യുകെ നഴ്‌സുമാര്‍ക്ക് ദുരിതങ്ങളുടെ പെരുമഴക്കാലം


ബ്രിട്ടണ്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത സമര പരമ്പരകളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. നഴ്‌സുമാരുടെ ശക്തമായ സമരം ബ്രിട്ടന്റെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. അഞ്ചു ലക്ഷം നഴ്‌സുമാരാണ് സമരമുഖത്തുള്ളത്.

ബ്രിട്ടണില്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന നഴ്‌സുമാര്‍.
ചിത്രത്തിന് കടപ്പാട് GettyImage

ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് തുടങ്ങിയിട്ട് 75 വര്‍ഷം പൂര്‍ത്തിയായി. ഇക്കാലയളവിനിടെ ആദ്യമായാണ് ഇത്ര ശക്തമായ സമരത്തിന് നഴ്‌സുമാര്‍ നേതൃത്വം നല്‍കുന്നത്. അംബുലന്‍സ് ജോലിക്കാരും ഫിസിയോതെറാപ്പിസ്റ്റുകളും സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു വര്‍ഷമായി വര്‍ദ്ധിച്ചു വരുന്ന നാണയപ്പെരുപ്പമാണ് നഴ്‌സുമാരെ സമരമുഖത്ത് എത്തിച്ചത്. നാണയപ്പെരുപ്പം 10 ശതമാനം കടന്നതോടെ ജീവിതച്ചെലവ് ഏറുകയും നഴ്‌സുമാര്‍ക്ക് തങ്ങളുടെ ശമ്പളം ഒന്നിനും തികയാതെയുമായി. 2500 പൗണ്ടാണ് തുടക്കക്കാരായ നഴ്‌സുമാര്‍ക്ക് ബ്രിട്ടണില്‍ ലഭിക്കുന്ന ശമ്പളം. ഇത് ഏതാണ് രണ്ടര ലക്ഷം രൂപയോളം വരും. ജീവിതച്ചെലവുകള്‍ അതിരൂക്ഷമായതോടെ ശമ്പളം ഒന്നിനും തികയാത്ത അവസ്ഥയാണെന്ന് നഴ്‌സുമാര്‍ പറയുന്നു.

കുറഞ്ഞത് 5 ശതമാനമെങ്കിലും ശമ്പള വര്‍ദ്ധന നടപ്പിലാക്കണമെന്ന് നഴ്‌സുമാര്‍ നിരവധി തവണ ആവശ്യമുന്നയിച്ചെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല. ശമ്പളം ഒരു ശതമാനം വര്‍ധിപ്പിച്ചാല്‍ പോലും, അത് 700 മില്യണ്‍ പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വാദം.

ഏറ്റവും വലിയ റവന്യൂ കമ്മി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇംഗ്ലണ്ട്. സമരക്കാരുടെ ആവശ്യമായ അഞ്ച് ശതമാനം വര്‍ദ്ധന മൂന്നര ബില്യണ്‍ പൗണ്ടിന്റെ ബാധ്യത വരുത്തി വയ്ക്കുമെന്നും ഭാവിയില്‍ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ പ്രതിനിധികള്‍ പറയുന്നു. പ്രധാനമന്ത്രി ഋഷി സുനകും ആരോഗ്യ മന്ത്രിയുമെല്ലാം ഇത് ആവര്‍ത്തിക്കുന്നു.

ചിത്രം പിഎന്‍ജിവിങ് വെബ്‌സൈറ്റില്‍ നിന്നും

കോവിഡ് കാലത്തോടെയാണ് യുകെ നഴ്‌സുമാരുടെ ദുരിത പെരുമഴ ആരംഭിക്കുന്നത്. ബ്രെക്‌സിറ്റ് വന്നതോടെ യൂറോപ്യന്‍ യൂണിയനിലെ നിരവധി നഴ്‌സുമാര്‍ ജോലി ഉപേക്ഷിച്ച് യുകെ വിട്ടിരുന്നു. കോവിഡ് ആരംഭിച്ചതോടെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമായി. നിലവിലുള്ളവര്‍ക്ക് ജോലി ഭാരം വര്‍ധിച്ചു. ഇതോടെ കുറേ പേര്‍ നഴ്‌സിങ് പ്രഫഷന്‍ മതിയാക്കി മറ്റു ജോലികള്‍ തേടി പോയി. ചിലര്‍ ജോലിയില്‍ നിന്ന് നേരത്തെ വിരമിച്ചു. അതോടെ നഴ്‌സുമാരുടെ ക്ഷാമം അതിരൂക്ഷമായി.

വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് ഒഴിവുകള്‍ നികത്താമെന്ന ധാരണയില്‍ ഇന്ത്യ, ഫിലിപ്പീന്‍സ്, നൈജീരിയ, ഘാന, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ റിക്രൂട്ട്‌മെന്റ് ക്യാമ്പുകള്‍ നടന്നു. എന്നാല്‍ അയര്‍ലന്‍ഡ്, ജര്‍മ്മനി, അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും നഴ്‌സുമാരെ തേടി വികസ്വര രാജ്യങ്ങളിലേക്കെത്തിയതോടെ അതൊരു മത്സരത്തിനാണ് വഴിവച്ചത്. കൂടാതെ ഇംഗ്ലണ്ടിലെ മുതിര്‍ന്ന നഴ്‌സുമാരും കൂടുതല്‍ ശമ്പളം ലക്ഷ്യമാക്കി മറ്റു രാജ്യങ്ങളിലേക്ക് ജോലിക്കായി പോകാന്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നും ഇംഗ്ലണ്ടിലെത്തിയ നഴ്‌സുമാര്‍ പോലും സാമ്പത്തിക സുരക്ഷ നല്‍കുന്ന മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോള്‍.

ഇംഗ്ലണ്ടിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി നേടുന്ന നഴ്‌സുമാരെ കാത്തിരിക്കുന്നത് ദീര്‍ഘ സമയ ജോലിയും കുറഞ്ഞ ശമ്പളവുമാണ്.

ചിത്രം പിഎന്‍ജിവിങ് വെബ്‌സൈറ്റില്‍ നിന്നും

Leave a Reply

Your email address will not be published. Required fields are marked *