തീയ്യറ്ററുകള്‍ പൂരപ്പറമ്പാക്കി ജയിലര്‍ മുന്നേറുകയാണ്. ഇടക്കാലത്തിനു ശേഷം തീയ്യറ്ററുകളിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ ബഹുതാര ചിത്രത്തിനായി. അതിഥി വേഷത്തില്‍ സ്‌റ്റൈലിഷായെത്തിയ മോഹന്‍ ലാലിന്റെ അത്യുഗ്ര പ്രകടനം തന്നെയാണ് ജയിലറിന്റെ മൈലേജ് കൂട്ടിയത്. ചുരുങ്ങിയ സമയം മാത്രം സ്‌ക്രീന്‍ പ്രസന്‍സുള്ള മാത്യുസ് എന്ന കഥാപാത്രമായി മോഹന്‍ ലാല്‍ നിറഞ്ഞാടി.
മോഹന്‍ ലാല്‍ അതിഥി താരമായെത്തി മൈലേജ് കൂട്ടിയ സിനിമകള്‍ പലതുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.
പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
രഞ്ജിത്തിന്റെ ആദ്യ തിരക്കഥയില്‍ ഒരുങ്ങിയ പെരുവണ്ണാപുരത്തെ വിശേഷങ്ങളില്‍ മോഹന്‍ ലാല്‍ അതിഥി താരമായി എത്തുന്നുണ്ട്. ക്ലൈമാക്‌സ് രംഗത്ത് പ്രത്യക്ഷപ്പെടുന്ന സിംഗപ്പൂര്‍ വ്യവസായിയായ അച്ചു എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍. പാര്‍വതി നായിക.
മനു അങ്കിള്‍
ഡെന്നീസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തില്‍ ലാല്‍ വേഷമിട്ടത് മോഹന്‍ ലാലായി തന്നെയാണ്. ചിത്രത്തിലെ ബാലതാരങ്ങള്‍ ഒരു ഹോട്ടലില്‍ എത്തുന്നതും മോഹന്‍ ലാലിനെ കാണുന്നതുമായിരുന്നു രംഗം. ഏറെ രസകരമായി ഈ രംഗം ചിത്രീകരിച്ചിരിക്കുന്നു.
സമ്മര്‍ ഇന്‍ ബത്‌ലഹേം
ക്ലൈമാക്‌സ് രംഗത്ത് ഒരു ചുരുങ്ങിയ സമയം മാത്രം സ്‌ക്രീനിലെത്തുന്ന നിരഞ്ജന്‍ എന്ന കഥാപാത്രമായാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ മോഹന്‍ ലാല്‍ എത്തിയത്. വൈകാരികമായ രംഗത്തെ അവിസ്മരണീയമാക്കി ലാല്‍ കയ്യടി നേടി.
ഉന്നതങ്ങളില്‍
ലാലും മനോജ് കെ. ജയനും കേന്ദ്ര കഥാപാത്രമായെത്തിയ ഉന്നതങ്ങളില്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി താരമായെത്തുന്നു. റോബിന്‍ തിരുമല രചന നിര്‍വഹിച്ച് ജോമോന്‍ സംവിധാനം ചെയ്ത സിനിമ 2001 റിലീസാണ്.
കിലുക്കം കിലുകിലുക്കം
കിലുക്കത്തിന്റെ രണ്ടാം ഭാഗമായി ഇറങ്ങിയ കിലുക്കം കിലുകിലുക്കത്തില്‍ മോഹന്‍ ലാല്‍ അതിഥി താരമായി എത്തുന്നു.
കായംകുളം കൊച്ചുണ്ണി
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയില്‍ കുറച്ച് നേരം മാത്രമുള്ള ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടു. നിവിന്‍ പോളിയായിരുന്നു നായകന്‍. കായംകുളം കൊച്ചുണ്ണിയുടെ പ്രധാന ആകര്‍ഷകമായത് മോഹന്‍ ലാലിന്റെ ഇന്‍ട്രോ സീനായിരുന്നു.
ഈ സിനിമകളിലെല്ലാം മോഹന്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നതോടെ സിനിമയുടെ ഊര്‍ജ്ജം കൂടുകയാണ്. ഈ സിനിമകളില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളാണ്.