനും തുടങ്ങി. ഈ വര്‍ഷങ്ങളിലെല്ലാം നിക്ഷേപകരുടെ ക്ഷോഭവും ദേഷ്യവുമെല്ലാം ജെഫ് പുഞ്ചിരിയോടെ ഉള്‍ക്കൊണ്ടു. അവരോട് അദ്ദേഹം പലപ്പോഴും പറഞ്ഞു, ഐ ആം ഗോയിങ് ടു ഗ്രോ ബിഗ്.

2014-ഓടെയാണ് ആമസോണ്‍ ലാഭം നേടി തുടങ്ങിയത്. പിന്നീടങ്ങോട്ട് ആമസോണിന്റെ പടയോട്ടമായിരുന്നു. ഇന്ന് അമേരിക്കയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗം അടക്കി വാഴുന്നത് അമസോണാണ്. യൂറോപ്പിലും ഓസ്ട്രേലിയയിലും കാനഡയിലും ഇന്ത്യയിലുമെല്ലാം അതിശക്തമാണ് ആമസോണിന്റെ അടിത്തറ.

ഓണ്‍ലൈന്‍ വ്യാപാരത്തോടൊപ്പം മറ്റു മേഖലയിലും ആമസോണ്‍ കൈവച്ചു. ക്ലൗഡ് സര്‍വീസ് നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസ് ആരംഭിച്ചു. ലോകത്തിലെ ക്ലൗഡ് സര്‍വീസിന്റെ 30 ശതമാനവും കൈയ്യടക്കിയിരിക്കുന്നത് ആമസോണാണ്.

എയ്റോ സ്പേസ് ഇന്‍ഡസ്ട്രിക്ക് ആവശ്യമായ പല ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്നത് ആമസോണിന്റെ ഉടമസ്ഥതയിലുള്ള ബ്ലു ഒറിജിന്‍ കമ്പനിയാണ്. സ്പേസ് ടൂറിസം സാധ്യതകളെ ഉപയോഗപ്പെടുത്തുക ലക്ഷ്യമിട്ടാണ് ബ്ലൂ ഒറിജിന്‍ കമ്പനി ജെഫ് ആരംഭിച്ചത്. ഒരിക്കല്‍ ജെഫ് ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്.

അമേരിക്കയിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ വാഷിങ്ടണ്‍ പോസ്റ്റ് ജെഫ് ബസോസ് ഏറ്റെടുത്തു. ഓട്സ് ലാബ് എന്ന ഫാര്‍മാ കമ്പനിയും ജെഫ് ബസോസിന്റേതായുണ്ട്. തൊട്ടതെല്ലാം പൊന്നാക്കിയ കയ്യാണ് ജെഫിന്റേത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ആമസോണില്‍ നിന്നും വന്ന അലക്സ, ഫേസ് റിക്കഗിനിഷന്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ്ഫോമുകളില്‍ മുന്‍പന്തിയിലുണ്ട്.

20 വര്‍ഷം കനത്ത നഷ്ടത്തിലായിരുന്നൊരു കമ്പനി പിന്നീടുള്ള 8 വര്‍ഷംകൊണ്ട് അതിഭീമമായ വളര്‍ച്ചയാണ് നേടിയത്. ആമസോണിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ വണ്‍ ട്രില്യന്‍ കടന്നു. 2022 അവസാനിക്കുമ്പോള്‍ 500 ബില്യന്‍ ഡോളറിന് മുകളിലാണ് അമസോണിന്റെ വിറ്റുവരവ്.

ഇങ്ങനെയൊക്കെയാണെങ്കിലും കുറേ വിമര്‍ശനങ്ങളും ജെഫ് ബസോസിന് കേള്‍ക്കേണ്ടി വരുന്നുണ്ട്. അത് ഏതൊക്കെയെന്ന് നോക്കാം;

  1. മാനുഫാക്ച്ചറിങ് കമ്പനികളെ വളര്‍ത്താനും തളര്‍ത്താനും ജെഫ് ബസോസിന് കഴിയും. ആമസോണ്‍ ഒരു കമ്പനിയുടെ പ്രൊഡക്ട് വില്‍ക്കുന്നില്ലെന്ന് തീരുമാനമെടുത്താല്‍ ആ കമ്പനി അടച്ചു പൂട്ടുകയല്ലാതെ വെറെ മാര്‍ഗമില്ല. ഇഷ്ടമുള്ളവരെ വളര്‍ത്താനും ഇഷ്ടമില്ലാത്തവരെ തളര്‍ത്താനുമുള്ള ശക്തി ആമസോണ്‍ ആര്‍ജിച്ചു കഴിഞ്ഞു.
  2. മറ്റു കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ അതിന്റെ ഗുണമേന്മയെക്കുറിച്ച് ഒരു ഉറപ്പും ആമസോണ്‍ നല്‍കുന്നില്ല എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിട്ടുണ്ട്. അമസോണ്‍ വഴി വാങ്ങിയ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോള്‍ മുടിക്ക് തീപിടിച്ച സംഭവം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മറ്റൊരിടത്ത് ആമസോണില്‍ നിന്ന് വാങ്ങിയ സ്റ്റൗ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നും അതാത് കമ്പനികള്‍ക്കാണ് അതിന്റെ ഉത്തരവാദിത്വമെന്നുമാണ് ആമസോണ്‍ ഇത്തരം വിഷയങ്ങളില്‍ എടുക്കുന്ന നയം.

എന്തുതന്നെയായാലും ഒന്നുമില്ലായ്മയില്‍ നിന്ന് പടിപടിയായി വളര്‍ന്ന് ലോകത്തിന്റെ ഗതി തന്നെ നിയന്ത്രിക്കുന്ന തലത്തിലേക്കാണ് ജെഫ് ബസോസും അദ്ദേഹത്തിലൂടെ പിറന്ന ആമസോണും എത്തി നില്‍ക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *