സാധ്യതകള്‍ കണ്ടറിഞ്ഞ സംരംഭകന്‍


ഭാഷാ പരിശീലന രംഗത്തെ മുന്‍നിരക്കാരായ അജിനോറ ഗ്രൂപ്പിന്റെ ഡയറക്ടര്‍ നോര്‍വിന്‍ ലൂക്കോസിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് കേരളത്തിലെ യുവ ബിസിനസ് സമൂഹം ശ്രവിച്ചത്. സാധാരണ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് സംരംഭക പടവുകള്‍ കയറി എങ്ങനെ ഉന്നതങ്ങള്‍ കീഴടക്കാമെന്നതിന് ഉത്തമോദാഹരണമായിരുന്നു നോര്‍വിന്‍.

കണ്ണൂരിലെ മലയോര കുടിയേറ്റ ഗ്രാമമായ ആലക്കോട് ജനിച്ച് ഇന്ത്യയിലെ തന്നെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കെട്ടിപ്പടുത്ത മികച്ച സംരംഭകനാണ് നോര്‍വിന്‍. ബിസിനസ് പശ്ചാത്തലം ഇല്ലാത്ത കുടുംബത്തിലാണ് ജനിച്ചത് എങ്കിലും അവസരങ്ങള്‍ കണ്ടെത്താനും അത് ഉപയോഗിക്കാനും അദ്ദേഹം മുന്‍പന്തിയിലായിരുന്നു. നഴ്‌സിങ് പഠനത്തിനുശേഷം ഒരു സാധാരണ ജോലിക്കാരനായി ഒതുങ്ങിക്കൂടാന്‍ അദ്ദേഹം തയ്യാറായില്ല.

മലയാളി യുവാക്കളുടെ പാശ്ചാത്യ സ്വപ്നങ്ങളില്‍ അദ്ദേഹം വലിയൊരു സാധ്യത കണ്ടു. 2013ല്‍ തന്റെ ഇരുപത്തി നാലാം വയസില്‍ അജിനോറ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനായി സംരംഭക ലോകത്തേക്ക് കടക്കുമ്പോള്‍ ബിസിനസ് സാധ്യതകളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനുള്ള നോര്‍വിന്റെ കഴിവ് തെളിയിക്കപ്പെടുകയായിരുന്നു.

പിന്നീടുള്ള വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച നേടാന്‍ അജിനോറയ്ക്കായി. നിലവില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സി ബിസിനസ് സംരംഭമാണ് അജിനോറ. ഇന്ത്യയില്‍ അമ്പതിലധികം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഗള്‍ഫ്, രാജ്യങ്ങള്‍ യൂറോപ്പ് എന്നിവിടങ്ങളിലായി നിരവധി ശാഖകളും ഈ സ്ഥാപനത്തിനുണ്ട്. അജിനോറ വഴി തങ്ങളുടെ പാശ്ചാത്യ സ്വപ്നങ്ങള്‍ നേടിയെടുത്തത് ലക്ഷക്കണക്കിന് യുവജനങ്ങളാണ്.

നിനച്ചിരിക്കാതെയെത്തിയ ബ്രെയ്ന്‍ ട്യൂമറാണ് 34-ാം വയസില്‍നോര്‍വിന്റെ ജീവന്‍ അപഹരിച്ചത്. ആലക്കോട് എന്ന കുടിയേറ്റ ഗ്രാമത്തിന് ഈ വേര്‍പാട് തീരാനഷ്ടമാണ്. നോര്‍വിന്റെ ഓര്‍മ്മകള്‍ അജിനോറ എന്ന സ്ഥാപനത്തിനൊപ്പം ഉയര്‍ന്നു നില്‍ക്കും. അജിനോറയിലെ ‘നോ’ നോര്‍വിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കും.

(PSC Talks-ന്റെ പ്രൊജക്ട് ഹെഡാണ് ലേഖകന്‍)


Leave a Reply

Your email address will not be published. Required fields are marked *