സഞ്ചയ് ദത്തിന് പിറന്നാള്‍ ‘മിന്നൊളി’


സഞ്ചയ് ദത്തിന്റെ പിറന്നാള്‍ സന്തോഷം ക്യാരക്ടര്‍ പോസ്റ്ററിലോ മോഷന്‍ പോസ്റ്ററിലോ ഒതുക്കാന്‍ ലോകേഷ് കനകരാജിന്റെ ‘ലിയോ’ ടീമിന് മനസില്ലായിരുന്നു. ഒരു ക്ലാസി ഗ്ലിംസ് തന്നെ ഇറക്കി. സഞ്ചയ് ദത്തിന്റെ സ്‌ക്രീന്‍ പ്രസന്‍സ് തന്നെയാണ് ഗ്ലിംസിന്റെ ഹൈലൈറ്റ്. ആന്റണി ദാസ് എന്ന തലക്കെട്ടോടെ ഇറങ്ങിയ യുട്യൂബ് വീഡിയോയ്ക്ക് ആറു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ലഭിച്ചത് 2.9 മില്യന്‍ വ്യൂവ്‌സ്. ലിയോയില്‍ സഞ്ചയ് ദത്തിന്റെ ഡഡ്‌ലി വില്ലന്‍ ക്യാരക്ടറിന്റെ പേരാണ് ആന്റണി ദാസ്.

ലോകേഷ് കനകരാജ് സംവിധാനത്തില്‍ വിജയ് പ്രധാന കഥാപാത്രത്തിലെത്തുന്ന ലിയോയില്‍ വലിയൊരു താരനിരതന്നെയുണ്ട്. തൃഷ, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, മഡോണ സെബാസ്റ്റിയന്‍, അനുരാഗ് കശ്യപ് എന്നിങ്ങനെ ലിസ്റ്റ് നീളുന്നു.

ലിയോയില്‍ നിവിന്‍ പോളി കാമിയോ റോളിലെത്തുമെന്നൊരു കരക്കമ്പിയുണ്ട്. ലോകേഷിന്റെ മുന്‍ ചിത്രം വിക്രത്തില്‍ ഫഹദ് ഫാസില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. അതില്‍ സൂര്യ കാമിയോ റോളിലെത്തിയിരുന്നു.

‘ലിയോ’ ഇതിനിടെ വിവാദത്തിലും പെട്ടിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഇതെന്ന് ആരോപിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. പടം നിരോധിക്കണമെന്നും പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നു. പാട്ടാളി മക്കള്‍ കക്ഷി പ്രസിഡന്റ് അന്‍പുമണി രാംദോസ് പുകവലി പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സീനുകള്‍ പടത്തില്‍ നിന്നു നീക്കണമെന്ന് വിജയിയോട് ആവശ്യപ്പെട്ടിരുന്നു. എന്തൊക്കെയായാലും ആരാധകര്‍ ആകാംക്ഷയോടെ ലിയോ റിലീസിനായി കാത്തിരിക്കുകയാണ്.


Leave a Reply

Your email address will not be published. Required fields are marked *