കറുത്ത ഭൂഖണ്ഡത്തിലെ ‘വെള്ളക്കാര്‍’


കരുത്തരായ സ്‌പെയ്‌നിനെയും പോര്‍ച്ചുഗലിനെയും അട്ടിമറിച്ച് മൊറോക്കോ ലോകകപ്പ് സെമിഫൈനലിലേക്ക് കടന്നതോടെ ആ രാജ്യത്തെക്കുറിച്ചും അവിടുത്തെ സംസ്‌ക്കാരത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചുമൊക്കെ അന്വേഷിക്കുന്നവര്‍ ഏറെയാണ്. ഫുട്‌ബോള്‍ ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വടക്ക് സ്ഥിതി ചെയ്യുന്ന രാജ്യമാണ് മൊറോക്കോ. ആഫ്രിക്കയെന്നു കേള്‍ക്കുമ്പോഴേ ചുരുണ്ട മുടിയുള്ള, ആരോഗ്യദൃഢഗാത്രരായ കാപ്പിരികളുടെ ചിത്രമാകും പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. പക്ഷെ, വടക്കേ ആഫ്രിക്കന്‍ (മഗ്‌രിബ്) രാജ്യങ്ങളായ അള്‍ജീരിയ, ലിബിയ, മൊറോക്കോ, ഈജിപ്ത്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ക്ക് യൂറോപ്യന്‍സുമായി ജനിതക സാമ്യമുണ്ട്. ഫിനീഷ്യന്‍ പോപ്പുലേഷന്റെ പിന്തുടര്‍ച്ചക്കാരാണ് വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍. അതില്‍ത്തന്നെ യൂറോപ്യന്മാരുമായി ഏറ്റവും അധികം സാമ്യമുള്ളത് മൊറോക്കന്‍സിനാണ്. അതുകൊണ്ടുതന്നെ ആഫ്രിക്കയിലെ ‘വെള്ളക്കാരായി’ മൊറോക്കന്‍സ് അറിയപ്പെടുന്നു. ഈ പ്രദേശങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാരുണ്ടെങ്കിലും ശതമാനക്കണക്കില്‍ വെള്ളക്കാരാണ് ഭൂരിഭാഗവും.

റാബത്താണ് മൊറോക്കയുടെ തലസ്ഥാനം. കസാബ്ലാങ്കയാണ് മൊറോക്കോയിലെ ഏറ്റവും വലിയ നഗരം. ഒരിക്കല്‍ സ്‌പെയ്‌നിന്റെയും ഫ്രാന്‍സിന്റെയും കോളനിയായിരുന്നു മൊറോക്കോ. മെഡിറ്ററേനിയന്‍ കടലിന്റെ ഇരുകരകളിലുമായാണ് സ്‌പെയ്‌നും മൊറോക്കോയും സ്ഥിതി ചെയ്യുന്നത്. കടലിലൂടെ സഞ്ചരിച്ചാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അകലം പതിനെട്ടര കിലോമീറ്റര്‍ മാത്രം. 1956ല്‍ ഫ്രാന്‍സില്‍ നിന്നും മൊറോക്കോ സ്വതന്ത്രമായി. പാര്‍ലമെന്റോടു കൂടിയ രാജഭരണമാണ് നിലവില്‍. മുഹമ്മദ് ആറാമനാണ് ഇപ്പോഴത്തെ രാജാവ്.

മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലൊന്നാണ് മൗറിറ്റാനിയ. കറുത്ത വര്‍ഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യം കൂടിയാണ് മൗറിറ്റാനിയ. വെസ്റ്റേണ്‍ സഹാര എന്ന സ്ഥലത്തിന്റെ പേരില്‍ മറോക്കോയും മൗറിറ്റാനിയയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നുണ്ട്. ഐക്യരാഷ്ട്ര സഭ ഇടപെട്ടെങ്കിലും പ്രശ്‌ന പരിഹാരത്തിന് ഇതുവരെയും സാധിച്ചിട്ടില്ല.

ടൂറിസമാണ് പ്രധാന വരുമാന മാര്‍ഗം. മലകള്‍ നിറഞ്ഞ രാജ്യമാണ് മൊറോക്കോ. അറ്റ്‌ലസ് മൗണ്ടന്‍, റിഫ് മൗണ്ടന്‍ എന്നിവയാണ് പ്രധാന മലകള്‍. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ കുതിരയോട്ടം, ക്വിക്ക് ബോക്‌സിങ് എന്നിവയാണ് പ്രധാന കായിക വിനോദങ്ങള്‍.

ഷേക്‌സ്പിയറിന്റെ സൃഷ്ടിയായ ഒഥല്ലോ മൊറോക്കൊക്കാരനായിരുന്നെന്ന് ചില പഠനങ്ങളില്‍ പറയുന്നു.

99 ശതമാനവും മുസ്ലീങ്ങള്‍ അധിവസിക്കുന്ന മൊറോക്കോയെ അറബ് രാഷ്ട്രമായാണ് ലോകം കാണുന്നതെങ്കിലും ഇവര്‍ അറബികളല്ല. അറബി സംസാരിക്കുമെങ്കിലും ഇവര്‍ യഥാര്‍ത്ഥത്തില്‍ ബെര്‍ബെര്‍ വംശജരാണ്.


Leave a Reply

Your email address will not be published. Required fields are marked *