സിവില്‍ സര്‍വീസ് പരീക്ഷ മൂന്ന് ഘട്ടങ്ങളായാണ് നടത്തപ്പെടുന്നത്- പ്രിലിംസ്, മെയിന്‍സ്, ഇന്റര്‍വ്യൂ. ഇതില്‍ മെയിന്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടുന്നവരാണ് അവസാന റാങ്ക് ലിസ്റ്റില്‍ മുന്‍പന്തിയില്‍ എത്തുക. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷാ വിജയത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് ഓപ്ഷണല്‍ വിഷയങ്ങളാണ്. ആര്‍ട്‌സ്, സയന്‍സ്, എന്‍ജിനീയറിങ് തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ ഒന്ന് ഓപ്ഷണല്‍ (ഐച്ഛിക വിഷയം) വിഷയമായി മെയിന്‍ പരീക്ഷയില്‍ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പറഞ്ഞ ഓപ്ഷണല്‍ വിഷയങ്ങളില്‍ മികച്ച റാങ്ക് നേടിയാല്‍ മാത്രമേ ആദ്യം 100 റാങ്കില്‍ വരാനും ഐഎഎസ് നേടാനും സാധിക്കുകയുള്ളൂ.
അത്തരത്തില്‍ മലയാളികളായ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ വിജയത്തില്‍ ഏറ്റവും കൂടുതല്‍ സഹായകരമാകുന്ന ഓപ്ഷണല്‍ ആണ് മലയാളം.
മലയാളത്തിന്റെ മാധുര്യം അറിഞ്ഞവര്‍
കഴിഞ്ഞ നാളുകളില്‍ മലയാളം ഐച്ഛിക വിഷയമായി എടുത്ത് വിജയം വരിച്ചവര്‍ നിരവധിയാണ്. 2012 ഒന്നാം റാങ്ക് ജേതാവ് ഹരിത വി. കുമാറിന്റെ ഐച്ഛിക വിഷയം മലയാളമായിരുന്നു. അതിനുശേഷം 2014ല്‍ രണ്ടാം റാങ്ക് നേടിയ ഡോ. രേണു രാജ് മലയാളം ഓപ്ഷണല്‍ വിഷയമായി എടുത്ത വ്യക്തിയാണ്. മലയാളം ഐച്ഛിക വിഷയമായി എടുത്ത് ഈ വര്‍ഷം മാത്രം സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ കടന്നു കൂടിയത് പത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ്. അങ്ങനെ മലയാള ഭാഷ സഹായിച്ച് സിവില്‍ സര്‍വീസ് നേടിയത് നൂറുകണക്കിന് ഉദ്യോഗസ്ഥരാണ്.
മലയാളത്തിന്റെ നേട്ടങ്ങള്‍
മാതൃഭാഷ മലയാളം പഠിക്കുവാനും എഴുതുവാനും സാധിക്കുക എന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനമാണ്. ആ ഭാഷ തന്നെ ഇന്ത്യയിലെ മികച്ച ജോലികളില്‍ ഒന്നായ സിവില്‍ സര്‍വീസില്‍ എത്തിക്കാന്‍ സാധിക്കും എന്നുള്ളത് അതിലേറെ അഭിമാനം. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയില്‍ ഓപ്ഷണലായി തദ്ദേശീയ ഭാഷകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആ ഭാഷകള്‍ക്ക് ദേശീയ പ്രാധാന്യം നല്‍കുക എന്ന് ഉദ്ദേശത്തോടെയാണ്.
മലയാളം ഓപ്ഷനണലായി എടുക്കുമ്പോഴുള്ള ഏറ്റവും വലിയ നേട്ടം വളരെ ചുരുങ്ങിയ സിലബസ് എന്നതാണ്. പഠിച്ചെടുക്കാന്‍ എളുപ്പവും ഭാഷാശുദ്ധി ഉണ്ടെങ്കില്‍ ഉന്നത വിജയം നേടാനുമാകും. ഇതിലെല്ലാം ഉപരി മത്സരം താരതമ്യേന കുറവുമാണ്. മലയാളികള്‍ ആയിട്ടുള്ള വിദ്യാര്‍ത്ഥികളോട് മത്സരിച്ചാല്‍ മതി എന്നതിനാല്‍ ഇതില്‍ മികവ് നേടാന്‍ അധികം ബുദ്ധിമുട്ട് വരില്ല. മാത്രമല്ല മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ തീര്‍ച്ചയായും മലയാളികള്‍ തന്നെയായിരിക്കും. അവരില്‍ പലര്‍ക്കും മലയാളഭാഷയോട് ഒരു പ്രത്യേക മമതയുണ്ട്. മലയാളം ഓപ്ഷനണല്‍ വിഷയങ്ങളില്‍ മാര്‍ക്ക് കൂടാനുള്ള കാരണം ഇതാണെന്നത് പരസ്യമായ രഹസ്യമാണ്. അങ്ങനെ വരുമ്പോള്‍ മലയാളി വിദ്യാര്‍ത്ഥികള്‍ മലയാളം ഓപ്ഷണല്‍ ആയി എടുത്ത് വന്‍വിജയം കൊയ്യാവുന്നതാണ്.
ന്യൂജന്‍ ഓപ്ഷണനുകളിലെ അപകടങ്ങള്‍
പലപ്പോഴും സിവില്‍ സര്‍വീസ് പരിശീലനം രംഗത്ത് ഓപ്ഷണല്‍ വിഷയങ്ങള്‍ മാറിമറിഞ്ഞു വരും. ഒരുകാലത്ത് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ജോഗ്രഫി, ഹിസ്റ്ററി എന്നിവ മികച്ച് നിന്നിരുന്നെങ്കില്‍ പിന്നിട് ആന്ത്രോപോളജി, സോഷ്യോളജി തുടങ്ങിയവ ആ സ്ഥാനം കയ്യടക്കി.
എന്നാല്‍ അത്തരത്തില്‍ ഉള്ള ഓപ്ഷണല്‍ വിഷയങ്ങളില്‍ ദേശീയതലത്തിലുള്ള കടുത്ത മത്സരം നേരിടേണ്ടി വരും. മാത്രമല്ല അവിടെ മാര്‍ക്കിടുന്നവര്‍ ഭൂരിഭാഗവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രമുഖ സ്ഥാപനങ്ങളിലെ അധ്യാപകരായിരിക്കും. ഇവിടെ പിടിച്ചുനിന്ന് അക്കാദമിക് മികവ് പുലര്‍ത്തുക എന്നത് വളരെ ക്ലേശകരമായ കാര്യമാണ്. ചീട്ടു കൊട്ടാരം പോലെ ഉയര്‍ന്നുവരുന്ന ന്യൂജന്‍ ഓപ്ഷണനുകളെ ആശ്രയിക്കുന്നത് അപകടത്തില്‍ കലാശിക്കും
സിവില്‍ സര്‍വീസ് പരിശീലനത്തിന് ഇറങ്ങി പുറപ്പെടുമ്പോള്‍ ആദ്യം തീരുമാനിക്കേണ്ടത് ഓപ്ഷണല്‍ വിഷയമാണ്. തെറ്റിദ്ധാരണ മൂലവും കോര്‍പ്പറേറ്റ് പരിശീലന സ്ഥാപനങ്ങളുടെ വഞ്ചനാപരമായ പരസ്യത്തിലും വീണ് ഓപ്ഷണല്‍ വിഷയം തെരഞ്ഞെടുത്താല്‍ തങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകുന്നത് കണ്ടുനില്‍ക്കേണ്ട ഗതികേടിലാവും ഉദ്യോഗാര്‍ത്ഥികള്‍.
എന്നാല്‍, മലയാളികള്‍ മാതൃഭാഷയായ മലയാളം ഓപ്ഷണലായെടുത്താല്‍ സിവില്‍ സര്‍വീസ് എന്നുള്ള സ്വപ്നം നേടിയെടുക്കാം.
(ഐസിഎ ആര്‍ ശാസ്ത്രജ്ഞയാണ് ലേഖിക)