മുഹമ്മദ് ബിന്‍ സല്‍മാന്‍ നായകനോ? വില്ലനോ?
2018 ഒക്ടോബര്‍ 2, അന്നൊരു ചൊവ്വാഴ്ചയായിരുന്നു. എം. ബി. എസ് എന്ന മൂന്നക്ഷര ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് എന്ന ചെറുപ്പക്കാരനെ ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത് അന്ന് മുതലാണ്. ആരാണ് എം.ബി.എസ്? എന്തുകൊണ്ടാണ് ലോകത്തിന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞത്? സൗദി പോലൊരു യാഥാസ്ഥിതിക രാജ്യത്തെ നിയമങ്ങള്‍ പോലും പൊളിച്ചെഴുതാന്‍ സാധിക്കുന്നതരത്തില്‍ എംബിഎസ് ശക്തനായതെങ്ങനെ? എതിരാളികളെ എണ്ണി എണ്ണി കൊന്നൊടുക്കുമ്പോഴും ആധുനിക സാങ്കേതിക വിദ്യകളെല്ലാം ഉപയോഗപ്പെടുത്തി സൗദി അറേബ്യയെ ലോകത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ പരിശ്രമിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ നായകനോ അതോ വില്ലനോ?
ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ സൗദി അറേബ്യയെക്കുറിച്ച് അറിയണം. അവിടുത്തെ അല്‍സൗദ് രാജവംശത്തെക്കുറിച്ചും. മക്ക, മദീന തുടങ്ങിയ പുണ്യഭൂമികള്‍ സ്ഥിതി ചെയ്യുന്ന സൗദി അറേബ്യ ലോകത്തിലെ ഏറ്റവും വലിയ പത്തു രാജ്യങ്ങളില്‍ ഒന്നാണ്. ലോകത്താകമാനമുള്ള പെട്രോളിയം എണ്ണകളുടെ ശേഖരത്തിന്റെ 20 ശതമാനവും സ്ഥിതി ചെയ്യുന്നത് സൗദിയിലാണ്. സല്‍മാന്‍ രാജാവാണ് ഇപ്പോള്‍ ഭരിക്കുന്നത്. സല്‍മാന്‍ രാജാവിന്റെ എഴാമത്തെ മകനാണ് എം. ബി. എസ് എന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍.

ഇനി ആ ഒക്ടബോര്‍ രണ്ട്, ചൊവ്വാഴ്ചയിലേക്ക് മടങ്ങി പോകാം. സൗദി അറേബ്യന്‍ പത്രപ്രവര്‍ത്തകനായ ജമാല്‍ ഖശോഗിയെ അദ്ദേഹത്തിന്റെ കാമുകി അവസാനമായി കണുന്നത് ലോകം എം.ബി.എസിനെ ശ്രദ്ധിക്കാന്‍ തുടങ്ങിയ അതേ ചൊവ്വാഴ്്ചയായിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഖശോഗി വാഷിങ്ടണ്‍ പോസ്റ്റില്‍ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നിരന്തരം ലേഖനങ്ങളെഴുതിയിരുന്നു. നാലാമത്തെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ഖശോഗി കൊല്ലപ്പെടുന്നത്, അതും തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച്. തുര്‍ക്കിക്കാരിയായ കാമുകിയെ വിവാഹം കഴിക്കുന്നതിനായാണ് ഖശോഗി ഇസ്താംബൂളിലെത്തുന്നത്. സൗദി പൗരനായതിനാല്‍ സൗദി കോണ്‍സുലേറ്റില്‍ നിന്ന് മുന്‍ വിവാഹ ബന്ധങ്ങള്‍ വേര്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നു. ഖശോഗി കോണ്‍സുലേറ്റ് അധികൃതരോട് അക്കാര്യം ആവശ്യപ്പെട്ടു.
2018 ഒക്ടോബര്‍ 2ന് കോണ്‍സുലേറ്റിലെത്താന്‍ അവര്‍ ഖശോഗിയോട് ആവശ്യപ്പെട്ടു. കാമുകിയോടൊപ്പം ആ ചൊവ്വാഴ്ച ഖശോഗി കോണ്‍സുലേറ്റിലെത്തി. കോണ്‍സുലേറ്റിനുള്ളിലേക്ക് കാമുകിക്ക് പ്രവേശനം ലഭിച്ചില്ല. ഖശോഗി മാത്രം അകത്തു കടന്നു. പിന്നീട് അദ്ദേഹം തിരിച്ചു വന്നതേയില്ല.

പരാതിയെത്തുടര്‍ന്ന് തുര്‍ക്കി പൊലീസും സംഘവും നടത്തിയ അന്വേഷണത്തിലാണ് അതിവിദഗ്ധമായി ആസൂത്രണം ചെയ്ത ക്രൂര കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്റെ ആജ്ഞ പ്രകാരം ഖശോഗിയെ വധിക്കുന്നതിനായി സൗദി അറേബ്യയില്‍ നിന്ന് ഈജിപ്ത് വഴി മൂന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തുര്‍ക്കിയിലെ പല സ്ഥലങ്ങളിലായി 18 ഓളം കൊലയാളികള്‍ വന്നിറങ്ങി. ഫോറന്‍സിക് ഡോക്ടര്‍, മുഹമ്മദ് ബിന്‍ സല്‍മാന്റെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍, സൗദി പട്ടാള പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു കൊലയാളി സംഘം.
ഖശോഗിഎത്തിച്ചേരുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ കൊലയാളി സംഘം കോണ്‍സുലേറ്റില്‍ പ്രവേശിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംശയം തോന്നാതിരിക്കാനായി വ്യത്യസ്ത സമയങ്ങളിലാണ് ഇവര്‍ കോണ്‍സുലേറ്റില്‍ കടന്നത്. മുഹമ്മദ് ബിന്‍ സല്‍മാനെ നിരന്തരം ലേഖനങ്ങളെഴുതിയിരുന്ന ഖശോഗിയെ കൊലയാളിസംഘം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഖശോഗിയോട് രൂപസാദൃശ്യം ഉള്ളയാളെ അദ്ദേഹത്തിന്റെ കോട്ടും മറ്റു വസ്ത്രങ്ങളും ധരിപ്പിച്ച് പുറത്തേക്ക് പറഞ്ഞു വിട്ടു. സിസി ടിവി പരിശോധിച്ചാല്‍ ഖശോഗി കോണ്‍സുലേറ്റില്‍ നിന്നും പുറത്തു കടന്നതായി തോന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഫോറന്‍സിക് ഡോക്ടറുടെ നേതൃത്വത്തില്‍ മൃതദേഹം എഴ് സ്യൂട്ട്‌കേസുകളിലായി കോണ്‍സുലേറ്റിന്റെ പുറത്ത് എത്തിച്ചു. കഷണങ്ങളാക്കി പുറത്തെത്തിച്ച മൃതദേഹത്തിന് പിന്നീട് എന്തു സംഭവിച്ചെന്നത് ഇന്നും ആര്‍ക്കും അറിയില്ല.
മുഹമ്മദ് ബിന്‍ സല്‍മാനാണ് ലോകപ്രശസ്തനായ പത്രപ്രവര്‍ത്തകന്റെ കൊലയ്ക്കു പിന്നിലെന്ന് സിഐഎയും ഉറപ്പിച്ചതോടെ പല രാജ്യങ്ങളും എംബിഎസിനെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. പക്ഷെ, അന്ന് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡോണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജറേഡ് കുഷ്ണര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഉറ്റചങ്ങാതിയായിരുന്നു. മരുമകന്റെ സ്വാധീനത്താല്‍ ഖശോഗിയുടെ മരണത്തില്‍ സൗദി കിരീട അവകാശിക്ക് പങ്കില്ലെന്ന് ഡോണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അതോടെ അമേരിക്ക എംബിഎസിന്റെ സംരക്ഷകനായി മാറി. ഖശോഗി വധത്തില്‍ പരിക്കേല്‍ക്കാതെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രക്ഷപ്പെട്ടു.
ഖശോഗി വധക്കേസ് പ്രതികളെ സൗദി ഭരണകൂടം കണ്ടെത്തുകയും ശിക്ഷിക്കുകയും പിന്നീട് മാപ്പ് നല്‍കി വിട്ടയയ്ക്കുയും ചെയ്ത നാടകങ്ങള്‍ പിന്നീട് അരങ്ങേറി. ഖശോഗി വധത്തോടെ ക്രൂരതയുടെ പര്യായമായി എംബിഎസ് ലോകരാജ്യങ്ങളില്‍ അറിയപ്പെട്ടു.
2015ല്‍ അബ്ദുള്ള രാജാവിന്റെ മരണത്തെത്തുടര്‍ന്നാണ് സല്‍മാന്‍ രാജാവ് സൗദിയുടെ അധികാരമേല്‍ക്കുന്നത്. അല്‍ സൗദ് രാജകുടുംബത്തിന്റെ പാരമ്പര്യ പ്രകാരം രാജാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് അടുത്ത രാജാവാകുന്നത്. എന്നാല്‍ സല്‍മാന്‍ രാജാവ് അധികാരമേറ്റപ്പോള്‍ അനിയനായ നയ്ഫ് രാജകുമാരനെ ക്രൗണ്‍ പ്രിന്‍സ് ആക്കിയതോടൊപ്പം സല്‍മാന്‍ രാജാവിന്റെ ഏഴാമത്തെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ ഡെപ്യൂട്ടി ക്രൗണ്‍ പ്രിന്‍സും പ്രതിരോധ മന്ത്രിയുമായി അവരോധിച്ചു. കാലക്രമേണ അധികാര ശ്രേണിയില്‍ ക്രൗണ്‍ പ്രിന്‍സിന്റെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കി പ്രിന്‍സ് നയിഫിനെ നിഷ്പ്രഭനാക്കി മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്രൗണ്‍ പ്രിന്‍സായി. ട്രംമ്പുമായുള്ള സൗഹൃദം എംബിഎസിനെ അതിശക്തനാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു.

2015 മാര്‍ച്ച് 26ന് യമന് എതിരെ യുദ്ധം പ്രഖ്യാപിച്ചുകൊണ്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ വരവ് അറിയിച്ചത്. ഷിയ – സുന്നി സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യമാണ് യമന്‍. ഷിയാ തീവ്രവാദ സംഘടനായായ ഹൂതിയ്ക്ക് ഇറാന്‍ സഹായം നല്‍കുന്നുണ്ടായിരുന്നു. യമനിലെ വലിയൊരു പ്രദേശം ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹൂതികളെ അമര്‍ച്ച ചെയ്യുന്നതിനായി യുദ്ധം ആരംഭിച്ചു. ഏഴ് വര്‍ഷത്തോളം യുദ്ധം തുടര്‍ന്നു. യമനിന്റെ സ്ഥിതി അതീവ ദയനീയമായി. ഇന്ന് പട്ടിണിയും രോഗങ്ങളും ദുരിതങ്ങളുമായി അവിടുത്തുക്കാര്‍ കഷ്ടപ്പെടുന്നു.
ഖത്തറുമായുള്ള നയതന്ത്രത്തില്‍ വിള്ളലുകള്‍ വീഴുകയും ഖത്തറിനെതിരെ സൗദി ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത് മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇടപെടല്‍ മൂലമാണ്. സൗദി സന്ദര്‍ശനത്തിനെത്തിയ ലബനോന്‍ പ്രധാനമന്ത്രി സാത് ഹരീരിയെ ഭയപ്പെടുത്തി രാജി വയ്പ്പിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരെ തടവിലാക്കിയതുമായി ബന്ധപ്പെട്ട് കാനഡയില്‍ എംബിഎസിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ കാനഡയുമായുള്ള സൗദിയുടെ നയതന്ത്ര യുദ്ധത്തിലേക്ക് നയിച്ചു.
എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്ന നയമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചിരിക്കുന്നത്. സൗദിയില്‍ ഏറ്റവും അധികം വധശിക്ഷ നടപ്പിലാക്കിയത് മുഹമ്മദ് ബിന്‍ സല്‍മാന്‍ ക്രൗണ്‍ പ്രിന്‍സായി അവരോധിക്കപ്പെട്ടശേഷമാണ്. 2017 ഒക്ടോബര്‍ 24ന് സൗദിയിലെ അതിസമ്പന്നരേയും രാജകുടുംബത്തിലെ പ്രമുഖരെയും മതപണ്ഡിത പ്രമുഖരെയും റിയാദിലെ റിറ്റ്സ്‌കാള്‍ട്ടണ്‍ ആംഡംബര ഹോട്ടലില്‍ ഒരു യോഗത്തിനായി വിളിച്ചു ചേര്‍ത്തു. അവിടെ നടന്നത് യോഗമായിരുന്നില്ല, കൂട്ട അറസ്റ്റായിരുന്നു. സൗദിയിലെ ഏറ്റവും ശക്തരായ അഞ്ഞൂറോളം പേര്‍ അന്ന് അറസ്റ്റിലായി. ‘ഗ്രേറ്റ് സൗദി പര്‍ജ്’ എന്ന് ഈ സംഭവം അറിയപ്പെടുന്നു. എംബിഎസിനോട് വിധേയത്വം പ്രഖ്യാപിക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. അതിന് തയ്യാറായവരെ മോചിപ്പിച്ചു. അതിസമ്പന്നര്‍ സമ്പത്തിന്റെ മുക്കാല്‍ പങ്കോളം സൗദി ഭരണകൂടത്തിന് നല്‍കി. വിധേയത്വം പ്രഖ്യാപിക്കാന്‍ കൂട്ടാക്കാത്തവരെ തടവറയിലാക്കി. അന്ന് അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പലരും ഇന്നും തടവറയിലാണ്.
അതിതീവ്രമായ മതനിയമങ്ങള്‍ പലതും മുഹമ്മദ് ബിന്‍ സല്‍മാന്‍ പൊളിച്ചെഴുതി. സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമല്ലാതാക്കി. സ്ത്രീകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കി, സൗദിയില്‍ സിനിമാ തീയറ്ററുകള്‍ ആരംഭിച്ചു. രാജ്യാന്തര മേളകള്‍ സൗദിയില്‍ നടത്തി. ഇതിനെതിരെ ശബ്ദമുയര്‍ത്തുന്ന മതപണ്ഡിതരെ തടവിലാക്കി. ക്രമേണ മതപണ്ഡിതന്മാരും നിശബ്ദരായി.
അതിശക്തനാണെങ്കിലും അധികാര അട്ടിമറി ഭയം എംബിഎസിനെ അലട്ടുന്നുണ്ട്. ട്രംമ്പിന്റെ പരാജയവും അതിന് ആക്കംകൂട്ടി. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായതോടെ വൈറ്റ് ഹൗസിലുള്ള സ്വാധീനം ഏതാണ്ട് പൂര്‍ണമായും മുഹമ്മദ് ബിന്‍ സല്‍മാന് നഷ്ടപ്പെട്ടു. പിന്നീട് ചൈനയുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 2022 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിന്‍ സൗദി അറേബ്യ സന്ദര്‍ശിച്ചു. അതിന്റെ ഭാഗമായി ഇറാനുമായുള്ള നയതന്ത്ര ബന്ധം സൗദി പുനസ്ഥാപിച്ചു.
ഒരുവശത്ത് സ്വേച്ഛാതിപത്യ പ്രവണതകള്‍ അതിതീവ്രതയോടെ പ്രയോഗിക്കുമ്പോഴും മറുവശത്ത് വികസന നായകനെന്ന വാഴ്ത്തലുകളിലൂകളാണ്് എംബിഎസിനെ തേടിയെത്തുന്നത്. സൗദിയിലെ യുവജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതായാണ് മുഹമ്മദ് ബിന്‍ സല്‍മാനുള്ളത്. മതനിയമങ്ങളില്‍ പലതും പരിഷ്‌ക്കരിച്ച് സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുകയും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി തൊഴിലുകള്‍ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന് നവോത്ഥാന നായകന്റെ പരിവേഷമാണുള്ളത്.
എണ്ണ ഉല്‍പാദനം മാത്രം വരുമാനമാര്‍ഗമാക്കിയിരുന്ന സൗദിയുടെ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിന് തുടക്കമിട്ടത് മുഹമ്മദ് ബിന്‍ സല്‍മാനാണ്. സൗദിയിലെ ചുമന്ന നദി തീരത്ത് ഉയര്‍ന്നു വരുന്ന നിയോം സിറ്റി പദ്ധതി നിരവധി സൗദി പൗരന്മാര്‍ക്ക് തൊഴില്‍ നല്‍കുന്നതാണ്. 26,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയായ നിയോം സിറ്റി ഒരുങ്ങുന്നത്. 30 ശതമാനം പണി പൂര്‍ത്തിയാക്കി. ലോകത്തില്‍ ഇത്ര ബൃഹത്തായ സ്മാര്‍ട് സിറ്റി പദ്ധതി ഇതാദ്യമാണ്. ഗ്രീന്‍ എനര്‍ജിയാണ് അവിടെ ഉപയോഗപ്പെടുത്തുന്നത്. റിയാദില്‍ അര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സെന്റര്‍ ആരംഭിച്ചു. അവിടെ അതിസമര്‍ത്ഥരായ 25,000 കൃത്രിമ ബുദ്ധി വിദഗ്ധരെ വിവിധ രാജ്യങ്ങളില്‍ നിന്നായി നിയമിച്ചു. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയിഡ് റോബോട്ടായ സോഫിയയ്ക്ക് സൗദി പൗരത്വം നല്‍കിയിരുന്നു. സൗദി ഇന്നു വരെ കാണാത്ത രീതിയിലാണ് റോഡ്, റെയില്‍ ഗതാഗതം പുരോഗമിക്കുന്നത്. ബ്ലൂ ഹൈഡ്രജന്‍ കയറ്റുമതിയില്‍ മുന്‍പന്തിയിലാണ് സൗദി ഇപ്പോള്‍. സ്‌പേസ് പ്രോജക്ട് ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷം സൗദി അറേബ്യല്‍ നിന്ന് ആദ്യമായൊരു വനിതാ ബഹിരാകാശ സഞ്ചാരി രാജ്യാന്തര സ്പേസ് സ്റ്റേഷനിലെത്തുമെന്നും വാര്‍ത്തകളുണ്ട്. 2030 -ഓടെ സൗദിയെ ലോകത്തിലെ മികച്ച രാജ്യമാക്കി മാറ്റുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
എന്നാല്‍ സൗദി രാജകുടുംബത്തില്‍ നിന്നോ പട്ടാളത്തില്‍ നിന്നോ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഒരു കലാപം പ്രതീക്ഷിക്കാമെന്ന് ചില വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു. എന്നാല്‍ ഇനിയൊരു അട്ടിമറിക്ക് സാധിക്കാത്ത വിധം എംബിഎസ് വളര്‍നെന്നും അത്തരമൊരു സാധ്യതയെ പൂര്‍ണമായും തള്ളികളയാമെന്നും മറ്റുചില നിരീക്ഷകര്‍ പറയുന്നു.