മഴക്കാലം കൊതുകുകളുടെ ഉല്ലാസ കാലമാണ്. എവിടെ തിരിഞ്ഞാലും കൊതുകിന്റെ മൂളക്കം കേള്‍ക്കാം. പാട്ടയിലും ചിരട്ടയിലും ഉപയോഗ ശൂന്യമായ ടയറിലും എന്നു വേണ്ട ഇത്തിരി വെള്ളം കെട്ടിനില്‍ക്കാന്‍ സാഹചര്യമുള്ള എല്ലായിടത്തും അവ മുട്ടയിട്ട് പെരുകും. എന്നാല്‍ കൊതുകുകള്‍ ഇല്ലാത്ത രാജ്യം ഈ ഭൂലോകത്ത് എങ്ങാനും ഉണ്ടാകുമോ? ഇല്ലാ എന്ന് പറയാന്‍ വരട്ടെ, അങ്ങനെ ഒരു രാജ്യമുണ്ട്. യുകെയുടെയും നോര്‍വെയുടെയും വടക്ക് സ്ഥിതി ചെയ്യുന്ന ഐസ്‌ലന്റ് എന്ന രാജ്യത്ത് ഒറ്റ കൊതുകുപോലുമില്ല.
ഐസ്‌ലന്റ് ഒരു ദ്വീപ് രാഷ്ട്രമാണ്. വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യം. അവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ടാണ് അവിടെ കൊതുകുകള്‍ വളരാത്തതെന്ന് ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. ഐസ് ലന്റിലെ മണ്ണിന്റെയും വെള്ളത്തിന്റെയും രാസചേരുവകകളും കൊതുക് പെരുകുന്നത് തടയുന്നു.
ഐസ് ലന്റിന്റെ അതിര്‍ത്തി രാജ്യങ്ങളായ ഡെന്മാര്‍ക്ക്, സ്‌കോട്ട്‌ലന്റ്, ഗ്രീന്‍ലന്റ് എന്നീ രാജ്യങ്ങളില്‍ കൊതുകുകള്‍ യഥേഷ്ടം സൈ്വര്യവിഹാരം നടത്തുന്നു എന്നത് വിരോധാഭാസം. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഐസ്‌ലന്റിലേക്ക് കൊതുകിനെ എത്തിക്കാന്‍ കാരണമായേക്കുമെന്ന് ചില ശാസ്ത്രജ്ഞര്‍ പറയുന്നു.