നെതന്യാഹു മൊസദിന്റെ മുനയൊടിക്കുമോ?
ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയാണ് മൊസദ്. ബുദ്ധികൂര്‍മ്മതയും അന്വേഷണപാടവവും വിപുലമായ നെറ്റ്‌വര്‍ക്കുകളും കൊടുംക്രൂരതയും മറ്റു ചാരസംഘനകളില്‍ നിന്നും മൊസദിനെ വ്യത്യസ്തമാക്കുന്നു. സൂപ്പര്‍ പവറായ അമേരിക്കപോലും ഇന്റലിജന്‍സ് വിവരങ്ങള്‍ക്കായി പലപ്പോഴും മൊസദിനെ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സ്വേച്ഛാദിപത്യ പ്രവണതകള്‍ മൊസദിനെയും ഇസ്രായേലിനെയും ദുര്‍ബലമാക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

മൊസദിന്റെ പിറവി
പാലസ്തീനികളുടെ പ്രദേശങ്ങള്‍ പിടിച്ചടക്കിയാണ് 1948ല്‍ ഇസ്രായേല്‍ രൂപംകൊള്ളുന്നത്. അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെ അംഗീകരിക്കാതിരുന്നത് ആ മേഖലയിലെ വലിയ സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചു. പലപ്പോഴും യുദ്ധമുണ്ടായി. അറബ് രാജ്യങ്ങള്‍ സംഘം ചേര്‍ന്ന് ഇസ്രായേലിനെതിരെ ആക്രമങ്ങള്‍ അഴിച്ചുവിട്ടു. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അത്യാധുനിക യുദ്ധോപകരണങ്ങളും പട്ടാളവും മാത്രം മതിയാകില്ലെന്നും ശക്തമായ ഇന്റലിജന്‍സ് വിഭാഗം അത്യാവശ്യമാണെന്നും ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ഡേവിഡ് ബെന്‍ ഗുറിയോന്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 1949ല്‍ മൊസദിന് രൂപം നല്‍കി. അറബ് രാഷ്ട്രങ്ങളുമായി നടന്ന യുദ്ധങ്ങളിലെല്ലാം ഇസ്രായേല്‍ വിജയം നേടിയത് മൊസദിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍കൊണ്ടു കൂടിയാണ്.

അങ്കത്തട്ടിലേക്ക്
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതോടെ ജര്‍മ്മനിയില്‍ നാസി ക്രൂതകള്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചു. ഹിറ്റ്‌ലറുടെ വലം കയ്യായിരുന്ന അഡോള്‍ഫ് ഐച്ച്മാന്‍ ജൂതന്മാര്‍ക്കെതിരെ നിരവധി ക്രൂരകൃത്യങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. വിചാരണ തുടങ്ങിയതോടെ അദ്ദേഹം ആരുമറിയാതെ അര്‍ജന്റീനയിലേക്ക് നാടുവിട്ടു. അവിടെ രഹസ്യ ജീവിതം നയിച്ചുവന്ന ഐച്ച്മാനെ 1960ല്‍ കസ്റ്റഡിയിലെടുത്ത് മൊസദ് ഇസ്രായേലില്‍ എത്തിച്ചു. ലോകത്തെ ഞെട്ടിച്ച മൊസദിന്റെ ആദ്യ ഓപ്പറേഷനായിരുന്നു അത്. കാരണം ഇസ്രായേല്‍ എന്ന കൊച്ചുരാജ്യം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ അര്‍ജന്റീന പോലുള്ള വലിയ രാജ്യത്തേക്ക് അയയ്ക്കുകയും അവിടെ നിന്നും ആരുമറിയാതെ ഒരാളെ ഇസ്രായേലിലേക്ക് കടത്തിക്കൊണ്ടു വന്ന് വിചാരണ ചെയ്ത് തൂക്കിലേറ്റിയത് അത്രയ്ക്കും നാടകീയമായായിരുന്നു.

അക്കാലത്ത് ശക്തമായൊരു അറബ് രാജ്യമായിരുന്നു ഈജിപ്ത്. ഗമാല്‍ അബ്ദുള്‍ നാസര്‍ ഹുസൈനായിരുന്നു അന്ന് ഈജിപ്ത് പ്രസിഡന്റ്. റഷ്യയുടെ സൗഹൃദ രാഷ്ട്രമായിരുന്ന ഈജിപ്തിന് റഷ്യന്‍ നിര്‍മിത ആയുധങ്ങളും ലഭിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മനിയുടെ തോല്‍വിയെത്തുടര്‍ന്ന് 13 പ്രതിരോധ ഗവേഷണ ശാസ്ത്രജ്ഞരെ ആരുമറിയാതെ ഈജിപ്ത് തങ്ങളുടെ രാജ്യത്ത് എത്തിച്ചു. ലോകത്തിലെ ഏറ്റവും മികച്ച റോക്കറ്റുകള്‍ നിര്‍മ്മിക്കുകയായിരുന്നു അതുവഴി ഈജിപ്ത് ലക്ഷ്യമിട്ടത്. ഇത് മനസിലാക്കിയ മൊസദ് 13 ശാസ്ത്രജ്ഞരെയും മികച്ച ആസൂത്രണത്തോടെ പലപ്പോഴായി കൊലപ്പെടുത്തി.
വിവരശേഖരണത്തിന് പലവഴികള്‍
റഷ്യയുടെ മിഗ് 21 യുദ്ധവിമാനങ്ങള്‍ ഈജിപ്തും ഇറാഖും വാങ്ങിയ കാലം. ഈ യുദ്ധ വിമാനത്തെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും ഇസ്രായേലിന് ധാരണകളൊന്നുമുണ്ടായിരുന്നില്ല. മിഗ് 21 യുദ്ധ വിമാനങ്ങളെക്കുറിച്ച് പഠിക്കാന്‍ മൊസദ് പദ്ധതിയിട്ടു. ഇറാഖി സൈന്യത്തിന്റെ ഭാഗമായ ഒരു പൈലറ്റിനെ അവര്‍ സ്വാധീനിച്ചു. മിഗ് 21 വിമാനം പരിശീലന പറക്കല്‍ നടത്തുമ്പോള്‍ അത് ഇസ്രായേലില്‍ എത്തിക്കുകയെന്നതായിരുന്നു പദ്ധതി. അതു സമ്മതിച്ച പൈലറ്റ് തന്റെയും ബന്ധുക്കളുടെയും സംരക്ഷണം ഉറപ്പു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. പൈലറ്റിന്റെ അമ്പതോളം അടുത്ത ബന്ധുക്കളെ വിവിധ സമയങ്ങളില്‍ മൊസദ് ഇസ്രായേലില്‍ എത്തിച്ചു. തുടര്‍ന്ന് ഇറാക്കി പൈലറ്റ് മുന്‍നിശ്ചയ പ്രകാരം വിമാനം ഇസ്രായേലില്‍ എത്തിക്കുകയും ചെയ്തു. ഇത്തരത്തില്‍ ഏതു മാര്‍ഗം സ്വീകരിച്ചും ലക്ഷ്യം നടപ്പിലാക്കുകയാണ് മൊസദ് ശൈലി.
പെരുമ നല്‍കിയ വിമാന റാഞ്ചല്‍
ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നിന്ന് പാരീസിലേക്് പുറപ്പെട്ട എയര്‍ ഫ്രാന്‍സിന്റെ യാത്രാ വിമാനം പാലസ്തീന്‍ തീവ്രവാദികള്‍ റാഞ്ചി ഉഗാണ്ടയിലെ എന്‍ഡബേ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൊണ്ടിറക്കി. കുപ്രസിദ്ധനായ ഈദി അമീനാണ് അന്ന് ഉഗാണ്ട ഭരിക്കുന്നത്. യഹൂദ വിദ്വേഷം വച്ചുപുലര്‍ത്തിയിരുന്ന ആളുകൂടിയായിരുന്നു ഈദി അമീന്‍. തീവ്രവാദികള്‍ക്ക് വേണ്ട സഹായങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തു. ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന ചില പാലസ്തീനികളെ വിട്ടയച്ചാല്‍ മാത്രമേ വിമാനവും അതിലെ യാത്രക്കാരെയും മോചിപ്പിക്കുകയുള്ളുവെന്ന പാലസ്തീന്‍ തീവ്രവാദികള്‍ ഇസ്രായേലിനെ അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്നതില്‍ 90 ശതമാനവും യൂദന്മാരായിരുന്നു. റാഞ്ചലിന്റെ രണ്ടാം ദിനം യഹൂദന്മാരാല്ലാത്ത യാത്രക്കാരെ തീവ്രവാദികള്‍ മോചിപ്പിച്ചു. വിലപേശല്‍ നടന്നുകൊണ്ടിരുന്നു.
കാര്യങ്ങള്‍ മൊസദ് ഏറ്റെടുത്തു. സ്‌പെഷ്യല്‍ ടീം രൂപീകരിച്ചു. എന്‍ഡബേ എയര്‍ പോര്‍ട്ടിന്റെ ഒരു കോണിലാണ് തീവ്രവാദികള്‍ വിമാനം തടവില്‍ വച്ചിരിക്കുന്നത്. പക്ഷെ, എയര്‍പോര്‍ട്ട് സാധാരണ പോലെ പ്രവര്‍ത്തിക്കുന്നുമുണ്ട്. അന്ന് അവിടെ ഇറങ്ങേണ്ടിയിരുന്ന കെനിയന്‍ എയര്‍വേയ്‌സിന്റെ ഒരു യാത്രാ വിമാനം സാധാരണപോലെ എന്‍ഡബേ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. പക്ഷെ, വിമാനത്തില്‍ നിന്ന് ഇറങ്ങിയത് മൊസദിന്റെ സ്‌പെഷ്യല്‍ ടീമായിരുന്നു. അവര്‍ അതിവേഗം പാലസ്തീന്‍ തീവ്രവാദികളെ കീഴ്‌പ്പെടുത്തി, തടവിലായിരുന്ന യാത്രക്കാരെ മോചിപ്പിച്ച് കെനിയന്‍ എയര്‍വേയ്‌സ് വിമാനമായി രൂപമാറ്റം വരുത്തിയ ഇസ്രായേലി വിമാനമാത്തില്‍ കയറ്റി നാട്ടിലെത്തിച്ചു. ആ ഓപ്പറേഷനോടെ മൊസദിന്റെ പെരുമ പതിന്മടങ്ങായി.

സൂപ്പര്‍ സ്റ്റാര്‍ കോഹന്‍
ചാരപ്രവര്‍ത്തനങ്ങളിലെ സൂപ്പര്‍ സ്റ്റാറാണ് ഏലിയാഹു ബെന്‍ ഷൗള്‍ കോഹനെന്ന ഏലി കോഹന്‍. മൊസദ് അംഗമായിരുന്നു അദ്ദേഹം. സിറിയയില്‍ നടത്തിയ ചാരവൃത്തിയാണ് അദ്ദേഹത്തെ പ്രസിദ്ധനാക്കിയത്. ഇസ്രായേല്‍ക്കാരനായിരുന്ന കോഹന്‍ സിറിയന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് കാമില്‍ അമീന്‍ എന്ന പേരില്‍ സിറിയയിലേക്ക് കടന്നു.

രാഷ്ട്രീയ, സൈനികരംഗത്തെ പ്രമുഖരുമായി സൗഹൃദമുണ്ടാക്കി. പ്രതിരോധ മന്ത്രിയുടെ ഉപദേശകനായി. നയതന്ത്ര കാര്യങ്ങളെല്ലാം ചോര്‍ത്തി ഇസ്രായേലിനു നല്‍കാന്‍ കോഹനു കഴിഞ്ഞു. 1967-ല്‍ ഇസ്രായേലിനെതിരെ നടന്ന ആറുദിന യുദ്ധത്തില്‍ സിറിയ അടക്കമുള്ള അറബ് സഖ്യം പരാജയപ്പെട്ടത് കോഹന്‍ ചാരപ്രവര്‍ത്തനത്തിലൂടെ ശേഖരിച്ച രഹസ്യവിവരങ്ങള്‍ പ്രയോജനപ്പെട്ടതുകൊണ്ടാണെന്ന് കരുതപ്പെടുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം കോഹന്‍ ഇസ്രായേലി ചാരനാണെന്ന് സിറിയന്‍ ഭരണകൂടം തിരിച്ചറിയുകയും അദ്ദേഹത്തിന് വധശിക്ഷ വിധിച്ച് തൂക്കിക്കൊല്ലുകയും ചെയ്തു.
എതിരാളികളെ ഇല്ലാതാക്കുന്ന ക്രൂരത

പാലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ നേതാവായ യാസര്‍ അറാഫാത്ത് ഫത്താ എന്ന സംഘടന രൂപീകരിച്ചു. പാലസ്തീനികള്‍ക്ക് നീതി നേടിക്കൊടുക്കുക എന്നതായിരുന്നു ഫത്തയുടെ ലക്ഷ്യം. ഫത്തയുടെ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുന്നവര്‍ തുടരെ കൊല്ലപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായൊരു സംഘടനയാകാന്‍ ഫത്തയക്ക് കഴിഞ്ഞില്ല. നേതാക്കന്മാരെ സ്‌കെച്ച് ചെയ്ത് വധിച്ചത് മൊസദാണ്. യാസര്‍ അറാഫത്ത് മരിക്കുന്നത് വിഷ ബാധയേറ്റാണ്. അതിനു പിന്നിലും മൊസദിനെ സംശയിക്കുന്നവരുണ്ട്. യാസര്‍ അറാഫാത്തിന് വിഷബാധയേറ്റത് ഹസ്തദാനം വഴിയാണെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇറാന്‍ ഭരണ ശ്രേണിയിലെ മൂന്നാം സ്ഥാനക്കാരനായിരുന്ന ഖാസിം സുലൈമാനിയെ 2020 ജനുവരി 3ന് ഒരു കാര്‍ യാത്രയ്ക്കിടെ ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമേരിക്കയാണെന്നും കൃത്യത്തില്‍ മൊസദിന്റെ കയ്യൊപ്പുണ്ടെന്നും പറയപ്പെടുന്നു.

ഇസ്രായേലിനെതിരെയും മൊസദിനെതിരെയും ഉയര്‍ന്നുവരുന്ന ഭീഷണികളെ അതിന്റെ നേതൃത്വത്തിലിക്കുന്നയാളെ അതീവ രഹസ്യമായി കൊലപ്പെടുത്തി മുനയൊടിക്കുന്ന ശൈലിയാണ് മൊസദ് പിന്തുടരുന്നത്. ഇറാന്റെ ആണവ പരീക്ഷണം ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇസ്രാലേയിനാണ്. അതുകൊണ്ടുതന്നെ ഇറാന്റെ നിരവധി ആണവ ശാസ്ത്രജ്ഞന്മാരെ മൊസദ് കൊലപ്പെടുത്തിയിട്ടുണ്ട്.
മൊസദ് പരാജയപ്പെട്ട സംഭവങ്ങളും ചരിത്രത്തിലുണ്ട്. 1972ലെ മ്യൂണിച്ച് ഒളിംപിക്‌സില്‍ യൂദ കായിക താരങ്ങളെ പാലസ്തീന്‍ തീവ്രവാദികള്‍ വധിച്ചു. ഭീഷണി നേരത്തെ തിരിച്ചറിയാനും പ്രതിരോധം തീര്‍ക്കാനും മൊസദിനായില്ല.