നാല്‍പത്തിയേഴാം പിറന്നാള്‍ മധുരത്തില്‍ നടന്‍ സൂര്യ. നടന് പിറന്നാള്‍ മധുരമായി പുലര്‍ച്ചെ 12.01ന് കങ്കുവ ഗ്ലിംസ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. ഇരട്ടി മധുരമായി വൈകിട്ട് 5.30ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി.
സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ 3ഡി ദൃശ്യ മികവില്‍ 10 ഭാഷകളിലാണ് പടം പുറത്തിറങ്ങുന്നത്. ഗ്ലിംസ് പുറത്തിറക്കി ആദ്യ 19 മണിക്കൂര്‍ പിന്നിടുമ്പോള്‍ 11 മില്യണ്‍ വ്യുവ്‌സാണ് രേഖപ്പെടുത്തിയത്. ദൃശ്യവിസ്മയത്തിന്റെ മായക്കാഴ്ചകളാല്‍ സമൃദ്ധമാകും സിനിമയെന്ന് ഗ്ലിംസ് കാണുന്നവര്‍ ഒന്നടങ്കം പറയുന്നു.
1997ല്‍ ഇറങ്ങിയ നേര്‍ക്കുനേര്‍ ആണ് സൂര്യയുടെ ആദ്യ പടം. സിങ്കം, അഞ്ചാന്‍, ഗജിനി തുടങ്ങിയ സിനിമകള്‍ വന്‍ ഹിറ്റുകളായി. ചെറുപ്പത്തിലെ സിനിമ ഡയറക്ടറാകണമെന്നതായിരുന്നു സൂര്യയുടെ ആഗ്രഹം. പക്ഷെ, ബിരുദ പഠനത്തിന് ശേഷം ഗാര്‍മെന്റ് കമ്പനിയില്‍ മാനേജരായി. സിനിമാ മോഹം കലശലായപ്പോള്‍ ജോലി ഉപേക്ഷിച്ച് സിനിമാ ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു.
തമിഴ് നടന്‍ ശിവകുമാറിന്റെ മകനായി 1975 ജൂലൈ 23ന് കോയമ്പത്തൂരിലായിരുന്നു സൂര്യയുടെ ജനനം. തമിഴ് നടി ജ്യോതികയാണ് ഭാര്യ. 1999ല്‍ ഇരുവരും ഒന്നിച്ച ‘പൂവെല്ലാം കേട്ടുപാര്‍’ ചിത്രത്തിനു ശേഷം ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്ത പരന്നിരുന്നു. തമിഴ് നടന്‍ കാര്‍ത്തി സഹോദരനാണ്.