പരിയേറു പെരുമാള്‍, കര്‍ണന്‍ എന്നീ സിനിമകള്‍ക്കു ശേഷം മാരി സെല്‍വരാജ് ഒരുക്കിയ മാമന്നന്‍ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ ഉദയനിധി സ്റ്റാലിനാണ് നായകന്‍. വില്ലനായെത്തിയ ഫഹദ് ഫാസില്‍ പതിവ് തെറ്റിക്കാതെ ഇതിനോടകം പ്രേക്ഷക പ്രശംസ നേടിക്കഴിഞ്ഞു. ജൂണ്‍ 29ന് റിലീസായ മാമന്നന്‍ മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിരുന്നു.
ജാതി വ്യവസ്ഥ പ്രമേയമാക്കിയ പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. മാരിസെല്‍വരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. എ. ആര്‍ റഹ്‌മാന്റെ സംഗീതം. തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്നു.
ടൈറ്റില്‍ റോളിലെത്തിയ വടിവേലുവിന്റെ മാസ്മരിക പ്രകടനം പ്രേക്ഷകരെ വിസ്മയിപ്പിക്കും. ഇമോഷണല്‍ സീനുകളെ തികഞ്ഞ കയ്യടക്കത്തോടെയാണ് വടിവേലു അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ താഴ്ന്ന ജാതിക്കാരനായ മാമന്നന്‍ കാശിപുരം മണ്ഡലത്തിലെ എംഎല്‍എയും നിയമസഭാ സ്പീക്കറുമാണ്. പാര്‍ട്ടിയിലെതന്നെ ഉയര്‍ന്ന ജാതിയിലുള്ള നേതാവിന്റെ മകനാണ് ഫഹദ് അവതരിപ്പിക്കുന്ന രത്‌നവേലു. മാമന്നന്റെ മകനായ അതിവീരനായി ഉദയനിധി സ്റ്റാലിന്‍ എത്തുന്നു. പാര്‍ട്ടിയിലും മറ്റും താഴ്ന്ന ജാതിക്കാരനായതുകൊണ്ട് നേരിടേണ്ടിവരുന്ന വേര്‍തിരിവുകളും മാനസിക സംഘര്‍ഷങ്ങളുമൊക്കെ തീവ്രമായി അവതരിപ്പിച്ചിരിക്കുന്നു.