കട്ടോഫിലെ അനീതികള്‍: ആശങ്കയില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍


കേരള പിഎസ്‌സി ഡിഗ്രി മെയിന്‍സ് പരീക്ഷ തീയതികള്‍ അടുത്ത് വരികയാണ്. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് മെയിന്‍സ്-ആഗസ്റ്റ് 25നും സബ് ഇന്‍സ്‌പെക്ടര്‍ മെയിന്‍സ് ആഗസ്റ്റ് 23നും നടക്കും. മെയിന്‍ പരീക്ഷകള്‍ക്ക് ഒരു മാസം അവശേഷിക്കുന്നുവെങ്കിലും ഇതുവരെ പ്രിലിംസ് പരീക്ഷയുടെ റിസള്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ പഠിക്കണോ വേണ്ടയോ എന്നുള്ള ആശങ്കയിലാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും. പ്രത്യേകിച്ച് കട്ട് ഓഫ് മാര്‍ക്ക് കടക്കുമോ എന്ന് ഭയമുള്ളവര്‍.

മൂന്നു ഘട്ടത്തിലായി നടന്ന ഡിഗ്രി പ്രിലിംസ് പരീക്ഷ പിഎസ്‌സിയുടെ തുഗ്ലക് പരിഷ്‌കാരത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു. രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതിയവര്‍ക്ക് കഠിനമായ ചോദ്യപേപ്പറും മൂന്നാംഘട്ടത്തില്‍ എഴുതിയവര്‍ക്ക് വളരെ എളുപ്പമുള്ള പേപ്പറുമാണ് ലഭിച്ചത്.ഒരേ തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് വിവിധ നിലവാരത്തിലുള്ള ചോദ്യപേപ്പര്‍ നല്‍കുന്ന വഴി പിഎസ്‌സി കാണിക്കുന്നത് വഞ്ചനയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നോര്‍മലൈസേഷന്‍ എന്നതാണ് ഇതിന് പരിഹാരമായി പിഎസ്‌സി ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ കഴിഞ്ഞ പത്താംതര പ്രാഥമിക പരീക്ഷയില്‍ അഞ്ചാം ഘട്ടത്തില്‍ എഴുതിയവരില്‍ കുറഞ്ഞ ആളുകള്‍ മാത്രമേ പരീക്ഷ പാസായുള്ളൂ എന്നത് നോര്‍മലൈസേഷനെക്കുറിച്ച് സംശയമുണര്‍ത്തുന്നു.

ഡിഗ്രി തലങ്ങളില്‍ ഏറ്റവും കൂടുതല്‍ ഒഴിവുകള്‍ ഉള്ള തസ്തികയാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്. കേരളത്തിലെ 14 സംസ്ഥാന യൂണിവേഴ്‌സിറ്റികളിലായി ആയിരത്തില്‍ അധികം ഒഴിവുകളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനുമുമ്പ് ഈ പരീക്ഷ നടന്നത് 2018ലാണ്. അതായത് അഞ്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്നതാണ് ഈ പരീക്ഷ. രണ്ടാംഘട്ടത്തില്‍ തഴയപ്പെടുന്ന നിര്‍ഭാഗ്യവാന്മാര്‍ ഇനി ഈ പരീക്ഷ എഴുതണമെങ്കില്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വരും. അപ്പോഴേക്കും ഭൂരിഭാഗം പേരും വയസ്സ് അധികമായോ മറ്റോ ഈ മേഖലയില്‍ നിന്ന് പുറത്ത് പോകേണ്ടി വരും.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രാഥമിക പരീക്ഷയ്ക്ക് 50 മാര്‍ക്ക് കട്ട് ഓഫ് വച്ചാല്‍ ഒന്നാംഘട്ടത്തിലും മൂന്നാംഘട്ടത്തിലുമുള്ള ഭൂരിഭാഗം ആളുകളും കേറി പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ രണ്ടാംഘട്ടത്തില്‍ പരീക്ഷ എഴുതിയവര്‍ തഴയപ്പെടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒന്നാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും പരീക്ഷ എഴുതിയവര്‍ രക്ഷപ്പെട്ടു എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. കാരണം നാളെ അവര്‍ക്കും ഈ അവസ്ഥ വരാം. കേരള പിഎസ്‌സി പരീക്ഷ എഴുതുന്നതും കേരള ഭാഗ്യക്കുറി ലോട്ടറി എടുക്കുന്നതും ഒരുപോലെ ആകുന്ന കാലത്തേക്ക് എത്തിപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ജിഎസ്, എല്‍ഡി ക്ലര്‍ക്ക് തുടങ്ങിയ പരീക്ഷകള്‍ക്ക് പ്രിലിംസ്, മെയിന്‍സ് എന്നീ രണ്ട് ഘട്ടം നടത്തുന്ന നടപടി പിഎസ്‌സി അവസാനിപ്പിക്കണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. ”കെഎഎസ് പോലുള്ള ഉയര്‍ന്ന തസ്തികകളിലേക്ക് പല ഘട്ട പരീക്ഷകള്‍ നടത്തുന്നത് മനസ്സിലാക്കാം. എന്നാല്‍ ഭൂരിഭാഗ ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന പരീക്ഷകള്‍ക്ക് പല ഘട്ടങ്ങള്‍ വച്ചുകൊണ്ട് കേരള യുവതയുടെ ക്ഷമ പരീക്ഷ കൂടിയാണ് ഇപ്പോള്‍ പിഎസ്‌സി ചെയ്തു കൊണ്ടിരിക്കുന്നത്” – ഒരു ഉദ്യോഗാര്‍ത്ഥി പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ 16 പ്രകാരം സര്‍ക്കാര്‍ ജോലിക്ക് എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശമാണ് ഉള്ളതെന്നിരിക്കെ കേരളത്തില്‍ ചില ഘട്ടങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് കാഠിന്യം കുറഞ്ഞ ചോദ്യങ്ങളും മറ്റുഘട്ടങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് കാഠിന്യം കൂടിയ ചോദ്യപേപ്പറുകളും നല്‍കുന്നത് ഭരണ ഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


Leave a Reply

Your email address will not be published. Required fields are marked *