ആരോഗ്യം തരും ഔഷധക്കഞ്ഞി


ഇടവപ്പാതി കഴിഞ്ഞാണ് കര്‍ക്കിടകത്തിന്റെ വരവ്. കര്‍ക്കിടകത്തില്‍ മഴ ഏറുന്നതോടെ അന്തരീക്ഷ താപനില ഗണ്യമായി കുറയും. അതോടെ ശരീരോഷ്മാവിലും കുറവ് സംഭവിക്കും. അത് ദഹന പ്രക്രിയയില്‍ മാറ്റങ്ങള്‍ വരുത്തും. പണ്ട് കര്‍ക്കിടകം കനക്കുന്നതോടെ പുറത്ത് പണിക്കു പോകാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മിക്കവരും വീട്ടില്‍ ചടഞ്ഞു കൂടിയിരിക്കും. ഒരു മടിയും അലസതയും പൊതുവില്‍ ബാധിക്കും. പനിയും വാതരോഗങ്ങളുമൊക്കെ തലപൊക്കും. ഇതിനെയൊക്കെ മറികടക്കാനായാണ് ഒരൗഷധക്കൂട്ട് എന്ന നിലയില്‍ കര്‍ക്കിട കഞ്ഞി പഴമക്കാര്‍ കണ്ടെത്തുന്നത്. ഔഷധ കഞ്ഞിയെന്നും ഇത് അറിയപ്പെടുന്നുണ്ട്.

വാതരോഗം കുറയ്ക്കുന്ന, വേഗത്തില്‍ ദഹിക്കുന്ന, രുചിയുള്ള, രോഗപ്രതിരോധ ശേഷി നല്‍കുന്ന ഔഷധമാണ് കര്‍ക്കിടക കഞ്ഞിക്കൂട്ട്. വാതത്തെ അകറ്റുന്ന പച്ച മരുന്നുകളും രോഗപ്രതിരോധ ശേഷി നല്‍കുന്ന ഔഷധനങ്ങളും തിളപ്പിച്ച് അതിന്റെ തെളിയെടുത്ത് കഞ്ഞിവയ്ക്കുകയായിരുന്നു പണ്ടത്തെ പതിവ്. പിന്നീട് പല ഗവേഷണ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള കര്‍ക്കിടക കഞ്ഞിയുടെ ഉത്ഭവം. സൂപ്പര്‍ മാര്‍ക്കറ്റുകളിലും കടകളിലുമെല്ലാം ഇന്‍സ്റ്റന്റ് കര്‍ക്കിടക കഞ്ഞിക്കൂട്ട് ഇപ്പോള്‍ ലഭ്യമാണ്.

പഴമയുടെ പെരുമയില്‍ തന്നെ കര്‍ക്കിടക കഞ്ഞി തയ്യാറാക്കണമെന്നുള്ളവര്‍ക്ക് പരീക്ഷിക്കാനുള്ള റെസിപ്പി ഇതോടൊപ്പം:

3 പേര്‍ക്ക് കര്‍ക്കിടക കഞ്ഞി പാകം ചെയ്യാനുള്ള വിധമാണ് അളവുകള്‍ എടുത്തിരിക്കുന്നത്. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി ആവശ്യത്തിന്. മുക്കുറ്റി, കീഴാര്‍ നെല്ലി, ചെറൂള, തഴുതാമ, മുയല്‍ ചെവിയന്‍, ബലിക്കറുക, ചെറുകടലാടി, പൂവാംകുറിന്നില – ഇവയെല്ലാം സമൂലം തൊട്ടുരിയാടാതെ പറിച്ച് നന്നായി കഴുകി ചതയ്ക്കുക.
കുറുന്തോട്ടി – വേര് മാത്രം. ഉലുവ, ആശാളി ( അങ്ങാടി കടയില്‍ ലഭിക്കും ) ഇവ പൊടിച്ചു ചേര്‍ക്കുക. കക്കുംകായ – പരിപ്പ്, ചെറുപയര്‍ – പൊടിച്ചു ചേര്‍ക്കുക.
മരുന്നുകള്‍ എല്ലാം കൂടി 30gm / 60gm ചതച്ച് നന്നായി കിഴികെട്ടി അരിയില്‍ ഇട്ട് കഞ്ഞി വച്ച് കഴിക്കുക. ആവശ്യമുണ്ടെങ്കില്‍ മാത്രം തേങ്ങ പീര ഇടാം. ജീരകം, ചുവന്നുള്ളി ഇവ നെയ്യില്‍ ചേര്‍ത്ത് വറുത്ത് ചേര്‍ക്കാം. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ഇന്തുപ്പോ കല്ലുപ്പോ ചേര്‍ത്ത് കഴിക്കാം.


Leave a Reply

Your email address will not be published. Required fields are marked *